ഓണ്‍ലൈന്‍ പഠനം; ആശങ്കകള്‍ അസ്ഥാനത്തായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകളും പറയുമ്പോള്‍
Education
ഓണ്‍ലൈന്‍ പഠനം; ആശങ്കകള്‍ അസ്ഥാനത്തായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകളും പറയുമ്പോള്‍
അളക എസ്. യമുന
Sunday, 18th October 2020, 1:13 pm

കേരളത്തിലെ സ്‌കൂളുകളില്‍ ‘ഫസ്റ്റ് ബെല്‍’ പദ്ധതി ആരംഭിച്ചിട്ട് നാല് മാസം പിന്നിട്ടിരിക്കുകയാണ്. കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുക എന്നത് പ്രായോഗികമല്ലാതെ വന്നപ്പോഴാണ് ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയത്.

പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് ക്ലാസുകള്‍ മാറാന്‍ തയ്യാറായപ്പോഴും എല്ലാ വിദ്യാര്‍ത്ഥികളിലേക്കും വിദ്യാഭ്യാസം എത്തിക്കുന്നതില്‍ ഈ സംവിധാനം പൂര്‍ണത കൈവരിക്കുമോ എന്ന കാര്യത്തില്‍ തുടക്കം മുതല്‍ തന്നെ വ്യത്യസ്ത മേഖലകളില്‍ നിന്നും ആശങ്കകള്‍ ഉയര്‍ന്നുവന്നിരുന്നു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പുതിയ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കുമോ എന്നതായിരുന്നു പ്രധാനമായും ഉയര്‍ന്നുവന്ന ആശങ്ക.

വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ വിദഗ്ധരുമെല്ലാം ഉയര്‍ത്തിയ ഇത്തരം ആശങ്കകളൊന്നും തന്നെ അസ്ഥാനത്തായിരുന്നില്ല എന്നു തെളിയിക്കുന്നതാണ് അടുത്തിടെ പുറത്തുവന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠന റിപ്പോര്‍ട്ട്. ഡിജിറ്റല്‍ ക്ലാസുകള്‍ ഫലപ്രദമല്ല എന്നുതന്നെയാണ് പരിഷത്തിന്റെ റിപ്പോര്‍ട്ട് അടിവരയിട്ടു പറയുന്നത്.

എപ്പോഴാണ് സ്‌കൂളുകള്‍ തുറക്കുക എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ പരിഷത്തിന്റെ പഠന റിപ്പോര്‍ട്ടിനെ ഗൗരവപൂര്‍വ്വം തന്നെ സമീപിക്കേണ്ടതുണ്ടെന്ന അഭിപ്രായമാണ് വിദ്യാഭാസ മേഖലയിലെ നിരവധി വിദഗ്ധര്‍ പങ്കുവെക്കുന്നത്.

കഴിഞ്ഞ നാല് മാസം ഡിജിറ്റല്‍ സംവിധാനത്തില്‍ വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിച്ച പ്രശ്നങ്ങള്‍ പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്താല്‍ മാത്രമേ ഇനിയങ്ങോട്ടുള്ള ദിവസങ്ങളിലെങ്കിലും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പദ്ധതിയുടെ പ്രയോജനം കിട്ടുകയുള്ളൂ. 14 ജില്ലകളില്‍ നിന്നും 1252 കുട്ടികള്‍, 1046 അധ്യാപകര്‍, 1340 രക്ഷിതാക്കള്‍ എന്നിവരില്‍ നിന്നാണ് പഠനത്തിനായുള്ള വിവരം പരിഷത്ത് ശേഖരിച്ചത്.

കുട്ടികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരില്‍ നിന്ന് ഗൂഗിള്‍ ഫോം വഴിയാണ് വിവരം ശേഖരിച്ചത്. ഒരു ബ്ലോക്ക് പരിധിയില്‍ നിന്ന് 12 കുട്ടികള്‍, 12 രക്ഷിതാക്കള്‍, 12 അധ്യാപകര്‍ എന്നിങ്ങനെയാണ് സാമ്പിള്‍ തെരഞ്ഞെടുത്തത്. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ നിന്ന് 3 വീതം കുട്ടികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരെ തെരഞ്ഞെടുത്തു.

