ജമ്മുകശ്മീര്‍ തടവിലാക്കപ്പെട്ടിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. കഴിഞ്ഞ വര്‍ഷം ആഗ്‌സ്ത് അഞ്ചിന് ഈ ദിവസത്തിലാണ് രാജ്യസഭയില്‍ നടന്ന അതി നാടകീയവും അപ്രതീക്ഷിതവുമായ നീക്കങ്ങളിലൂടെ കശ്മീരിന് അനുവദിച്ച പ്രത്യേക ഭരണഘടന പദവി രാഷ്ട്രപതി സവിശേഷ അധികാരമുപയോഗിച്ച് റദ്ദ് ചെയ്യുന്നത്.
കശ്മീരിലെ സാമ്പത്തിക സംവരണ ബില്ലാണ് അന്നേ ദിവസം അജണ്ടയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അടിയന്തിര പ്രധാന്യത്തോടെ സംസ്ഥാനവുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് ബില്ലുകള്‍ കൂടി അവതരിപ്പിക്കുകയാണ് എന്ന് ഉപരാഷ്്ട്രപതി വെങ്കയ്യ നായിഡു പെട്ടന്ന് അറിയിച്ചു. അതോടുകൂടി സഭയില്‍ ബഹളങ്ങള്‍ ആരംഭിച്ചു. പ്രക്ഷുബ്ദമായ സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു മറ്റൊരു ബില്ല് കൂടി അവതരിപ്പിച്ചു. കശ്മീരിനെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കാനുള്ള തീരുമാനമായിരുന്നു അത്.
ബഹളം മൂര്‍ച്ഛിച്ചു, പ്രതിപക്ഷ കക്ഷികളില്‍ പലരും നടുത്തളത്തിലിറങ്ങി. ഇതിനിടയില്‍ രണ്ടാമത്തെ പ്രഖ്യാപനവും വന്നു. കശ്മീരിന് പ്രത്യേക അധികാര പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യുന്നതായിരുന്നു അത്. ഒരു ജനാധിപത്യ വിധിയ്ക്കും വിട്ട് നല്‍കാതെ പ്രസ്തുത തീരുമാനത്തിന് എല്ലാ വിധത്തിലുമുള്ള സാധുതകളും മുന്‍കൂട്ടി ഒരുക്കിയായിരുന്നു അമിത് ഷാ രാജ്യസഭയില്‍ എത്തിയത്.
സഭയില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ തന്നെ ഭരണഘടനയുടെ 370 അനുച്ഛേദം ബില്ലായി അവതരിപ്പിക്കേണ്ടതില്ലെന്നും അത് രാഷ്ട്രപതിയുടെ പ്രത്യേക വിജ്ഞാപനം വഴി ഇറക്കി പാസ്സായി കഴിഞ്ഞുവെന്നും അമിത് ഷാ അറിയിച്ചു. ഒരു ജനാധിപത്യ ചര്‍ച്ചകള്‍ക്കും വിട്ടു നല്‍കാതെ രാഷ്ട്രപതി ഒപ്പുവെച്ച ബില്ലിനെ സഭയില്‍ അറിയിക്കുക മാത്രമാണ് അമിത് ഷാ ചെയ്തത്.
കശ്മീര്‍ ജനതയ്ക്കും അവിടുത്തെ രാഷ്ട്രീയ നേതൃത്വത്തിനും തങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായകമായ ഈ തീരുമാനത്തെ സംബന്ധിച്ച് പരസ്പരം ആശയവിനിമയം നടത്താന്‍ പോലും സാധ്യമാകാത്ത തരത്തില്‍ അവരെ തടവിലാക്കിയിട്ടായിരുന്നു ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയില്‍ ഈ രാഷ്ട്രീയ നാടകങ്ങളെല്ലാം അരേങ്ങേറിയത്.
