മുംബൈ: മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാരില്‍നിന്ന് അവഗണിക്കപ്പെടുകയാണെന്ന കോണ്‍ഗ്രസ് ആരോപണത്തില്‍ വിശദീകരണവുമായി ശിവസേനയുടെ മുഖപത്രമായ സാമ്‌ന. സഖ്യസര്‍ക്കാരില്‍ വിള്ളലുകളില്ലെന്നും ഇത്തരം പ്രതിസന്ധികള്‍ സഖ്യകക്ഷികളില്‍ സ്വാഭാവികമാണെന്നും സാമ്‌നയുടെ എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു.
വ്യത്യസ്ത പ്രത്യയ ശാസ്ത്രമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യത്തിലേര്‍പ്പെടുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള മഹാവികാസ് അഗാഡി സഖ്യം തകരുമെന്നും ഒരിക്കല്‍ കൂടി മഹാരാഷ്ട്ര രാജ്ഭവനില്‍ അതിരാവിലെയുള്ള രാഷ്ട്രീയ നീക്കങ്ങളിലേക്ക് കടക്കുമെന്നും ആരും കരുതേണ്ടെന്നും എഡിറ്റോറിയല്‍ വിവരിച്ചു.
ശിവസേനയുമായുള്ള സഖ്യത്തിലൂടെ നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ബി.ജെ.പി അധികാരത്തിലേറിയതും തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ദേവേന്ദ്ര ഫഡ്‌നാവിസുമായി അസ്വാരസ്യങ്ങളുണ്ടായി ആ സഖ്യ സര്‍ക്കാര്‍ താഴെയിറങ്ങിയതും സൂചിപ്പിച്ചായിരുന്നു എഡിറ്റോറിയല്‍.
കൊവിഡ് പ്രതിരോധത്തിലും നിസര്‍ഗ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിയാലോചനകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇത്തരം കൂടിയാലോചനകളില്‍നിന്നും തങ്ങളെ മാറ്റിനിര്‍ത്തുകയാണെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം.
സഖ്യസര്‍ക്കാരിലെ മൂന്നാം നെടുംതൂണാണ് കോണ്‍ഗ്രസ് എന്ന് വിശേഷിപ്പിച്ച സാമ്‌ന, മൂന്ന് ഘടകകക്ഷികളെയും ഒരുമിച്ച് നിര്‍ത്താന്‍ ശിവസേന ഒരുപാട് സഹനങ്ങള്‍ നടത്തുന്നുണ്ടെന്നും വാദിച്ചു. ആവലാതികളുടെ ചരിത്ര പാരമ്പര്യമുള്ള പഴയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും എഡിറ്റോറിയലില്‍ പറയുന്നു.
‘വ്യത്യസ്ത അഭിപ്രായങ്ങളുള്ള നിരവധിപ്പേരുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അസ്വാരസ്യങ്ങള്‍ ഉണ്ടാകാനുള്ള കാരണവും അതാണ്. സഖ്യത്തില്‍നിന്നുണ്ടാകുന്ന ഇത്തരം പിറുപിറുക്കലുകള്‍ ഔചിത്യത്തോടെ നേരിടാന്‍ ഉദ്ദവ് താക്കറെ തയ്യാറാവണം’, എഡിറ്റോറിയലില്‍ പറയുന്നു.