കുട്ടികള്‍, രക്ഷിതാക്കള്‍ എന്നീ വിഭാഗങ്ങളില്‍ പട്ടികജാതി, പട്ടികവര്‍ഗം, ഒ.ബി.സി, മറ്റു പിന്നാക്ക വിഭാഗങ്ങള്‍, ബി.പി.എല്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്കെല്ലാം മതിയായ പ്രാതിനിധ്യം കിട്ടത്തക്ക വിധത്തില്‍ ‘പര്‍പ്പസീവ് റാന്‍ഡം സാംപ്ലിങ് രീതി’യാണ് പരിഷത്ത് അനുവര്‍ത്തിച്ചത്. ആദിവാസി മേഖലകളില്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ പഠനത്തിന്റെ ഭാഗമാകാനുള്ള ടി.വി യോ ഡിജിറ്റല്‍ ഉപകരണങ്ങളോ, ഇന്റര്‍നെറ്റ് സൗകര്യങ്ങളോ ഒന്നും തന്നെ ലഭ്യമല്ല എന്നത് തുടക്കം മുതല്‍ക്കു തന്നെ പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഷത്തിന്റെ റിപ്പോര്‍ട്ടും ശരിവെക്കുന്നു,

കൊവിഡ് എപ്പോഴാണ് മാറുക എന്നത് കൃത്യമായി പറയാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇനിയും സ്‌കൂള്‍ തുറക്കാതിരുന്നാല്‍ അത് കുട്ടികളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. എല്ലാ വിദ്യാര്‍ത്ഥികളേയും ഒരുമിച്ചല്ലെങ്കിലും ഘട്ടഘട്ടം ആയി സ്‌കൂളുകളിലെത്തിക്കാനുള്ള ശ്രമം നടത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ഓണ്‍ലൈന്‍ ക്ലാസ് കാണാന്‍ സൗകര്യമുള്ളവര്‍ക്ക് പോലും പലവിധ കാരണങ്ങളാല്‍ എല്ലാ ക്ലാസുകളും മുടക്കമില്ലാതെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജൂണ്‍ ഒന്നിന് ആരംഭിച്ച ക്ലാസുകള്‍ മുടക്കം കൂടാതെ കണ്ടവര്‍ 67ശതമാനം ആണ്. ബാക്കിയുള്ളവര്‍ ഭാഗികമായേ കണ്ടിട്ടുള്ളൂ. ഓണ്‍ലൈന്‍ ക്ലാസിനെ കേന്ദ്രീകരിച്ചാണ് പഠനം മിക്കവാറും നടക്കുന്നത് എന്നതിനാല്‍ ഈ വിടവ് പ്രധാനമാണെന്ന് പരിഷത് പറയുന്നു.

വ്യക്തിപരമായ കാരണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ സാങ്കേതികമോ സാമ്പത്തികമോ സാമൂഹ്യമോ ആയ പ്രശ്നങ്ങളാണ് ക്ലാസ് കാണുന്നതിന്‍ തടസ്സമാവുന്നത്. ഇന്റര്‍നെറ്റിന്റെ വേഗതക്കുറവാണ് ഏറ്റവുമേറെപ്പേരെ (39.5ശതമാനം) ബുദ്ധിമുട്ടിച്ചത്. ഇത് മലയോരപ്രദേശത്തെയും ഗോത്രവര്‍ഗമേഖലകളെയുമാണ് മുഖ്യമായി ബാധിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പരിഷത് റിപ്പോര്‍ട്ടിന് വളരെ പ്രാധാന്യത്തോടെ കാണാണ്ടേത് തന്നെയാണ് എന്നാണ് സാമൂഹികപ്രവര്‍ത്തകന്‍ എം. ഗീതാനന്ദന്‍ പറയുന്നത്. പരാമ്പരാഗതമായി വിദ്യാഭ്യാസത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്ന ഒരു വിഭാഗമുണ്ടെന്നും ഡിജിറ്റല്‍ ക്ലാസുകളുടെ പ്രയോജനം അവര്‍ക്ക് കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തീരപ്രദേശത്തുള്ളവര്‍, ആദിവാസികള്‍, ദളിത് കോളനികളില്‍ ഉള്ളവര്‍, മലയോരപ്രദേശങ്ങളില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളുടെ പ്രയോജനം ലഭിക്കുന്നില്ല. വനമേഖലകളില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപോയഗപ്പെടാത്തവരുടെ എണ്ണം വളരെയധികമാണ്. വളരെ ചെറിയ ശതമാനം മാത്രമാണ് ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപയോഗിച്ച് പഠനം പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