ടെലിഫോണ്‍ മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ തുടങ്ങി എല്ലാം അതിനകം കശ്മീരില്‍ വിച്ഛേദിക്കപ്പെട്ടിരുന്നു. അവശ്യവസ്തുക്കള്‍ പോലും കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു അന്നവിടെ. ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് പോലും വിലക്കപ്പെട്ടു. പ്രതിഷേധങ്ങളില്ലാതക്കാന്‍ നേരത്തെ തന്നെ വന്‍ സൈനിക സന്നാഹങ്ങള്‍ ജമ്മു കശ്മീരിലെത്തിയിരുന്നു. ജമ്മു കശ്മീരില്‍ നിന്ന് സഞ്ചാരികളെയെല്ലാം ഒഴിവാക്കുകയും ചെയ്തു. ഇന്റര്‍നെറ്റും ടെലിഫോണ്‍ ബന്ധവും ഇല്ലാതായതോടെ കശ്മീരില്‍ നിന്നുള്ള വാര്‍ത്തകള്‍ പുറത്തുവരാതെയായി. പുറത്തുനിന്നുള്ള മാധ്യമങ്ങള്‍ക്ക് കശ്മീരിലേക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത സാഹചര്യവും.
കശ്മീരി ജനതയുടെ സ്വത്വത്തിനും സ്വത്തിനും പരിരക്ഷ നല്‍കുന്ന 35 എ വകുപ്പ് ഉള്‍പ്പെടെ ഇല്ലാതാക്കുമ്പോള്‍ കശ്മീരില്‍ നിന്നുള്ള പ്രധാന നേതാക്കളയ ഫാറൂഖ് അബ്ദുള്ള, അദ്ദേഹത്തിന്റെ മകനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഒമര്‍ അബ്ദുല്ല, മുന്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി തുടങ്ങി നിരവധി നേതാക്കള്‍ വീട്ടു തടങ്കലിലും അറസ്റ്റിലുമായിരുന്നു. കൃത്യമായ പദ്ധതികളോടെ തന്നെയാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനവും ആര്‍.എസ്.എസ് ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതുമായ കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി റദ്ദാക്കുക എന്ന ലക്ഷ്യം രണ്ടാം മോദി സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചത്.
ജമ്മു കശ്മീരിന് സ്വന്തം ഭരണഘടനയും പതാകയുമുണ്ടായിരുന്നു. പ്രതിരോധം, വിദേശകാര്യം, വാര്‍ത്താ വിനിമയം, എന്നിവയിലൊഴികെ തീരുമാനമെടുക്കാനുള്ള പ്രത്യേക അധികാരവും ഉണ്ടായിരുന്നു. ഇതുപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാകണമെങ്കില്‍ ജമ്മു കശ്മീര്‍ നിയമസഭയുടെ പ്രത്യേക അധികാരം ആവശ്യമായിരുന്നു. 65 വര്‍ഷമായി ഉണ്ടായിരുന്ന അധികാര അവകാശങ്ങളാണ് ജമ്മു കശ്മീരിന് ഇല്ലാതായത്.
ഒരുവര്‍ഷത്തിനിപ്പുറവും കശ്മീരും കശ്മീര്‍ ജനതയും സാധാരണ ജീവിതത്തിലേക്ക് തിരികെ മടങ്ങിയിട്ടില്ല. ഇന്റര്‍നെറ്റ്, ടെലഫോണ്‍ ഉപയോഗത്തിലുണ്ടായിരുന്ന വിലക്കുകളൊന്നും ഇപ്പോഴും പൂര്‍ണമായി നീങ്ങിയിട്ടില്ല. പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മെഹബൂബ മുഫ്തിയെ ഇപ്പോഴും പൊതുസുരക്ഷ നിയമം ചുമത്തി തടവിലാക്കിയിരിക്കുകയാണ്. നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാക്കളായ ഫറൂഖ് അബ്ദുളളയേയും ഒമര്‍ അബ്ദുള്ളയേയും മോചിപ്പിച്ചത് ഈയടുത്ത് മാത്രമാണ്.
