അഹമ്മദാബാദ്: വില കുതിച്ചുയരുന്നതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളിമോഷണം. ഗുജറാത്തിലെ സൂറത്തില്‍ നിന്ന് 25,000 രൂപ വിലവരുന്ന 250 കിലോഗ്രാം ഉള്ളി മോഷണം പോയതായാണ് ഏറ്റവും പുതിയ സംഭവം. കിലോയ്ക്കു നൂറു രൂപ വരുന്ന ഉള്ളിയാണ് വജ്രവ്യാപാരത്തിനു പേരുകേട്ട സൂറത്തില്‍ നിന്നു മോഷണം പോയത്.
വ്യാഴാഴ്ച സൂറത്തിലെ പാലന്‍പുര്‍ പടിയ മേഖലയിലുള്ള ഒരു പച്ചക്കറിക്കടയിലാണു സംഭവം നടന്നത്. പതിവുപോലെ ഉള്ളി ചാക്കിലാക്കി വെച്ചിരുന്നതാണെന്നും ഇതാണു കാണാതായതെന്നും കടയുടമയായ അമിത് കനോജിയ പറഞ്ഞു. അഞ്ച് ചാക്കുകളിലായി 50 കിലോഗ്രാം വീതം ഉള്ളിയാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. എന്നാല്‍ അമിത് ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.
രാജ്യത്ത് ഉള്ളി ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണു ഗുജറാത്ത്. 90 മുതല്‍ 100 രൂപ വരെയാണ് ഇവിടെ ഉള്ളിയ്ക്കു വില.
ഈ മാസം 11-നു മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലേക്ക് പോയ ട്രക്കില്‍ നിന്ന് 22 ലക്ഷം രൂപയുടെ ഉള്ളി മോഷണം പോയിരുന്നു. 40 ടണ്‍ ഉള്ളിയാണ് ട്രക്കിലുണ്ടായിരുന്നത്. ഉള്ളി തട്ടിയെടുത്ത ശേഷം വാഹനം ഉപേക്ഷിക്കുകയായിരുന്നുവെന്ന് നാസിക്കിലെ ഉള്ളി മൊത്തവ്യാപാരി പ്രേംചന്ദ് ശുക്ല യു.പി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
മഹാരാഷ്ട്ര അടക്കം പ്രളയം ബാധിച്ച സംസ്ഥാനങ്ങളില്‍ കഴിഞ്ഞമാസം ഉത്പാദനം നിലച്ചതോടെയാണു രാജ്യത്ത് ഉള്ളിയുടെ വില കുത്തനെ ഉയര്‍ന്നത്. പ്രധാന ഉള്ളി ഉത്പാദന സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലും ഗുജറാത്തിലും കര്‍ണാടകത്തിലും പെയ്ത കനത്ത മഴയില്‍ വിളകള്‍ നശിച്ചതും കഴിഞ്ഞ ദിവസങ്ങളില്‍ വില ഉയര്‍ത്തി.
കഴിഞ്ഞദിവസം ദല്‍ഹിയില്‍ സവാള കിലോയ്ക്ക് 90 രൂപയായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ചെറിയ ഉള്ളിക്കു വില 120-125 രൂപയായാണ് ഇവിടെ ഉയര്‍ന്നത്. സവാള വില 40-50 രൂപയില്‍ നിന്നാണ് ഇരട്ടിയായത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രശ്‌നം പരിഹരിക്കാനായി ദേശീയ ഉപഭോക്തൃ സഹകരണ ഫെഡറേഷന്‍ (എന്‍.സി.സി.എഫ്) നേതൃത്വത്തില്‍ ദല്‍ഹിയില്‍ പലയിടത്തും പഴയ വിലയ്ക്കുതന്നെ സവാള വിതരണം ചെയ്യുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങളില്‍ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്.