| Saturday, 13th June 2020, 11:40 am

ഉന്നതവിദ്യാഭ്യാസരംഗത്തെ അപ്രഖ്യാപിത നിയമന നിരോധനം: കച്ചവടവിദ്യാഭ്യാസത്തിന്റെ ചൂളംവിളി ഉയരുന്നു

അലീന.എസ്

ലോക്ഡൗണ്‍ കാലം കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗം അസാധാരണമായ ചില ചുവടുമാറ്റങ്ങള്‍ക്ക് സാക്ഷിയായി. കൊറോണക്കാലത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാനെന്ന പേരില്‍ ഏപ്രില്‍ ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവാണ് ആദ്യത്തേത്. ഈ ഉത്തരവ് പ്രകാരം ഇനിമുതല്‍ പതിനാറു മണിക്കൂര്‍ അധ്യാപനം ആഴ്ചയിലുണ്ടെങ്കില്‍ മാത്രമേ പുതിയ തസ്തികകള്‍ ഉണ്ടാവുകയുള്ളൂ.

പതിനാറു മണിക്കൂര്‍ അധ്യാപനത്തിനു ഒരു തസ്തിക, അധികമായി വരുന്ന ഒന്‍പത് മണിക്കൂറിനു വീണ്ടുമൊരു തസ്തികയെന്നതായിരുന്നു നിലവിലുണ്ടായിരുന്ന രീതി. മാത്രമല്ല പി.ജി ക്ലാസുകളില്‍ ഒരു മണിക്കൂര്‍ അധ്യാപനം ഒന്നരമണിക്കൂറായി (1:1.5) കണക്കാക്കുന്ന വിധത്തില്‍ കാലങ്ങളായി നിന്നിരുന്ന വെയ്‌റ്റേജ് സമ്പ്രദായം ഇല്ലാതാക്കി.

ഇതോടെ നിലനില്‍ക്കുന്ന അധ്യാപകര്‍ തന്നെ സൂപ്പര്‍ ന്യൂമറേറ്റഡാകുകയും ഏകദേശം പത്തു വര്‍ഷത്തേക്ക് പുതിയ നിയമനമുണ്ടാകില്ലായെന്ന സാഹചര്യമുണ്ടാവുകയും ചെയ്യും. ഏകാധ്യാപക ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഇല്ലാതാക്കാനും ഈ ഉത്തരവ് വഴി തെളിക്കുമെന്നതിനാല്‍ ഭാഷാ-മാനവിക വിഷയങ്ങളുടെ നിലനില്‍പ്പിനെ തന്നെ ഇത് ചോദ്യം ചെയ്യും.

അധ്യാപകരുടെ ജോലി സമയം ആഴ്ചയില്‍ പതിനാറു മണിക്കൂര്‍ മാത്രമാണെന്ന വസ്തുതാവിരുദ്ധമായ പ്രചരണം അഴിച്ചുവിട്ടുകൊണ്ടാണ് ഈ ഉത്തരവ് നിലവില്‍ വന്നിരിക്കുന്നത്. എന്നാല്‍ ഔദ്യോഗിക രേഖകള്‍ പ്രകാരം തന്നെ, ലാബ്, ഡസേര്‍ട്ടേഷന്‍-പ്രോജക്ട് ഗൈഡന്‍സ്, ഇന്റേണല്‍-എക്‌സ്റ്റേണല്‍ മൂല്യനിര്‍ണയം തുടങ്ങിയ ജോലികള്‍ ഉള്‍പ്പടെ ആഴ്ചയില്‍ നാല്‍പ്പതു മണിക്കൂറാണ് അധ്യാപകരുടെ ജോലിസമയം.

മാത്രമല്ല പുതിയ സ്ഥിരാധ്യാപകര്‍ ഇല്ലാതാകുന്നതോടെ ഗവേഷണമാര്‍ഗ്ഗദര്‍ശികളുടെ എണ്ണത്തിലും പ്രകടമായ കുറവ് വരും. ക്രമേണ ഗവേഷണസാധ്യതകള്‍, പുതിയ ഗവേഷകര്‍ എന്നിവരില്ലാതെയാകും. അതായത് വിജ്ഞാനോല്‍പ്പാദനത്തിന്റേയും പ്രസരണത്തിന്റേതുമായ ഈ മേഖല അനിശ്ചിതകാല ലോക്ഡൗണിലേക്ക് കടക്കുന്നതിനു കാരണമാകും ഈ ഉത്തരവ്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസമെന്ന ഡിജിറ്റല്‍ വ്യവസായം

