ലഖ്‌നൗ: ലഖിംപൂര്‍ ഖേരി അക്രമത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നീതി വൈകുന്നുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. യു.പിയിലെ ലഖിംപുര്‍ ഖേരിയില്‍
പ്രതിഷേധിച്ച കര്‍ഷകരെ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് ടികായത്തിന്റെ പ്രതികരണം.
കഴിഞ്ഞ വര്‍ഷത്തെ ഈ ദിവസം രാജ്യത്തെ കര്‍ഷകരും ലഖിംപൂര്‍ ഖേരിയിലെ ജനങ്ങളും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നീതി ലഭിക്കാന്‍ കാലതാമസം നേരിടുകയാണ്. സര്‍ക്കാര്‍ ഇടപെടുലുണ്ടാകുന്നുണ്ട്. ഭരണകൂടം നിയമവ്യവസ്ഥയിലോ ഭരണഘടനയിലോ വിശ്വസിക്കുന്നില്ല, അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും ടികായത് ആരോപിച്ചു. വലിയ പ്രതിഷേധ സ്വരങ്ങളുണ്ടായതോടെയാണ് കേസില്‍ തുടക്കത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിക്ക് കര്‍ഷകരുടെ ജീവനേക്കാള്‍ പ്രധാനം വോട്ട് ബാങ്കാണെന്നും ലഖിംപൂര്‍ ഖേരി കേസില്‍ നീതി ലഭിച്ചില്ലെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
‘ലഖിംപൂര്‍ ഖേരിയിലെ രക്തസാക്ഷികളായ കര്‍ഷകര്‍ക്ക് അവരുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ ആദരാഞ്ജലികള്‍.
ബി.ജെ.പി മന്ത്രിയുടെ മകന്‍ ഓടിച്ച കാര്‍ ഉപയോഗിച്ച് കര്‍ഷകരെ കൊലപ്പെടുത്തിയിട്ട് ഒരു വര്‍ഷം തികയുന്നു, കേസില്‍ ഒരു തരി നീതിപോലുമുണ്ടാണ്ടില്ല. പ്രധാനമന്ത്രിക്ക് കര്‍ഷകരുടെ ജീവനേക്കാള്‍ പ്രധാനമാണ് വോട്ട് ബാങ്ക്,’ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ട്വീറ്റ് ചെയ്തത്.
കേസില്‍ ആശിഷ് മിശ്രക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി റദ്ദ് ചെയ്തിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ യു.പി സര്‍ക്കാര്‍ വൈകിപ്പിക്കുന്നുവെന്നാണ് ലഖിംപുര്‍ ഖേരി കേസിലെ ഇരകളുടെ കുടുംബങ്ങള്‍ ആരോപിക്കുന്നത്.
‘നീതി ലഭിക്കുമോ ഇല്ലയോ എന്നത് കാത്തിരുന്ന് കാണേണ്ട ഒന്നാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ ഉള്ളിടത്തോളം കാലം കേസ് നടക്കില്ല. ഒരു വര്‍ഷമായി വിചാരണ പോലും ആരംഭിച്ചിട്ടില്ല,’ കേസിലെ ഒരു ഇരയുടെ പിതാവ് എന്‍.ഡി.ടി.വിയോട് പറഞ്ഞു.
ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയെ തടയാന്‍ നിന്ന കര്‍ഷകര്‍ മന്ത്രി എത്തുന്നില്ലെന്നറിഞ്ഞു തിരിച്ചുപോകുന്നതിനിടെ ആശിഷ് മിശ്രയുടെ നേതൃത്വത്തില്‍ മൂന്ന് പേര്‍ കര്‍ഷകര്‍ക്കു നേരെ വാഹനമോടിച്ചു കയറ്റി കൊലപ്പെടുത്തിയെന്നതായിരുന്നു കേസ്.
ഇതില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെ നടന്ന അക്രമസംഭവങ്ങളില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരടക്കം മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ആറ് കര്‍ഷകരേയും അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ആശിഷ് മിശ്രക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
CONTENT HIGHLIGHTS: One year since Lakhimpur Kheri massacre