”പരിഷത് റിപ്പോര്‍ട്ടിന് വളരെ പ്രാധാന്യമുണ്ട്. പരാമ്പരാഗതമായി വിദ്യാഭ്യാസത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്ന ഒരു വിഭാഗമുണ്ട്. തീരപ്രദേശത്തുള്ളവര്‍, ആദിവാസികള്‍, ദളിത് കോളനികളില്‍ ഉള്ളവര്‍, മലയോരപ്രദേശത്തുള്ളവര്‍. വനമേഖലകളില്‍ ഒരുപക്ഷേ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപോയഗപ്പെടാത്തവരുടെ എണ്ണം നൂറ് ശതമാനമായിരിക്കും .വളരെ ചെറിയ ശതമാനം മാത്രമാണ് ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപയോഗിച്ച് പഠനം പിന്തുടരുന്നത്. സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലാത്തവരുണ്ട്, അഥവാ ഉണ്ടെങ്കില്‍ തന്നെ റേഞ്ച് ഇല്ല, റേഞ്ച് ഉണ്ടെങ്കില്‍ തന്നെ ഡാറ്റ ഉണ്ടാവില്ല.,” അദ്ദേഹം പറഞ്ഞു.

ഗീതാനന്ദന്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ പരിഷത്തിന്റെ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നുണ്ട്. ഇപ്പോഴും 17ശതമാനം പേര്‍ ഇന്റര്‍നെറ്റ് ഇല്ലാത്തവരായിട്ടുണ്ട്. സ്മാര്‍ട്ട് ഫോണിന്റെ അഭാവം 14.5ശതമാനം പേര്‍ക്കാണ്. ഫോണ്‍ മെമ്മറിയുടെ പ്രശ്നങ്ങള്‍, പകല്‍സമയത്ത് രക്ഷിതാവ് വീട്ടിലില്ലാത്തത്, വീട്ടില്‍ മറ്റു ജോലികള്‍ ചെയ്യേണ്ടിവരുന്നത്, ഉപകരണം ഉപയോഗിക്കുന്നതിലെ പരിജ്ഞാനക്കുറവ് തുടങ്ങിയ മറ്റ് കാരണങ്ങളും ഏറ്റവുമേറെ ബാധിക്കുന്നത് ദരിദ്രരെയും പിന്നാക്കവിഭാഗങ്ങളെയുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജനറല്‍, ഒ.ഇ.സി, ഒ.ബി.സി, പട്ടികജാതി, പട്ടികവര്‍ഗം എന്നീ ക്രമത്തിലാണ് ക്ലാസ് കാണുന്നത് കുറഞ്ഞു വരുന്നത് എന്ന കണക്കുകള്‍ ഈ നിരീക്ഷണം ശരിവെക്കുന്നതായും പരിഷത് റിപ്പോര്‍ട്ട് പറയുന്നു.

ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും ഭാഷന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കും ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ വലിയ പ്രാധാന്യത്തോടെ അവതരിപ്പിച്ച ഈ ഓണ്‍ലൈന്‍ സംവിധാനത്തിന്റെ ഫലം വിചാരിച്ച രീതിയില്‍ ലഭിക്കുന്നില്ല എന്ന് തുടക്കത്തില്‍ തന്നെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു.

അപ്പോഴും പിഴവുകള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കുറ്റമറ്റ രീതിയില്‍ തന്നെയാണ് സംവിധാനം മുന്നോട്ട് പോകുന്നതെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ ട്രയല്‍ റണ്ണ് തുടങ്ങി തൊട്ടടുത്ത ദിവസം മലപ്പുറം വളാഞ്ചേരിയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ദേവിക തീകൊളുത്തി മരിച്ച സംഭവം ഓണ്‍ ലൈന്‍ സംവിധാനത്തിന്റെ പോരായ്മകളെക്കുറിച്ച് വീണ്ടും ഗൗരവമായ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു.

ദേവിക തീകൊളുത്തി ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാലാണെന്നും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്റെ വിഷമം കുട്ടി പങ്കുവെച്ചിരുന്നുവെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കിയതുമാണ്. ദേവികയുടെ മരണത്തിന് പിന്നാലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പുറത്താകുന്ന ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികളെക്കുറിച്ച് വലിയ രീതിയില്‍ ചര്‍ച്ചകള്‍ നടക്കുകയും തുടര്‍ന്ന് സംവിധാനം ഒരുക്കിയതായി സര്‍ക്കാര്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ഫലപ്രദമായി നടന്നില്ലെന്നാണ് പരിഷത്തിന്റെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

