ഉള്ളിക്ക് പിന്നാലെ വില കുതിച്ചുകയറി തക്കാളിയും. ദല്‍ഹിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തക്കാളിക്ക് എഴുപത് ശതമാനമാണ് വിലയുയര്‍ന്നത്. ഉത്സവകാലത്ത് അവശ്യസാധനങ്ങളുടെ വില വിര്‍ദ്ധിച്ചതിനൊപ്പം പച്ചക്കറികളുടെയും വിലയുയര്‍ന്നതോടെ സാധാരണക്കാരുടെ ജീവിതം താറുമാറായിരിക്കുകയാണെന്ന് ദേശീയമാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു.
കനത്ത മഴയടക്കമുള്ള വിവിധ കാരണങ്ങള്‍കൊണ്ടാണ് മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ പച്ചക്കറി ഇനങ്ങളുടെ വില കുത്തനെ കൂടിയത്.
കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നതിനേക്കാള്‍ താരതമ്യേന ഇരട്ടി വിലയാണ് ഉള്ളിക്ക് വിപണിയില്‍. തക്കാളിയുടെയും വില ഏറക്കുറെ സമാനമായ അവസ്ഥയിലാണ്.
40 മുതല്‍ 60 വരെയാണ് ദല്‍ഹിയില്‍ തക്കാളിയുടെ വില. വരും ദിവസങ്ങളില്‍ ഇത് ഉയര്‍ന്നേക്കുമെന്നാണ് സൂചന.
ഉള്ളിയുടെയും തക്കാളിയുടെയും വിലയിലുണ്ടായ ക്രമാതീതമായ വര്‍ധന സാധാരണക്കാരന്റെ ബജറ്റിനെ താറുമാറാക്കിയിരിക്കുകയാണ്. കിലോയ്ക്ക് 30 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഒറ്റ ദിവസം കൊണ്ടാണ് ഇരട്ടിയായി വിലയുയര്‍ന്നത്.
ദല്‍ഹിയില്‍ മാത്രമല്ല, രാജ്യത്തുടനീളം തക്കാളിവില ഉയര്‍ന്ന നിലയിലാണ്. ഛത്തീസ്ഗഢിലെ മാര്‍ക്കറ്റ് വെബ്‌സൈറ്റ് നല്‍കുന്ന വിവരമനുസരിച്ച് സംസ്ഥാനത്തെ ഉള്ളി വില കിലോയ്ക്ക് 52 രൂപയാണ്.