| Tuesday, 10th April 2018, 8:19 am

ഓര്‍മ്മയുണ്ടോ സൈന്യം മനുഷ്യ കവചമാക്കിയ കാശ്മീരി യുവാവിനെ?; തൊഴില്‍ നഷ്ടപ്പെട്ട്, വിഷാദ രോഗിയായി ഫാറൂഖ് അഹമ്മദ് ധര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കഴിഞ്ഞ വര്‍ഷം ശ്രീനഗര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസമായിരുന്നു ഫാറൂഖ് അഹമ്മദ് ധര്‍ എന്ന യുവാവിനെ സൈന്യം മനുഷ്യകവചമായി ജീപ്പിനു മുന്നില്‍ കെട്ടിയിട്ടത്. സൈന്യത്തിനുനേരെ കല്ലെറിഞ്ഞയാളെന്ന പേരിലായിരുന്നു ധറിനെ പട്ടാളം മനുഷ്യകവചമാക്കി താഴ്‌വരയിലൂടെ സഞ്ചരിച്ചത്. സൈന്യത്തിനു നേരെയുണ്ടായ ശക്തമായ കല്ലേറിലില്‍ നിന്ന് പ്രതിരോധിക്കാനെന്ന പേരിലായിരുന്നു സൈനികരുടെ ഈ നടപടി.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സൈന്യത്തിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയുണ്ടായി. മുന്‍ സൈനിക ജനറല്‍മാരുള്‍പ്പെടെ നടപടിക്കെതിരെ രംഗത്ത് വരികയും ചെയ്തു. എന്നാല്‍ ഇന്ന് പ്രതിഷേധങ്ങളും അന്വേഷണങ്ങളും അവസാനിച്ചപ്പോള്‍ അഹമ്മദ് ധറിന്റെ ജീവിതം എങ്ങിനെയാണെന്ന് പുറം ലോകം അറിയുന്നില്ല.

നാട്ടുകാര്‍ക്കിടയില്‍ ഒറ്റുപ്പെട്ട് വിഷാദരോഗത്തിനടിമപ്പെട്ട ഇരുപത്തെട്ടുകാരന്‍ തൊഴില്‍ പോലുമില്ലാതെ ജീവിതം മുന്നോട്ട് നയിക്കാന്‍ കഷ്ടപ്പെടുകയാണ്. കാശ്മീരി ഷോള്‍ തുന്നി ജീവിതം മുന്നോട്ട് നയിച്ചിരുന്ന യുവാവിനു ഇന്ന് സ്വന്തം തൊഴിലും ചെയ്യാനാകുന്നില്ല. അയല്‍ക്കാരും നാട്ടുകാരും സര്‍ക്കാരിന്റെ ചാരന്‍ എന്ന പേരില്‍ ഒറ്റപ്പെടുത്തുകയാണ് അഹമ്മദ് ധറിനെ.

ഉറക്കമില്ലായ്മയും വിഷാദവും രോഗവും നിറഞ്ഞ ജീവിതം എങ്ങിനെ മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന് അറിയാതെ ഉഴലുകയാണ് ഇയാള്‍. “സൈന്യത്തിനു നേരെ കല്ലെറിഞ്ഞു എന്നു തെളിയിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കെന്നെ തൂക്കിക്കൊല്ലാം. അല്ലാത്തപക്ഷം എന്റെ ജീവിതം ദുരിതപൂര്‍ണമാക്കിയ സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം” അഹമ്മദ് ധര്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പോയി എന്നതിന്റെ പേരിലാണു ഗ്രാമവാസികള്‍ ഫാറൂഖിനെ ഒറ്റുകാരനും സര്‍ക്കാര്‍ ചാരനുമായി ചിത്രീകരിച്ചത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തിലാണ് അഹമ്മദ് ധര്‍ ഇന്ന് ജീവിതം മുന്നോട്ട് നയിക്കുന്നത്.

2017 ഏപ്രില്‍ ഒന്‍പതിനായിരുന്നു ഫാറൂഖിന്റെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ച സംഭവം. വിഘടനവാദികളുടെ ബഹിഷ്‌കരണ ആഹ്വാനം തള്ളി കശ്മീര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബഡ്ഗാമില്‍ വോട്ടുചെയ്യാന്‍ പോയതായിരുന്നു ഫാറൂഖ്. മേജര്‍ ലീത്തുല്‍ ഗൊഗോയ് നയിച്ച സൈനിക സംഘം ഫാറൂഖിനെ പിടികൂടി. താഴ്വരയിലെ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്നു രക്ഷപ്പെടാന്‍, “മനുഷ്യകവച”മായി ജീപ്പിന്റെ ബോണറ്റില്‍ കെട്ടിയിടുകയും ചെയ്തു.

സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ കേന്ദ്ര ഏജന്‍സികളും പൊലീസും നടത്തിയ അന്വേഷണങ്ങളില്‍ ഫാറൂഖ് പറഞ്ഞതു സത്യമാണെന്നു വ്യക്തമായി. വോട്ടു ചെയ്തു സഹോദരിയുടെ വീട്ടിലേക്കു പോകുംവഴിയാണു സൈന്യം യുവാവിനെ പിടികൂടിയത്. ക്രൂരമായി മര്‍ദ്ദിച്ചതിനു ശേഷമാണ് കയറുകൊണ്ടു വാഹനത്തിനു മുന്നില്‍ കെട്ടിയിടുന്നത്. 28 ഗ്രാമങ്ങളിലൂടെ ആ മനുഷ്യകവചവുമായി സൈന്യത്തിന്റെ വാഹനം കടന്നുപോയത്.

തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതിനു പൊലീസ് കേസെടുത്തെങ്കിലും ഇതുവരെയും നടപടിയുണ്ടായില്ല. ജമ്മുകശ്മീര്‍ മനുഷ്യാവകാശ കമ്മിഷന്‍ ഫാറൂഖിനു പത്തുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ നഷ്ടപരിഹാരത്തിനു വകുപ്പില്ലെന്നു പറഞ്ഞു സംസ്ഥാന സര്‍ക്കാര്‍ അതും നിഷേധിച്ചു.

നഷ്ടപരിഹാരം വിലക്കിയതിനെതിരെ കശ്മീരിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുഹമ്മദ് അഷാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണു ധറിന്റെ അവസ്ഥ ഇപ്പോള്‍ പുറം ലോകം അറിഞ്ഞിരിക്കുന്നത്. “എന്തിനാണ് എന്നോടിതു ചെയ്തത്? വോട്ടു ചെയ്യാന്‍ പോയതിനോ?” അധികാരികളോട് ഫാറൂഖ് അഹമ്മദ് ധര്‍ ചോദിക്കുന്നു.

സൈന്യം ഫാറൂഖ് അഹമ്മദ് ധറിനെ മനുഷ്യകവചമാക്കിയ വീഡിയോ കാണാം:

We use cookies to give you the best possible experience. Learn more