കൊവിഡിനോടൊപ്പം ഗതിവേഗം കൂടിയ ഒന്നാണ് ഔപചാരിക വിദ്യാഭ്യാസത്തെ തകിടം മറിച്ചുകൊണ്ടുളള ഓണ്‍ലൈന്‍ വിദ്യാഭ്യാസക്രമം. ഇത് കേവലം കോവിഡ് കാലത്തെ പ്രതിഭാസമല്ല. രാഷ്ട്രീയ ഉച്ഛതാര്‍ ശിക്ഷാ അഭിയാന്‍ ( RUSA) പ്രോജക്ടിന്‌ടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ MOOC ( Massive Open Online Couses), വിര്‍ച്വല്‍ യൂണിവേഴ്‌സിറ്റി എന്നീ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംവിധാനങ്ങള്‍ നിലവില്‍ വന്നിരുന്നു.

എന്നാല്‍ നിലനില്‍ക്കുന്ന ഔപചാരികമായി വിദ്യാഭ്യാസത്തിന് ബദലായി ചുവടുറപ്പിക്കുവാന്‍ നിലനിന്നിരുന്ന ജനാധിപത്യ സംവിധാനങ്ങള്‍ക്കുള്ളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനാകുമായിരുന്നില്ല. മറ്റെല്ലാ ജനവിരുദ്ധ കോര്‍പ്പറേറ്റ് നയങ്ങളെന്ന പോലെ, കൊവിഡ് കാലം ഒരുപാധിയായി മാറ്റുകയായിരുന്നു ഓണ്‍ലൈന്‍ വിദ്യാഭ്യാസവും.

കൊവിഡാനന്തര ഘട്ടത്തിലും ഇരുപത്തിയഞ്ച് ശതമാനം ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴിയാകണമെന്ന് യു.ജി.സി സര്‍വകലാശാലകളോട് ശുപാര്‍ശ ചെയ്തു. ഈ ചുവടു പിടിച്ചുകൊണ്ട്, സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ തേടുന്നത് വഴി മൂന്നിലൊന്ന് ശതമാനം അധ്യാപക തസ്തികകള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തി!

ഭാഷാ-മാനവിക വിഷയങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്കും ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍ കൂടുതല്‍ വിപണി മൂല്യമുളള സംവിധാനങ്ങളായും മാറ്റാമെന്ന പദ്ധതിയും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ കൊവിഡാനന്തര വിദ്യാഭ്യാസ ചിന്തകളെന്ന രേഖ പ്രഖ്യാപിക്കുന്നു.

അതായത് താരതമ്യേന മുതല്‍മുടക്ക് കുറഞ്ഞ ഒരു വ്യവസായസംരഭമായാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ചുവടുറപ്പിക്കുന്നത്. ക്ലാസ് മുറികളോ, ലൈബ്രറിയോ, അക്കാദമിക് കൗണ്‍സിലോയൊന്നും വേണ്ട; സ്ഥിരാധ്യാപകര്‍ വേണ്ടേ വേണ്ട. വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഡിസൈന്‍ ചെയ്ത അവതരിപ്പിക്കുന്ന കോഴ്‌സുകളില്‍, കരാര്‍ അധ്യാപകരുടെ ആവശ്യം മാത്രമേയുള്ളൂ. അതുകൊണ്ട്, തൊഴില്‍ അവകാശങ്ങളും ജനാധിപത്യ ബോധ്യവുമുളള അധ്യാപനസങ്കല്‍പ്പത്തിന്‌ടെ കടയ്ക്കല്‍ തന്നെ ആദ്യം കത്തിവെയ്ക്കുകയെന്നത് പ്രാരംഭ ചുവടുവെയ്പ്പാണ്.

സമയമാറ്റം

കൊവിഡിന്‌ടെ പേരില്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കപ്പെട്ട ഒന്നാണ് 8.30 മുതല്‍ 1.30വരെയെന്ന വിധത്തിലുള്ള സമയമാറ്റം. കൊവിഡിനു മുന്‍പ്, ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ തന്നെ നമ്മുടെ ഉന്നതവിദ്യാഭ്യാസ മന്ത്രി സമയമാറ്റത്തെ കുറിച്ച് വാചാലനായിരുന്നുവെന്ന് അന്നത്തെ മാധ്യമങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കുമ്പോള്‍ തന്നെ തൊഴിലെടുക്കാനും അവസരം നല്‍കുന്ന വിപ്ലവകരമായ തീരുമാനമെന്നാണ് പ്രചരണമെങ്കിലും വസ്തുത മറ്റൊന്നാണ്.

