തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ പഠനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നു. തിങ്കളാഴ്ച മുതലാണ് ക്ലാസുകള്‍ ആരംഭിക്കുകയെന്ന് വിക്ടേഴ്‌സ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് അറിയിച്ചു.
ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാവാത്ത രണ്ടരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തുണ്ടെന്ന് നേരത്തെ എസ്.എസ്.കെയുടെ പഠനങ്ങളില്‍ വ്യക്തമായിരുന്നു. അതുകൊണ്ട് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ സംവിധാനത്തിനുള്ള സാഹചര്യമൊരുക്കാനായി ഒരാഴ്ച സമയം അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.
ഇതേതുടര്‍ന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയും സന്നദ്ധ സംഘടനകള്‍ വഴിയും പരമാവധി പേര്‍ക്ക് സൗകര്യം ഉറപ്പാക്കാന്‍ സാധിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ടം ആരംഭിക്കാനൊരുങ്ങുന്നതെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു.
ജൂണ്‍ ഒന്നു മുതലാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ ആയി ക്ലാസുകള്‍ ആരംഭിച്ചത്. ആദ്യ ഒരാഴ്ച ഒരേ പാഠ ഭാഗങ്ങള്‍ തന്നെയാണ് വിക്ടേഴ്‌സ് ചാനല്‍ വഴി കാണിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ ട്രയല്‍ ആണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
നിലവില്‍ ടിവി ഇല്ലാത്ത 4000 വീടുകള്‍ ഉണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. രണ്ടു ദിവസം കൊണ്ട് ഇത്രയും പേര്‍ക്കും ടിവി എത്തിക്കുമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഭാഷാ ക്ലാസുകളായ അറബി, ഉറുദു, സംസ്‌കൃതം എന്നീ ക്ലാസുകളും തിങ്കളാഴ്ച ആരംഭിക്കും. നേരത്തെ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം തന്നെയായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക.
കൈറ്റ് വിക്ടേഴ്‌സ് ചാനലിന് പുറമെ ഫേസ്ബുക്കില്‍ victerseduchannel ല്‍ ലൈവായും യുടൂബില്‍ itsvicters വഴിയും ക്ലാസുകള്‍ കാണാം.
തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ക്ലാസുകളില്‍ ഓരോ ദിവസവും പത്തും പന്ത്രണ്ടും ക്ലാസുകളുടെ പുനഃ സംപ്രേഷണം നടക്കും. ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും പുനഃസംപ്രേഷണം. ഈ സമയത്തും കാണാന്‍ കഴിയാത്ത കുട്ടികള്‍ക്ക് വീഡിയോ ഓഫ്‌ലൈന്‍ ആയി ഡൗണ്‍ലോഡ് ചെയ്തും ക്ലാസുകള്‍ കാണാമെന്ന് വിക്ടേഴ്‌സിന്റെ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക