മോദിയുടെ സ്വന്തം അദാനി, അഥവാ അദാനിയുടെ സ്വത്ത് നാലിരട്ടി വര്‍ധിച്ച കഥ
Daily News
മോദിയുടെ സ്വന്തം അദാനി, അഥവാ അദാനിയുടെ സ്വത്ത് നാലിരട്ടി വര്‍ധിച്ച കഥ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st June 2015, 11:22 am

adaniലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി മോദി പറന്നത് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററിലായിരുന്നു. ആദാനി ചെയ്ത സഹായങ്ങള്‍ക്കുള്ള പ്രത്യുപകാരങ്ങള്‍ ചെയ്തുകൊടുക്കുകയാണ് അധികാരത്തിലെത്തിയ മോദി.

പ്രധാനമന്ത്രിയ്‌ക്കൊപ്പം ന്യൂയോര്‍ക്കില്‍ പോയ അദാനി മോദി യു.എസിനെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോള്‍ കാഴ്ചക്കാരിലൊരാളായി ഇരുന്നു. കാന്‍ബറയില്‍ മോദിക്കൊപ്പം പ്രാതല്‍ കഴിച്ച അദ്ദേഹം ബിസിനസ് കരാറുകള്‍ ഒപ്പുവെച്ചു. ഭൂട്ടാനിലും ബ്രസീലിലും ജപ്പാനിലും ഫ്രാന്‍സിലും അടുത്തിടെ ചൈനയിലും മോദിയ്‌ക്കൊപ്പം അദാനിയുമുണ്ടായിരുന്നു.
കഴിഞ്ഞവര്‍ഷം മറ്റേത് ഇന്ത്യന്‍ കോടീശ്വരനേക്കാളും മോദിക്കൊപ്പം യാത്ര ചെയ്തത് അദാനിയാണ്. അതാണ് ഇന്ത്യന്‍ വ്യവസായ രംഗത്തെയും ലോകവ്യവസായ രംഗത്തെയും പ്രമുഖ മുഖമായി ഉയരാന്‍ അദാനിയെ സഹായിച്ചത്. 2013 സെപ്റ്റംബറില്‍ മോദി നേതൃത്വത്തിലെത്തുമെന്ന പ്രഖ്യാപനം വന്നശേഷം അദാനിയുടെ സമ്പാദ്യം നാലുമടങ്ങായാണ് വര്‍ധിച്ചത്. രാജ്യത്തെ വ്യവസായക പ്രമുഖര്‍ക്കിടയില്‍ ഇക്കാലയളവില്‍ ഏറ്റവുമധികം നേട്ടംകൊയ്തതും അദാനി തന്നെ.

1988ലാണ് അദാനി ഗ്രൂപ്പ് സ്ഥാപിതമായത്. മോദിയുടെ രാഷ്ട്രീയ രംഗത്തെ വളര്‍ച്ചയ്‌ക്കൊപ്പമാണ് അദാനിയും വളര്‍ന്നത്. രണ്ടു പതിറ്റാണ്ടുമുമ്പ് ഗുജറാത്തില്‍ തുടങ്ങിയതാണ് മോദിയ്ക്കും അദാനിയ്ക്കും ഇടയിലെ ബന്ധം. 2001ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരത്തിലേറുമ്പോള്‍ അദാനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഏക യൂണിറ്റായ അദാനി എന്റര്‍പ്രൈസസ് റിലയന്‍സിനേക്കാള്‍ 500 മടങ്ങ് കുറവ് മാര്‍ക്കറ്റ് വിലയുള്ള ട്രേഡിങ് കമ്പനിയായിരുന്നു.

modiഎന്നാല്‍ അദാനിയുടെ യൂണിറ്റുകളായ അദാനി എന്റര്‍പ്രൈസസ്, അദാനി പവര്‍ ലിമിറ്റഡ്, അദാനി പോര്‍ട്‌സ് ആന്റ് സ്‌പെഷല്‍ എക്്‌ണോമിക്‌സ് സോണ്‍സ് ലിമിറ്റഡ് എന്നിവയുടെ ഷെയറുകള്‍ മോദി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ  ശേഷം മൂന്നുമടങ്ങായി ഉയര്‍ന്നു. ഇവയുടെ ഇപ്പോഴത്തെ മാര്‍ക്കറ്റ് വാല്യു റിയലന്‍സ് ഇന്റസ്ട്രീസുമായി അടുത്തുകൊണ്ടിരിക്കുകയാണ്.

“മോദി അവിടെ ഇല്ലായിരുന്നെങ്കില്‍ അവര്‍ കുറേക്കൂടി പ്രോജക്ടുകള്‍ കിട്ടിയേക്കാം, പക്ഷെ ഈ കാലത്തെല്ലാം സുതാര്യമായ നടപടികളാണുണ്ടായത്. വൈകാരികമായി മോദി അദാനി ബന്ധം പോസിറ്റീവാണ്. എന്നാല്‍ മോദിയുടെ ഈ പിന്തുണ ബാലന്‍സ് ഷീറ്റില്‍ കണ്ടില്ലെങ്കില്‍ നിക്ഷേപകര്‍ അദാനിക്കു മാപ്പുനല്‍കില്ല. കാരണം അദ്ദേഹത്തിനു മോദിയുമായുള്ള അടുപ്പമാണ്.” മുംബൈയിലെ ഫിലിപ്പ് സെക്യൂരിറ്റി ലിമിറ്റഡിലെ അനലിസ്റ്റായ വിബോര്‍ സിംഗാള്‍ വിലയിരുത്തുന്നു.