കോളെജുകളുടെയും സര്‍വകലാശാലകളുടെയും വിപുലമായ സംവിധാനങ്ങള്‍ ഉച്ചയ്ക്ക് ശേഷം കച്ചവടകോഴ്‌സുകള്‍ക്കായി ഉപയോഗിക്കാമെന്നതാണ് ഒരു ലക്ഷ്യം. മറുവശത്ത്, ‘ ഏണ്‍ വൈല്‍ യു ലേണ്‍’ എന്ന പേരില്‍ വിദ്യാര്‍ത്ഥികളെ ഒരു വലിയ തൊഴില്‍ശക്തിയായി വിപണിക്ക് വിട്ടുകൊടുക്കാം.

വിദ്യാര്‍ത്ഥികളുടെ ഈ തൊഴില്‍സേനയ്ക്ക് സ്വാഭാവികമായും നിലനില്‍ക്കുന്ന ട്രേഡ് യൂണിയന്‍ നിയമങ്ങള്‍ ബാധകമാകില്ല. പ്രത്യേകമായ തൊഴില്‍ അവകാശങ്ങളും ഉണ്ടാകില്ല. ഉന്നതബിരുദങ്ങള്‍ നേടി തൊഴില്‍ അന്വേഷിച്ചു നടക്കുന്ന വലിയൊരു വിഭാഗത്തിന് തൊഴില്‍ നിഷേധിക്കുകയും വിദ്യാര്‍ത്ഥികളെ കൊണ്ട് പണിയെടുപ്പിക്കുകയും ചെയ്യുന്ന ഈ നയങ്ങളുടെ ജനാധിപത്യവിരുദ്ധമായ സ്വഭാവം പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാണ്.

കൂടാതെ, വരുമാനമുണ്ടെന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിവരുന്ന ഫെലോഷിപ്പ്, സ്‌കോളര്‍ഷിപ്പ്, സ്‌റ്റൈപ്പന്റ് തുടങ്ങിയവ ക്രമേണ അവസാനിപ്പിക്കുകയും ചെയ്യാം.

പുതിയ ദേശീയവിദ്യാഭ്യാസത്തിന്റെ പശ്ചാത്തലം

കൊവിഡ് പ്രതിസന്ധിയുടെ മറവിലാണ് ഈ മാറ്റങ്ങളെല്ലാം വിദ്യാഭ്യാസരംഗത്ത് അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ 2019ല്‍ പുറത്തു വന്ന പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്റെ കരട് പരിശോധിച്ചാല്‍ ഈ ഉത്തരവുകളുടെ പശ്ചാത്തലം വ്യക്തമാകും. വിദ്യാഭ്യാസത്തിന്റെ സമ്പൂര്‍ണ്ണമായ വാണിജ്യവത്കരണമാണ് പുതിയ ദേശീയ വിദ്യാഭ്യാസനയം ലക്ഷ്യം വെയ്ക്കുന്നതെന്ന് രാജ്യത്തെ വിദ്യാഭ്യാസസ്‌നേഹികളും ബുദ്ധിജീവികളും അധ്യാപക-വിദ്യാര്‍ത്ഥി സമൂഹവും വിലയിരുത്തിയിട്ടുണ്ട്.

