ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതോടെ തമിഴ്‌നാട്ടില്‍ ഒരു യുവാവ് കൂടി ആത്മഹത്യ ചെയ്തു. തിരുച്ചിറപ്പള്ളി സ്വദേശി മുകിലനാണ് ആത്മഹത്യ ചെയ്തത്.
ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കണമെന്ന ശബ്ദസന്ദേശം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും അയച്ച ശേഷമാണ് മുകില്‍ ആത്മഹത്യ ചെയ്തത്.
ലോക്ക്ഡൗണ്‍ സമയത്ത് നിരവധി ഓണ്‍ലൈന്‍ ചുതാട്ടങ്ങളില്‍ മുകില്‍ അഡിക്റ്റായിരുന്നു. ഇതോടെ 9 ലക്ഷം രൂപയോളമാണ് മുകിലിന് കടക്കെണിയായത്.
റമ്മി ഉള്‍പ്പടെയുള്ള കളികളില്‍ നിന്നു ചെറിയ രീതിയില്‍ മുകിലിന് പണം ലഭിച്ചിരുന്നു. പിന്നീട് സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയായിരുന്നു കളിക്കാന്‍ തുടങ്ങിയത്.
തന്റെ ദയനീയാവസ്ഥ വിവരിച്ച് സഹോദരന് മുകില്‍ വാട്ട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. താന്‍ പോകുകയാണെന്നും അമ്മയെ നോക്കണമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.
തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും മുകിലിനെ കണ്ടെത്താനായില്ല. പിറ്റേന്ന് രാവിലെയാണ് പ്രദേശത്തെ നദിക്കരയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് മൂന്നാമത്തെയാളാണ് തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടം മൂലം കടക്കെണിയിലായി ആത്മഹത്യ ചെയ്തത്.