വിവിധ കാരണങ്ങളാള്‍ ശരാരശരി 20-25 ശതമാനം ഓണ്‍ലൈന്‍ പഠനത്തിന് പുറത്താണെന്നു തന്നെയാണ് പരിഷത്തിന്റെ റിപ്പോര്‍ട്ട് പറഞ്ഞുവെക്കുന്നെന്നും നമ്പര്‍ വണ്‍ എന്ന് പ്രഖ്യാപിക്കാനുള്ള തിടുക്കത്തില്‍ പാര്‍ശ്വവവല്‍കൃത വിഭാഗങ്ങളുടേയും പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടേയും ന്യൂനപക്ഷങ്ങളുമൊക്കെ ഉള്‍പ്പെടുന്ന അരികുകളെ കാണാതെ പോയെന്ന് വിദ്യാഭ്യാസ വിദഗ്ധന്‍ കെ.വി മനോജ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു. . ദേവികയുടെ ആത്മഹകത്യ ചൂണ്ടിക്കാട്ടുന്നത് അതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പരിമിധികള്‍ ഉണ്ടെങ്കില്‍ പോലും 14 ജില്ലകള്‍ കവര്‍ ചെയ്തുകൊണ്ട് നടത്തിയ പഠനത്തെ ഗൗരവത്തോടെ തന്നെയാണ് അദ്ദേഹം നോക്കിക്കാണുന്നത്.

അതേസമയം, പൊതു വിദ്യാഭ്യാസ മേഖലയില്‍ നിന്ന് നിരന്തരം പുറന്തള്ളപ്പെടുന്നവരുണ്ട് അങ്ങനെയൊരു ഒരു പ്രശ്‌നം ഇല്ലെന്ന തരത്തിലാണ് ശരാശരി അവതരിപ്പിക്കുന്നത്. ഉദാഹരണത്തിന് ആയിരം സ്‌കൂളുകള്‍ ഹൈടെക് ആക്കി വിദ്യാഭ്യാസ നിലവാരം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു
എന്നാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നതെങ്കിലും ഇതുകൊണ്ട് പുറന്തള്ളപ്പെടുന്ന വിഭാഗത്തിന് പ്രയോജനം കിട്ടില്ലാ എന്നാണ് ഗീതാനന്ദന്‍ പറഞ്ഞത്.

ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയിട്ട് ഇത്ര മാസങ്ങള്‍ കഴിഞ്ഞിട്ടും സ്വന്തമായി സൗകര്യമില്ലാത്തവര്‍ ഉണ്ടെന്ന തന്നെയാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ സൗകര്യങ്ങള്‍ ലഭ്യമല്ലാത്തവര്‍ പൊതുകേന്ദ്രങ്ങളിലാണ് പഠനം നടത്തുന്നത്. ഇവയില്‍ കൂടുതലും കോളനികളിലാണ്. കോളനികളിലുള്ള പഠനകേന്ദ്രങ്ങളില്‍ ടി. വി. സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവിടെ എത്തിച്ചേരുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നാണ് പഠനത്തില്‍ നിന്ന് വ്യക്തമാകുന്നത്.

കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പരിഷത്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്ന ഇക്കാര്യങ്ങളൊക്കെ നേരത്തെ തന്നെ രക്ഷിതാക്കളും വിദ്യാഭ്യാസ വിദ്ഗധരും സാമൂഹികപ്രവര്‍ത്തകരുമൊക്കെ വ്യക്തമാക്കിയ കാര്യം തന്നെയാണ്.
സര്‍വേയില്‍ പങ്കെടുത്ത 76 ശതമാനം രക്ഷിതാക്കള്‍ക്ക് സ്‌കൂളില്‍ പഠിക്കുന്ന ഒന്നിലധികം കുട്ടികളുണ്ട്. പഠനപിന്തുണ ലഭിക്കുന്നതില്‍ മൊബൈല്‍ ഫോണിന്റെ കുറവ് ഇതില്‍ ചിലര്‍ക്ക് പ്രശ്നമാകുന്നുണ്ട്. ഒരു വീട്ടില്‍ ഒന്നിലധികം കുട്ടികള്‍ ഉണ്ടാകുമ്പോള്‍ ഉപകരണലഭ്യതയില്‍ പരിമിതികളുണ്ടെന്നും പഠനത്തില്‍ പറയുന്നു.

