ന്യൂദല്‍ഹി: നവരാത്രിയുടെ ഭാഗമായി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ നടത്തിയ ഉത്സവ വില്‍പ്പനയില്‍ റെക്കേര്‍ഡ് നേട്ടം. ഓരോ മണിക്കൂറിലും 68 കോടി രൂപയുടെ സ്മാര്‍ട്ട്‌ഫോണുകളാണ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
32000 കോടി രൂപയുടെ സാധനങ്ങളാണ് ഇന്ത്യക്കാര്‍ ആകെ വാങ്ങിയത്. ഇത്തവണത്തെ മെഗാ സെയ്‌ലില്‍ ആമസോണിനെ മറികടന്ന് ഫ്‌ളിപ്പ്കാര്‍ട്ട് വിപണി വിഹിതത്തിന്റെ 64 ശതമാനവും നേടി.
റെഡ്സീര്‍ ഏജന്‍സിയാണ് ഇതേക്കുറിച്ചുള്ള കണക്കുകള്‍ പുറത്തുവിട്ടത്. 9 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ വിറ്റുപോകുമെന്ന് നേരത്തെ തന്നെ റെഡ്സീര്‍ പറഞ്ഞിരുന്നു. റെഡ്‌സീറിന്റെ ഈ റിപ്പോര്‍ട്ട് ശരിയാകുന്നതാണ് വിപണിയില്‍ നിന്നുള്ള വിവരങ്ങള്‍ നല്‍കുന്നത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 32 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ കാലത്ത് കമ്പനികളുടെയാകെ വില്‍പ്പനയിലുണ്ടായിരിക്കുന്നത്. സാധനങ്ങള്‍ വാങ്ങിയ ആളുകളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനവുണ്ടാവുന്നുണ്ട്. ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ ആളുകളില്‍ 61 ശതമാനം പേരും നഗരങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.
2020ല്‍ ഒരു ഉപഭോക്താവ് ശരാശരി 4,980 രൂപയുടെ സാധനങ്ങളാണ് വാങ്ങിയിരുന്നതെങ്കില്‍ ഇത്തവണ അത് 5034 രൂപയാണ്. അതിവേഗ ഡെലിവറിയാണ് ഇക്കുറിയുണ്ടായ വലിയ സ്വീകാര്യതയുടെ കാരണം എന്നാണ് വിലയിരുത്തല്‍. മുന്‍പ് ഒരു ഉല്‍പ്പന്നത്തിന്റെ ഡെലിവറിക്ക് ആവശ്യമായ സമയത്തില്‍ നിന്ന് അഞ്ച് മണിക്കൂര്‍ മുന്‍പ് തന്നെ ഉല്‍പ്പന്നം ഉപഭോക്താവിന്റെ അടുക്കല്‍ ഇപ്പോഴെത്തുന്നുണ്ട്.