2024 മാർച്ച്‌ വരെ ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ; ദേശീയ പാത ഉപരോധിച്ച് കർഷക പ്രതിഷേധം
national news
2024 മാർച്ച്‌ വരെ ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ; ദേശീയ പാത ഉപരോധിച്ച് കർഷക പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th December 2023, 8:13 pm

ന്യൂദൽഹി: 2024 മാർച്ച്‌ 31 വരെ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം. അടുത്ത വർഷം മാർച്ച്‌ അവസാനം വരെ ഉള്ളിയുടെ കയറ്റുമതി നിരോധിക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് വിജ്ഞാപനമിറക്കിയിരുന്നു.

പ്രാദേശിക വിപണിയിൽ ഉള്ളിയുടെ ലഭ്യത ഉറപ്പാക്കാനും വില നിയന്ത്രിക്കാനുമാണ് സർക്കാർ നടപടി.

ഇന്ത്യയിലെ ഉള്ളി ഉത്പാദനത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന മഹാരാഷ്ട്രയിലെ നാസിക്കിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. മഹാരാഷ്ട്രയിലെ ഉള്ളി ഉത്പാദനത്തിന്റെ 70 ശതമാനവും നാസിക് ജില്ലയിൽ നിന്നാണ്. മഹാരാഷ്ട്രയിലെ മൂന്നിടത്ത് കർഷകർ മുംബൈ ആഗ്ര ദേശീയപാത ഉപരോധിച്ചു.

ജനുവരി മുതൽ കൊയ്ത്തുകഴിഞ്ഞ ഉള്ളികൾ വിപണിയിൽ എത്താനിരിക്കെ കയറ്റുമതി നിരോധനം കർഷകരെ വലിയ രീതിയിൽ ബാധിക്കും.

അതേസമയം, കയറ്റുമതി നടപടികളുമായി മുന്നോട്ടുപോയ വ്യാപാരികൾക്ക് അവരുടെ അഭ്യർത്ഥന പ്രകാരം നിരോധനത്തിൽ ഇളവ് നൽകി മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നു.

ഡിസംബർ എട്ടിനു മുൻപായി ഉള്ളിയുടെ ലോഡുകൾ കപ്പലുകളിൽ കയറ്റി അയച്ചവരെയും നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഓഗസ്റ്റിൽ, 2023 ഡിസംബർ 31 വരെ കയറ്റുമതി തീരുവ 40 ശതമാനം വർധിപ്പിച്ചുകൊണ്ട് ഉള്ളിയുടെ കയറ്റുമതിക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഒക്ടോബർ 28ന് ഒരു മെട്രിക് ടണ്ണിന് ഏറ്റവും കുറഞ്ഞ കയറ്റുമതി നിരക്ക് 800 യു.എസ് ഡോളറായി സർക്കാർ നിശ്ചയിച്ചിരുന്നു.

ഉള്ളിയുടെ വില നിയന്ത്രണവിധേയമാണെന്നിരിക്കെ ഇത്തരത്തിലുള്ള ഒരു ആവശ്യകത ഇല്ലെന്നും ജനുവരിയിൽ കൊയ്ത്തു തുടങ്ങാൻ ഇരിക്കുന്ന കർഷകരെ ഇത് ബാധിക്കുമെന്നും നാസിക് ഡിസ്ട്രിക്ട് ഒണിയൻ ട്രേഡേഴ്സ് അസോസിയേഷൻ പറഞ്ഞു.

വിലയിടിവ് നേരിടുമ്പോൾ നശിച്ചുപോയ ഉള്ളികൾ വലിച്ചെറിയാൻ നിർബന്ധിതരാവുകയാണെന്നും എന്നാൽ ലാഭമുണ്ടാക്കാനുള്ള അവസരങ്ങൾ വരുമ്പോൾ സർക്കാർ പലതരത്തിലുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുന്നുവെന്നും കർഷകർ ആരോപിച്ചു.

Content Highlight: Onion export ban will hit farmers and traders in election year