| Saturday, 13th August 2022, 8:53 am

സൗജന്യ വൈദ്യുതി നല്‍കുമെന്ന് കോണ്‍ഗ്രസ്, ഇവിടെ ആവശ്യത്തിന് വൈദ്യുതിയുണ്ടെന്ന് ബി.ജെ.പി; തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ചൂടുപിടിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. കാര്‍ഷിക കടം എഴുതി തള്ളല്‍, സൗജന്യ വൈദ്യുതി തുടങ്ങിയ വാഗ്ദാനങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോണ്‍ഗ്രസിന്റെ കര്‍ഷക അനുകൂല വാഗ്ദാനങ്ങള്‍.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മൂന്ന് ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ തള്ളുമെന്നാണ് പാര്‍ട്ടി വാഗ്ദാനം. ഇതോടൊപ്പം കര്‍ഷകര്‍ക്ക് 10 മണിക്കൂര്‍ സൗജന്യ വൈദ്യുതി ലഭ്യത ഉറപ്പാക്കുമെന്നും പാര്‍ട്ടി പറയുന്നു.

300 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്ന് നേരത്തെ ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തില്‍ പറഞ്ഞിരുന്നു. തൊഴിലില്ലാത്ത സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പണം നല്‍കുമെന്നും ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് കര്‍ഷകര്‍ക്ക് അനുകൂലമായുള്ള വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ബി.ജെ.പിയാണ് നിലവില്‍ ഗുജറാത്ത് ഭരിക്കുന്നത്.

താങ്ങുവിലയെക്കാള്‍ കുറഞ്ഞ വിലയില്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് തടയുന്ന നിയമം കൊണ്ടുവരുമെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജഗ്ദീഷ് താക്കോര്‍ പറഞ്ഞു.

വാഗ്ദാനങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയതോടെ സംസ്ഥാനത്ത് ആവശ്യത്തിന് വൈദ്യുതി ഉണ്ടെന്നായിരുന്നു ഭരണകക്ഷിയായ ബി.ജെ.പിയുടെ പ്രതികരണം. എന്നാല്‍ സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് അവരുടെ തൊഴിലിന് ആവശ്യമായ വൈദ്യുതി ലഭിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. വായ്പകളില്‍ കര്‍ഷകര്‍ക്ക് പകരം സര്‍ക്കാര്‍ മുതലാളിമാര്‍ക്കാണ് ഇളവുകള്‍ നല്‍കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

കഴിഞ്ഞ ദിവസം ഗുജറാത്തിലെ ബി.ജെ.പി ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിരുന്നു. വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് സത്യമുള്ള ആം ആദ്മി പാര്‍ട്ടിയും അഴിമതിയുടേയും വ്യാജ മദ്യത്തിന്റേയും രാജാവായ ബി.ജെ.പിയും തമ്മിലുള്ള പോരാട്ടമാണെന്നായിരുന്നു

ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ പരാമര്‍ശം.
ജനങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്താല്‍ ബി.ജെ.പി അവരുടെ മക്കളെ മദ്യത്തില്‍ കുളിപ്പിച്ചു കിടത്തുന്നതായിരിക്കും കാണേണ്ടതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

വീടില്ലാത്തവര്‍ക്ക് വീടു നിര്‍മിച്ച് നല്‍കുമെന്നും എല്ലാ ഗ്രാമങ്ങളിലും റോഡുകള്‍ നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. 300 യൂണിറ്റ് സൗജന്യ വൈദ്യുതി ഉറപ്പാക്കും, തൊഴിലില്ലാത്തവര്‍ക്ക് 3000രൂപ നല്‍കുമെന്നും കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തു.

പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ക്കെതിരെ ബി.ജെ.പിയും വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെതിരേയും രൂക്ഷ വിമര്‍ശനമാണ് കെജ്‌രിവാള്‍ നടത്തിയത്. പാവപ്പെട്ടവരില്‍ നിന്നും യാചകരില്‍ നിന്നും നികുതി ഈടാക്കുന്ന പ്രധാനമന്ത്രി തന്റെ സുഹൃത്തുക്കളുടെ ലക്ഷക്കണക്കിനുള്ള ലോണുകള്‍ എഴുതിത്തള്ളുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘സാധാരണക്കാര്‍ അരിയും ഗോതമ്പും വാങ്ങുമ്പോള്‍ സര്‍ക്കാര്‍ നികുതി ഈടാക്കുന്നു. അതേ സര്‍ക്കാരിന് രാജ്യത്തെ സമ്പന്നരുടെ ലോണുകള്‍ എഴുതിത്തള്ളാന്‍ മടിയില്ല. പെന്‍ഷന്‍ കൊടുക്കാന്‍ പൈസയില്ലെന്ന് പറഞ്ഞ് അഗ്‌നിപഥ് കൊണ്ടുവന്നു. സൈനികര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ പണമില്ലാതിരിക്കുന്ന അവസ്ഥ സ്വതന്ത്ര്യ ഇന്ത്യയില്‍ ഒരുകാലത്തും സംഭവിക്കാന്‍ പാടില്ലാത്തതാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Congress says will provide free electricity, bjp says we have enough, election campaign in gujarat getting stronger

We use cookies to give you the best possible experience. Learn more