സ്ഥിരാധ്യാപക നിയമനമൊഴിവാക്കിക്കൊണ്ട് ക്ലാസ്‌റൂം മാനേജ്‌മെന്റിന് കരാര്‍ അടിസ്ഥാനത്തില്‍ വനിതാ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിക്കുകയെന്ന ആശയം ദേശീയ വിദ്യാഭ്യാസ നയം അവതരിപ്പിക്കുന്നുണ്ട്. സ്ഥിരനിയമനം വേണ്ട, അഞ്ച് വര്‍ഷത്തെ കരാര്‍ നിയമനമെന്ന ശുപാര്‍ശ വളരെ മുന്‍പ് തന്നെ നീതി ആയോഗ് മുന്നോട്ടു വെച്ചിരുന്നു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസക്രമത്തിലൂടെ വിദ്യാഭ്യാസത്തിന്റെ നടത്തിപ്പ് ചെലവ് കുറയ്ക്കാമെന്നതും അക്കാദമി-ഇന്‍ഡസ്ട്രി സംയോജനവുമെല്ലാം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങളാണ്. വിദ്യാര്‍ത്ഥികള്‍ക്കു തൊഴിലെടുക്കാനും വിദ്യാഭ്യാസവായ്പകള്‍ക്കും അവസരമൊരുക്കി, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ എന്ന പേരില്‍ സര്‍ക്കാര്‍ വഹിക്കുന്ന ചെലവ് ഒഴിവാക്കാനും കരട് നയം അഭിപ്രായപ്പെടുന്നുണ്ട്. യുജിസി ഇല്ലാതാക്കാനുളള നീക്കം ഉന്നത വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നതിന്‌ടെ ആദ്യലക്ഷണമായിരുന്നു.

മാത്രമല്ല നിലനില്‍ക്കുന്ന ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജുകള്‍ക്ക് കൂടി അക്കാദമികവും സാമ്പത്തികവും ഭരണപരവുമായ സ്വയംഭരണാവകാശം നല്‍കിക്കൊണ്ട് 2030 തോടുകൂടി വിദ്യാഭ്യാസരംഗത്ത് നിന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റം പൂര്‍ത്തിയാക്കാനും ദേശീയ വിദ്യാഭ്യാസനയം പറയുന്നു.

കച്ചവടവിദ്യാഭ്യാസത്തില്‍ സാമൂഹ്യനീതിയുണ്ടാവില്ല

ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറ്റിക്കൊണ്ട് സമ്പൂര്‍ണ്ണ കച്ചവടവത്ക്കരണത്തിലേക്കുളള പാതയിലാണ് നമ്മുടെ വിദ്യാഭ്യാസരംഗം. ഈയൊരു ചുവടുമാറ്റത്തിന് കളമൊരുക്കുന്നതാണ് സ്ഥിരാധ്യാപക തസ്തികകള്‍ ഇല്ലാതാക്കുന്ന ഏപ്രില്‍ ഒന്നിന്റെ ഉത്തരവ് എന്ന് പറയാതെ വയ്യ.

തൊഴിലില്ലായ്മ രാജ്യത്തെ ഏറ്റവും വലിയ പ്രതിസന്ധിയായി നില്‍ക്കുമ്പോള്‍ ഉന്നതബിരുദധാരികളായ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ ഭാവി ഇരുട്ടിലാക്കിക്കൊണ്ട് നിലവില്‍ വന്ന ഈ ഉത്തരവ് ഗുരുതരമായ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുവെന്ന് സാരം. സമ്പൂര്‍ണ്ണമായി വാണിജ്യവത്ക്കരിക്കപ്പെടുന്ന ഈ വിദ്യാഭ്യാസക്രമത്തില്‍ സാധാരണക്കാരന് സ്ഥാനമുണ്ടാകില്ല; സാമൂഹ്യ നീതിയോ സംവരണമോ നിലനില്‍ക്കുന്ന നിയമങ്ങളോയെന്നും ബാധകമാകില്ല.

വിദേശത്തും സ്വദേശത്തുമുളള വിദ്യാഭ്യാസ മേഖലയില്‍ മുതല്‍ മുടക്കുവാന്‍ താത്പ്പര്യമുളളവര്‍ക്ക് യഥേഷ്ടം ഉപയോഗിക്കാവുന്ന സ്വതന്ത്ര മാര്‍ക്കറ്റായി നമ്മുടെ വിദ്യാഭ്യാസരംഗം മാറുന്നതിന്റെ സൂചനയാണ് ഏപ്രില്‍ ഒന്നിന്റെ ഉത്തരവ്. അതുകൊണ്ട് തന്നെ ഈ ഉത്തരവ് പിന്‍വലിക്കുകയെന്നത് വിദ്യാഭ്യാസകേരളത്തിന്റെ ആവശ്യമാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അലീന.എസ്

കണ്‍വീനര്‍, യുണൈറ്റഡ് ആക്ഷന്‍ ഫോറം ടു പ്രൊട്ടക്റ്റ് കൊളിജിയേറ്റ് എജ്യുക്കേഷന്‍

We use cookies to give you the best possible experience. Learn more