മോദിയില്‍ നിന്നും പ്രത്യേക പരിഗണന ലഭിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യുന്നില്ലെന്നാണ് അദാനി തെരഞ്ഞെടുപ്പ് സമയത്ത് അദാനി പറഞ്ഞത്. പ്രചരണങ്ങള്‍ക്ക് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചതിന്റെ ചിലവ് തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്തായാലും മേല്‍പ്പറഞ്ഞ അദാനിയുടെ യൂണിറ്റുകളെല്ലാം ഇന്ന് ഇന്ത്യയിലെ മുന്‍നിര കമ്പനികളാണ്. അദാനി എന്റര്‍പ്രൈസസ് രാജ്യത്തെ ഏറ്റവും വലിയ കല്‍ക്കരി കയറ്റുമതിക്കാരാണ്. അദാനി പോര്‍ട്‌സ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ കമ്പനിയാണ്. അദാനി പവറാകട്ടെ ഏറ്റവും വലിയ സ്വകാര്യ വൈദ്യുത കമ്പനിയും.ജനുവരിയില്‍ നടന്ന കോര്‍പ്പറേറ്റ് പുനക്രമീകരണം ഈ യൂണിറ്റുകളുടെ ഷെയര്‍ കുറേക്കൂടി വര്‍ധിക്കാന്‍ സാഹചര്യമൊരുക്കുകയും ചെയ്തു.

adaniമറ്റ് കമ്പനികള്‍ പരാജയപ്പെട്ടിടത്തും അദാനി വിജയിച്ചു. അദാനി പോര്‍ട്‌സ് ഇപ്പോള്‍ ഇന്ത്യയുടെ കിഴക്കന്‍ തിരത്ത് കൂടി കപ്പല്‍നിര്‍മാണ കേന്ദ്രം വ്യാപിപ്പിക്കുകയാണ്. മുന്‍ ഓപ്പറേറ്റര്‍മാരായ ടാറ്റ സ്റ്റീല്‍ ലിമിറ്റഡ്, ലാര്‍സന്‍ ടര്‍ബോ ലിമിറ്റഡ് തുടങ്ങിയവയ്ക്ക് വലിയൊരു തിരിച്ചടിയാവും ഇത്.

ഇതെല്ലാം അദാനിയുടെ സമ്പത്ത് വര്‍ധിക്കാന്‍ സാഹചര്യമൊരുക്കി. മോദി തെരഞ്ഞെടുപ്പ് വിജയിച്ചശേഷം അദ്ദേഹത്തിന്റെ സ്വത്ത് 26% വര്‍ധിച്ച് 51,600 കോടിയായിരിക്കുകയാണിപ്പോള്‍.

മോദിയുമായുള്ള ബന്ധം സാമ്പത്തിക സഹായങ്ങള്‍ നേടാന്‍ അദാനിയെ സഹായിച്ചിട്ടുണ്ട്. യാതൊരു രാഷ്ട്രീയ ബന്ധവുമില്ലാത്ത ബിസിനസ് സംരംഭങ്ങളേക്കാള്‍ മോദിയുമായി ബന്ധമുള്ള അദാനിയെപ്പോലുള്ള കമ്പനികള്‍ക്ക് ധനസഹായം ലഭിക്കാനുള്ള സാധ്യത കൂടുതലാണ് എന്നാണ് കോര്‍പ്പറേറ്റ് ഡെബ്റ്റ് ഉണ്ടാക്കാന്‍ രണ്ട് ഇന്ത്യന്‍ എക്‌സിക്യുട്ടീവുകള്‍ പറയുന്നത്.

മോദിയുമായുള്ള അദാനിയുടെ ബന്ധം ഗുണം ചെയ്യുമ്പോലെ ദോഷകരവുമാണ്. മോദിയെ ആക്രമിക്കുന്നതിനായി അദാനിയുമായുള്ള ബന്ധം പ്രതിപക്ഷ പാര്‍ട്ടികള്‍ ആയുധമാക്കാറുണ്ട്.

ഓസ്‌ട്രേലിയ സന്ദര്‍ശന സമയത്തുണ്ടാക്കിയ കരാര്‍ ഇതിനു ഉദാഹരണമാണ്. മോദി നോക്കിനില്‍ക്കെ ആദാനി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണില്‍ നിന്നും 1 ബില്യണ്‍ ഡോളറിന്റെ ലോണ്‍ കരാര്‍ ഒപ്പിട്ടു. വരുമാനമായി 22 ബില്യണ്‍ ഡോളര്‍ കൊണ്ടുവരുമെന്ന ഉറപ്പിലായിരുന്നു ലോണ്‍. എന്നാല്‍ പാര്‍ലമെന്റിലും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും മറ്റും ഇതിനെതിരെ എതിര്‍പ്പു ശക്തമായതിനെ തുടര്‍ന്ന് ലോണ്‍ ചര്‍ച്ച നിര്‍ത്തിവെയ്‌ക്കേണ്ടിവന്നു.