എപ്പോഴും മധ്യവര്‍ത്തി വിഭാഗത്തിനെയാണ് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മുന്നില്‍ കാണുന്നതെന്നും അരികുകളെ കാണത്തത് പ്രശനമുണ്ടെന്നുമാണ് മനോജ് പറയുന്നത്. ഓണ്‍ലൈന്‍ പഠന രീതിയുടെ പരാജയത്തിന്റെ പരിഹാരമായി വീണ്ടും ഓണ്‍ലൈനെ തന്നെ അവതരിപ്പിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുഖാമുഖപഠനത്തിന് പകരമാവാന്‍ ഒരിക്കലും ഓണ്‍ലൈന്‍ അനുഭവങ്ങള്‍ക്ക് സാധ്യമല്ലെന്നും പല കാരണങ്ങളാല്‍ പിറകില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് ഇത് ഏറെ ദോഷകരമാവുമെന്നും പരിഷത് റിപ്പോര്‍ട്ടും പറയുന്നു. അതിനാല്‍ കുട്ടികളില്‍ പഠനതാത്പര്യം നിലനിര്‍ത്താനും അടിസ്ഥാനപരമായ ചില ആശയങ്ങളും കഴിവുകളും മാത്രം എത്തിക്കാനും ഈ ഘട്ടത്തില്‍ ലക്ഷ്യം വെച്ചാല്‍ മതിയെന്നുമാണ് പരിഷത് മുന്നോട്ടുവെക്കുന്ന മറ്റൊരു കാര്യം.

കുട്ടികളെ പഠന സന്നദ്ധരാക്കുന്നതിന് പകരം വിക്ടേഴ്‌സുിലൂടെ പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുന്ന രീതിയിലേക്ക് പോയെന്ന് മനോജും വിലയിരുത്തി.
ഇത് ഓണ്‍ ലൈന്‍ ക്ലാസ് കിട്ടാത്ത കുട്ടികളില്‍ വലിയ മാനസിക സംഘര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. ഹാപ്പിനെസ്സ് കരിക്കുലം ആണ് വേണ്ടിയിരുന്നതെന്നും കുട്ടികലെ ടെന്‍ഷനും ആശങ്കകളും കൃത്യമായി അഡ്രസ് ചെയ്യപ്പെടേണ്ടിയിരുന്നെന്നും അദ്ദേഹം ഡൂള്‍ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ പകരം വിക്ടേഴ്‌സിലെ ക്ലാസ് പഠിപ്പിച്ച് തീര്‍ക്കല്‍ യജ്ഞം ആയപ്പോള്‍ എസ്.സി, എസ്.ടി വിഭാഗത്തിലെ കുട്ടികള്‍ മാനസിക സംഘര്‍ഷത്തിലെത്തിയെന്നും അതിന്റെ ഭാഗമായിട്ട് കൂടിയാണ് കുട്ടികള്‍ക്ക് ഇതിലുള്ള താല്പര്യം നഷ്ടമായതെന്നും മനോജ് പറഞ്ഞു.

കുട്ടികളെ പഠനവഴിയില്‍ നിലനിര്‍ത്താന്‍ ആരംഭിച്ച ക്ലാസ് പലപ്പോഴും പാഠങ്ങള്‍ തീര്‍ക്കുന്നതിലേക്ക് പോകുന്നുണ്ടെന്നും മുഖാമുഖപഠനത്തിന് പകരമാവാന്‍ ഒരിക്കലും ഓണ്‍ലൈന്‍ അനുഭവങ്ങള്‍ക്ക് സാധ്യമല്ലെന്നും പഠന റിപ്പോര്‍ട്ടും പറയുന്നു. പല കാരണങ്ങളാല്‍ പിറകില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് ഇത് ഏറെ ദോഷകരമാവുമെന്നും അതിനാല്‍ കുട്ടികളില്‍ പഠനതാത്പര്യം നിലനിര്‍ത്താനും അടിസ്ഥാനപരമായ ചില ആശയങ്ങളും കഴിവുകളും മാത്രം എത്തിക്കാനും ഈ ഘട്ടത്തില്‍ ലക്ഷ്യം വെച്ചാല്‍ മതിയെന്നും പരിഷത് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്.

ഡിജിറ്റല്‍ ക്ലാസുകളോട് കുട്ടികള്‍ക്ക് താല്പര്യം കുറഞ്ഞുവരുന്നുണ്ട് എന്ന് പരിഷത്തിന്റെ പഠനത്തില്‍നിന്നും വ്യക്തമായ കാര്യമാണ്. ക്ലാസ് കൂടുതല്‍ വൈവിധ്യമുള്ളതാക്കി മാറ്റുകയും കൂടുതല്‍ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തി മെച്ചപ്പെടുത്തുകയും ചെയ്യണമെന്നാണ് പരിഷത് ഇതിന് പരിഹാരമായി പറയുന്നത്. 17 ശതമാനം പേര്‍ക്ക് ഇപ്പോഴും ഇന്റര്‍ നെറ്റ് പോലും ലഭിക്കാത്ത ഒരിടത്ത് ഇത് എത്രമാതം നടപ്പാകുമെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.

