| Sunday, 4th September 2022, 9:01 am

'കാര്‍ സമ്മാനമായി ലഭിച്ചെന്ന് വിശ്വസിപ്പിച്ചു'; ഓണ്‍ലൈന്‍ നറുക്കെടുപ്പിന്റെ പേരില്‍ 12 ലക്ഷം കവര്‍ന്ന സംഘം പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: ഓണ്‍ലൈന്‍ നറുക്കെടുപ്പില്‍ കാര്‍ സമ്മാനമായി ലഭിച്ചെന്ന് വിശ്വസിപ്പിച്ച് വയനാട് വൈത്തിരി സ്വദേശിയില്‍നിന്ന് 12 ലക്ഷത്തോളം രൂപ തട്ടിയ മലയാളികളടങ്ങുന്ന അന്തര്‍ സംസ്ഥാന സംഘം പിടിയില്‍. ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ ‘മീശോ’യുടെ നറുക്കെടുപ്പില്‍ കാര്‍ സമ്മാനമായി ലഭിച്ചെന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ പണം തട്ടിയത്.

കാള്‍ സെന്റര്‍ നടത്തിപ്പുകാരായ ബിഹാര്‍ സ്വദേശി സിന്റു ശര്‍മ (31), തമിഴ്‌നാട് സേലം സ്വദേശി അമന്‍ (19), എറണാകുളം സ്വദേശിയും ദല്‍ഹിയില്‍ സ്ഥിരതാമസക്കാരനുമായ അഭിഷേക് (24), പത്തനംതിട്ട സ്വദേശിയും ദല്‍ഹിയില്‍ സ്ഥിരതാമസക്കാരനുമായ പ്രവീണ്‍ (24) എന്നിവരാണ് പിടിയിലായത്. പ്രതികളെ കല്‍പ്പറ്റ സി.ജെ.എം കോടതി റിമാന്‍ഡ് ചെയ്തു.

‘മീശോ’യില്‍നിന്ന് വൈത്തിരി സ്വദേശി സാധനങ്ങള്‍ വാങ്ങിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കകം ഇദ്ദേഹത്തിന് കാര്‍ സമ്മാനം ലഭിച്ചെന്ന് അറിയിച്ച് മീശോയുടെ കസ്റ്റമര്‍ കെയറില്‍നിന്നാണെന്ന വ്യാജേന വിളിക്കുകയായിരുന്നു. തുടര്‍ന്ന് വിവിധ ഫീസ് ഇനത്തിലെന്ന് വിശ്വസിപ്പിച്ച് 12 ലക്ഷത്തോളം രൂപ സംഘം തട്ടിയെടുത്തു.

ദല്‍ഹിയിലെ കാള്‍ സെന്ററില്‍ പതിനഞ്ചോളം വനിതകളെ ജോലിക്കാരായി നിര്‍ത്തിയാണ് സംഘം തട്ടിപ്പ് നടത്തുന്നത്. കേരളത്തിലടക്കം നിരവധിയാളുകളെ പ്രതികള്‍ ഇരയാക്കിയതായി പൊലീസ് സംശയിക്കുന്നു. സംഘത്തിനെതിരെ പാലക്കാട് ജില്ലയില്‍ രണ്ട് കേസും മറ്റ് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ പരാതികളുമുണ്ട്.

തട്ടിപ്പുകേന്ദ്രത്തില്‍നിന്ന് ഇരകളെ വിളിക്കാന്‍ ഉപയോഗിക്കുന്ന 32 മൊബൈല്‍ ഫോണുകളും വിവിധ ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനികളില്‍നിന്ന് പ്രതികള്‍ നിയമവിരുദ്ധ മാര്‍ഗത്തിലൂടെ സംഘടിപ്പിച്ച ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ അടങ്ങിയ രേഖകളും പൊലീസ് പിടിച്ചെടുത്തു.

തട്ടിപ്പ് കേന്ദ്രമാണ് എന്നറിയാതെ അവിടെ ജോലി ചെയ്തിരുന്ന 15 സ്ത്രീകളെ, ആവശ്യപ്പെടുന്ന സമയത്ത് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയില്‍ വിട്ടയച്ചതായി പൊലീസ് പറഞ്ഞു. തട്ടിപ്പ് കേന്ദ്രത്തിന്റെ മറ്റ് നടത്തിപ്പുകാരായ ബിഹാര്‍ സ്വദേശികളായ രോഹിത്, അവിനാശ് എന്നിവരെ പിടികൂടാന്‍ അന്വേഷണം ശക്തമാക്കിയതായി പൊലീസ് വ്യക്തമാക്കി.

സംഘത്തിന് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ലഭിച്ചത് എങ്ങനെയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനികളില്‍നിന്ന് ഇത്തരം സമ്മാനം ലഭിച്ചെന്ന തരത്തില്‍ വരുന്ന സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്ന് പൊലീസ് അറിയിച്ചു.

Content Highlight: Online fraud under the guise of a call center; Gang arrested for robbing 12 lakhs

We use cookies to give you the best possible experience. Learn more