| Thursday, 22nd September 2016, 10:27 am

ഓണ്‍ലൈനില്‍ ഹോം തിയറ്ററിന് ബുക്ക് ചെയ്ത് പണം അടച്ചു; ആലപ്പുഴ സ്വദേശിക്ക് ലഭിച്ചത് സിമെന്റ് ഇഷ്ടികകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഓണ്‍ലൈന്‍ വഴി ഹോം തിയറ്റര്‍ ബുക്ക് ചെയ്ത് പണം അടച്ച വ്യക്തിക്ക് കിട്ടിയത് സിമെന്റ് ഇഷ്ടികകള്‍. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി എസ്.സതീഷ്‌കുമാറാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്.

ഓണ്‍ലൈന്‍ വഴിയുളള പരസ്യം കണ്ടാണ് 2998 രൂപയുടെ ഹോം തിയറ്റര്‍ സതീഷ് നാപ്‌ടോള്‍ വഴി കഴിഞ്ഞ മാസം ബുക്ക് ചെയ്തത്. തുടര്‍ന്ന് പോസ്റ്റ് ഓഫിസിലെത്തിയ പാഴ്‌സല്‍ പണമടച്ച് സതീഷ് കൈപ്പറ്റുകയും ചെയ്തു.

എന്നാല്‍ വീട്ടിലെത്തി ഹോംതിയേറ്റര്‍ കണക്ട് ചെയ്തുനോക്കിയെങ്കിലും അത് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് കമ്പനിയെ ബന്ധപ്പെട്ട് തിരിച്ചയക്കുകയും ചെയ്തു. പകരം നല്ലത് അയച്ചിട്ടുണ്ടെന്നും പോസ്റ്റ് ഓഫിസില്‍ നിന്നും കൈപ്പറ്റുവാനും പറഞ്ഞ് അറിയിപ്പ് വന്നതിനെ തുടര്‍ന്നാണ് പാഴ്‌സല്‍ ഒപ്പിട്ടുവാങ്ങിയത്.

വീട്ടിലെത്തി പാഴ്‌സല്‍ പൊട്ടിച്ചുനോക്കിയപ്പോള്‍ നാലുവശവും തെര്‍മ്മോക്കോള്‍ വെച്ച് വൃത്തിയായി പൊതിഞ്ഞ വെള്ള ഇഷ്ടികകളായിരുന്നു കണ്ടത്.

വിഷയം കമ്പനിയുടെ ശ്രദ്ധയിപ്പെടുത്തിയെങ്കിലും അവര്‍ കൃത്യമായ മറുപടി നല്‍കിയില്ല. പിന്നീട് പൊലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയും നാപ്‌ടോള്‍ നമ്പറില്‍ വിളിക്കുകയും ചെയ്തപ്പോള്‍ ഹോം തിയറ്റര്‍ ഉടനെ അയച്ചുകൊടുക്കാമെന്ന് അറിയിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more