അതേസമയം, ഡിജിറ്റല്‍ സംവിധാനങ്ങള്‍ ലഭിക്കാത്ത ഇത്തരം കുട്ടികളെ വേണം അടിയന്തരമായി സ്‌കൂളുകളില്‍ എത്തിക്കേണ്ടതെന്നാണ് മനോജ് പറയുന്നത്. വീണ്ടും ഒരു ഓണ്‍ലൈന്‍ സങ്കേതത്തെയും ഡിജിറ്റല്‍ ക്ലാസുകളെയും ആശ്രയിക്കുന്നതിന് പകരം കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശവും കൊവിഡ് പ്രോട്ടോക്കോളും കൃത്യമായിപാലിച്ചുകൊണ്ട് ഷിഫ്റ്റുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പാക്കിക്കൊണ്ട് സ്‌കൂള്‍ തുറക്കണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. അല്ലെങ്കില്‍ കുട്ടികള്‍ വലിയ മാനസിക സംഘര്‍ഷത്തിലേക്ക് പോകുമെന്നും അതുകൊണ്ടു തന്നെ സ്‌കൂളുകള്‍ തുറക്കാനുള്ള ഇടപെടല്‍ സര്‍ക്കര്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ക്ലാസുകള്‍ കൃത്യമായി ലഭിക്കുന്നില്ലെന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ തന്നെ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലെ മറ്റ് വീഴ്ചകളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സര്‍വേയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളില്‍ 23 ശതമാനമാണ് ക്ലാസ് കണ്ട് മനസ്സിലാക്കുന്നതില്‍ ഒരു വിഷയത്തിലും പ്രയാസമില്ലെന്ന് രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാക്കി 77 ശതമാനത്തിന് ക്ലാസുകള്‍ മനസ്സിലാക്കുന്നതില്‍ ഒന്നോ അതിലധികമോ വിഷയങ്ങളില്‍ പ്രയാസമുണ്ടെന്നും വ്യക്തമാക്കുന്നു.

77 ശതമാനം എന്നത് വലിയ ശതമാനം തന്നെയാണ്. ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ പോകുന്നത് കുട്ടികളെ പഠനത്തെ വളരെ മോശമായി തന്നെ ബാധിക്കുമെന്നാണ് നിരീക്ഷര്‍ പറയുന്നത്. ഈ 77 ശതമാനം കുട്ടികളോട് മുഖം തിരിച്ചുപോകുമ്പോള്‍ എങ്ങനെയാണ് പദ്ധതിയുടെ ഉദ്ദേശ്യം പൂര്‍ത്തിയാകുന്നതെന്നും വിമര്‍ശനം ഉയര്‍ന്നുവരുന്നുണ്ട്.

ആദ്യഘട്ടത്തില്‍ ടി.വി, മൊബൈല്‍ എന്നിവ ഇല്ലാതിരുന്ന പലര്‍ക്കും അവ ലഭ്യമാക്കാന്‍ ഏറെ ശ്രമം നടന്നതുപോലെ ഇപ്പോഴും വീട്ടില്‍ സ്വന്തമായി ഉപകരണങ്ങള്‍ ഇല്ലാത്തവരേയും ഉപകരണങ്ങള്‍ കേടുവന്നവരേയും കണ്ടെത്താന്‍ പുതിയ ഒരു സര്‍വേ നടത്തുകയും സഹായം എത്തിക്കുകയും ചെയ്യണമെന്നാണ് പരിഷത്തിന്‍രെ പ്രധാന നിര്‍ദ്ദേശം.

എന്നാല്‍ വീണ്ടും ഒരു സര്‍വ്വേ നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ഗീതാനന്ദന്‍ ചൂണ്ടിക്കാട്ടുന്നത്.വീണ്ടും സര്‍വ്വേ നടത്തുന്നത് പ്രശ്‌നത്തെ നീട്ടിക്കൊണ്ടുപോകുക മാത്രമേ ചെയ്യുകയുള്ളൂ എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ആര്‍ക്കൊക്കെ സൗകര്യങ്ങള്‍ ഇല്ലാ എന്നൊക്കെയുള്ള കൃത്യമായ വിവരങ്ങള്‍ സര്‍ക്കാറിന്റെ കയ്യിലുണ്ട്. ഇതിനകം തന്നെ എസ്.ടി ഡിപ്പാട്ടമെന്റ് സര്‍വേ നടത്തി വിവരം കൊടുത്തിട്ടുണ്ട്. അവരുടെ വിരല്‍ത്തുമ്പില്‍ തന്നെ വിവരങ്ങളുണ്ട്. ഒരു ട്രൈബല്‍ ഊരില്‍ എത്ര ആളുകളുണ്ട്, കുടുംബത്തില്‍ എത്ര അംഗങ്ങളുണ്ട് തുടങ്ങിയ എല്ലാ വിവരങ്ങളും ഡിപ്പാര്‍ട്ട്‌മെന്റിന്റെ കയ്യിലുണ്ട്. ആര്‍ക്കൊക്കെ മുന്‍ഗണന കൊടുക്കേണ്ടത് എന്നാണ് പരിശോധിക്കേണ്ടത്. സര്‍വ്വേ നടത്തിയാല്‍ ഒരുവര്‍ഷം പോകുമെന്നല്ലാതെ വേറെ പ്രയോജനമില്ലെന്നും ഗീതാനന്ദന്‍ പറഞ്ഞു. പാഠപുസ്തകം പോലും കിട്ടാത്ത അവസ്ഥയില്‍ ടിവി നോക്കി പഠിക്കുന്നതിന്റെ ബുദ്ധിമുട്ട് നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചാപ്റ്റര്‍ നോക്കി പഠിക്കുക എന്നത് സാധ്യമാവാത്ത അവസ്ഥയാണെന്നും ക്ലാസ് പിന്തുടരാന്‍ പറ്റുന്നില്ലെന്നും അദ്ദേഹം പറയുന്നു. ആദിവാസി മേഖലകളിലെ കുട്ടികള്‍ക്ക് മെന്റര്‍ ടീച്ചര്‍മാരെ കൊണ്ടുവരണമെന്നും കുട്ടികള്‍ അക്ഷരം പോലും മറന്നുപോകുന്ന കാലമാണ് ഇപ്പോള്‍ ഉള്ളതെന്നും ഗീതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു. പരിഷത് ഇത്തരം കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്ലാസുകളുടെ ആസൂത്രണത്തില്‍ പുനരാലോചന ആവശ്യമാണ് എന്ന് തന്നെയാണ് പരിഷത്തും പറയുന്നത്. പഠനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടണമെന്നും പ്രാദേശികമായോ സമഗ്രശിക്ഷ വഴിയോ അക്കാദമിക സഹായം ലഭ്യമാകണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്.
പാഠപുസ്തകങ്ങള്‍ എല്ലാവരുടെ കൈയിലും എത്തിയെന്ന് ഉറപ്പാക്കണമെന്നും വായനയ്ക്കുള്ള പുസ്തകങ്ങള്‍, റഫറന്‍സ് സാമഗ്രികള്‍ എന്നിവ ആവശ്യമുള്ളവര്‍ക്ക് അവ എത്തിക്കാനുള്ള പദ്ധതി പി.ടി.എ സഹകരണത്തോടെ നടപ്പിലാക്കണമെന്നും പരിഷത്ത് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോളനികളിലെ പഠനകേന്ദ്രങ്ങളുടെ സന്ദര്‍ശനം, മോണിറ്ററിങ്ങ് എന്നിവയ്ക്ക് ഉയര്‍ന്ന പരിഗണന നല്‍കാനും നിര്‍ദ്ദേശിക്കുന്നുണ്ട്.

നിലവിലെ സാമൂഹിക ജീവിതത്തില്‍ ലോക് ഡൗണ്‍ ഇല്ലാത്തതുകൊണ്ടു തന്നെ സ്‌കൂളൂകള്‍ തുറക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം പരിഗണിക്കണമെന്നാണ് രാജീവിന്റെ അഭിപ്രായം. ഇപ്പോല്‍ അടിയന്തരമായി ചെയ്യാനുള്ളത് ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് മാറി ഒന്‍പത്, 10 11, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സംശയ നിവാരണമെന്ന നിലയ്ക്ക് കൃത്യമായ കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ട് സ്‌കൂളുകളിലെത്താന്‍ അവസരമൊരുക്കണമെന്നും രാജീവ് പറഞ്ഞു.

ഒരു നിശ്ചിത സംഘം കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കുന്ന രീതി നടപ്പാക്കണം. ഇപ്പോള്‍ നമ്മുടെ സാമൂഹിക ജീവിതത്തില്‍ ലോക്ഡൗണ്‍ ഇല്ല. നമ്മുടെ എല്ലാ വ്യവഹാരങ്ങളും നടക്കുന്നുണ്ട്. എന്നിരിക്കെ മുതിര്‍ന്ന കുട്ടികളെ ഘട്ടം ഘട്ടമായി എത്തിച്ചുകൊണ്ട് നമുക്ക് കുറേയെറെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാം. അധ്യാപകരെ വിശ്വാസത്തിലെടുത്തുകൊണ്ട്, വികേന്ദ്രീകൃതമായി മുന്നോട്ട് പോകേണ്ടതുണ്ട്. ഓണ്‍ലൈന്‍ ക്ലാസിന് പുറത്തായ കുട്ടികള്‍ക്ക് മുന്‍ഗണനകൊടുത്തു കൊണ്ട് അവരെ സ്‌കൂളുകളില്‍ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസുകള്‍ വികേന്ദ്രീകൃതമായി തയ്യാറാക്കുന്നതിനുള്ള സാധ്യത പരിഗണിക്കണമെന്ന് പഠനവും പറയുന്നുണ്ട്.

തുടക്കത്തില്‍ വിക്ടേഴ്‌സ് ക്ലാസിന്റെ സംശയ നിവാരണം എന്നപോലെ തുടങ്ങി പിന്നീട് അടുത്ത ഘട്ടത്തില്‍ ക്ലാസുകളിലേക്ക് കടക്കുന്ന രീതിയിലെത്തിയാല്‍ മതിയെന്നും മനോജ് പറഞ്ഞു. സ്‌കൂളുകളില്‍ ഡിജിറ്റല്‍ സങ്കേതങ്ങള്‍ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ സംവിധാനം വീണ്ടും ഉപയോഗിച്ചുകൊണ്ട് നിലവിലെ പ്രശ്‌നം പരിഹരിക്കാന്‍ പറ്റുമെന്ന് കരുതുന്നില്ല. 15 ശതമാനത്തിന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിക്കൊടുത്തതുകൊണ്ട് പ്രശ്‌നം അവസാനിക്കില്ല. അപ്പോള്‍ ഇന്റര്‍നെറ്റിന്റെ പ്രശ്‌നംവരും ഇത് പരിഹരിക്കുുമ്പോള്‍ കണക്ടിവിറ്റിയുടെ പ്രശ്‌നം വരും അദ്ദേഹം പറഞ്ഞു.

സ്‌കൂളുകളിലേക്ക് മുതിര്‍ന്ന കുട്ടികളെ എത്തിക്കുക. കൊവിഡ് പ്രതിസന്ധിക്കിടെ എക്‌സാം നടത്തിയ രീതി ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നത് കുട്ടികള്‍ക്ക ്ആശ്വാസം നല്‍കുമെന്നും രാജീവ് പറഞ്ഞു. കൊവിഡിന്റെ സംഘര്‍ഷം നീണ്ടുപോവുകയാണെങ്കില്‍ ജനുവരിയില്‍ ആയാല്‍പോലും ഇത് ചെയ്യേണ്ടി വന്നേക്കാമെന്ന് അങ്ങനെ നോക്കുകയാണെങ്കില്‍ അത് ഇപ്പോള്‍ നോക്കുന്നത് തന്നെയാണ് നല്ലതെന്നും മനോജ് പറഞ്ഞു.

അതേസമയം, ലഭ്യമായ സമയത്തിനുള്ളില്‍ ഏതൊക്കെ കാര്യങ്ങള്‍ പരിഗണിക്കാമെന്ന ധാരണ മുന്‍കൂട്ടി ഉണ്ടാക്കണമെന്നും അവ നേടാനുള്ള സ്വാഭാവികവും അനൗപചാരികവും യാന്ത്രികമല്ലാത്തതുമായ പഠനതന്ത്രങ്ങള്‍ രൂപപ്പെടുത്തണമെന്നും പരിഷത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്‌കൂള്‍ തുറക്കുന്ന ഘട്ടത്തില്‍ തുടക്കം മുതലുള്ള ഉള്ളടക്കത്തിലൂടെ കടന്നുപോകണമെന്നും മുഖാമുഖ പഠനത്തിലൂടെ പഠനവിടവുകള്‍ പൂര്‍ണമായും പരിഹരിക്കണമെന്നും ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്നില്ലെങ്കില്‍ തുടര്‍വര്‍ഷങ്ങളിലും ശ്രമം തുടരണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു

ഡിജിറ്റല്‍ ക്ലാസുകളില്‍ ചിലത് പാഠ്യപദ്ധതി സമീപനത്തിന് വിരുദ്ധമാണെന്ന നിരീക്ഷണം ഗൗരവപൂര്‍വം പരിഗണിച്ച് തിരുത്തലുകള്‍ വരുത്താന്‍ റിപ്പോര്‍ട്ട് പറയുന്നുണ്ട്. നിലവിലെ പോരായ്മകള്‍ പരിഹരിക്കാനും നിര്‍ദ്ദേശിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: online class: Sasthra Sahithya Parishad study and analysis

 

 

അളക എസ്. യമുന
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.