കശ്മീര്‍ നടപടികളുമായി ബന്ധപ്പെട്ട് അന്തരാഷ്ട്ര സമൂഹത്തില്‍ നിന്നും ഇന്ത്യയ്ക്ക് നിരവധി എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. യു.എസ് ഡെമോക്രാറ്റിക്ക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ തന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ കശ്മീരികളുടെ അവകാശത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ഇറാന്‍ പോലും ആര്‍ട്ടിക്കില്‍ 370 മായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇന്ത്യ കൈകാര്യം ചെയ്തതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തുകയുണ്ടായി.
2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തന്നെ കശ്മീര്‍ വിഷയത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ രാജ്യം പ്രതീക്ഷിച്ചിരുന്നതാണ്. ബി.ജെ.പിക്ക് രണ്ടാമൂഴം ലഭിച്ചതോടെ ഇത് ഏകദേശം ഉറപ്പിക്കാവുന്ന ഘട്ടത്തിലുമെത്തിയിരുന്നു. കശ്മീരില്‍ തൊട്ടാല്‍ വലിയ പൊട്ടിത്തെറികള്‍ തന്നെയുണ്ടേക്കാമെന്ന തരത്തിലായിരുന്നു വാദങ്ങള്‍ വന്നിരുന്നത്. പക്ഷേ അമ്പത് പേര്‍ക്ക് ചേര്‍ന്ന് പ്രതിഷേധിക്കാനുള്ള പഴുതുകള്‍ പോലും അടച്ച് തികച്ചും ആസൂത്രിതതമായ നീക്കത്തിലൂടെ കേന്ദ്രം തങ്ങളുടെ താപത്പര്യങ്ങളെല്ലാം നടപ്പിലാകുകയായിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി ജമ്മു കശ്മീര്‍ ആഴത്തിലുള്ള ഒരു രാഷ്ട്രീയ ശൂന്യതയിലാണ്. ഈ വെട്ടിമുറിക്കല്‍ തങ്ങളുടെ ജീവിതത്തിന് വലിയ പരിക്കുകള്‍ മാത്രമാണ് സമ്മാനിച്ചതെന്ന് അവിടുത്തെ ജനത പറയുന്നു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് 2020 മാര്‍ച്ച് മാസത്തില്‍ ഇന്ത്യയില്‍ ദേശീയ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ രാജ്യം മുഴുവന്‍ അനുഭവിച്ചതാണ്. എന്നാല്‍ അതിന് മുമ്പെ തന്നെ ആറ് മാസത്തിലേറെയായി പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ സൈനിക നിയന്ത്രണത്തില്‍ ലോക്ക് ഡൗണിലായിരുന്നു കശ്മീര്‍.
ഒരു വര്‍ഷത്തിനുമിപ്പുറം കടുത്ത അരക്ഷിതാവസ്ഥയിലൂടെയും സാമ്പത്തിക പ്രതസന്ധിയിലൂടെയുമാണ് തങ്ങള്‍ കടന്നു പോകുന്നതെന്നാണ് കശ്മീര്‍ ജനത പറയുന്നത്. ഇന്റര്‍നെറ്റ് നിരോധനം കശ്മീരിലെ ജനതയുടെ സ്വഭാവിക ജീവിതത്തെ വലിയ രീതിയിലാണ് ബാധിച്ചത്. പ്രധാനമായും ടൂറിസത്തെ അടിസ്ഥാനമാക്കി വരുമാനമുണ്ടാക്കിയവര്‍ സഞ്ചാരികളുടെ വരവില്ലാതായതോടെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.
ആദ്യ ഘട്ടത്തിലെ കര്‍ഫ്യൂ, തുടര്‍ന്ന് വന്ന ലോക്ക് ഡൗണ്‍, കശ്മീരിലെ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങിയിട്ട് അഥവാ വിദ്യാഭ്യാസ അവകാശം ഇല്ലാതായിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. പത്ത് ലക്ഷത്തേളം കൂട്ടികളാണ് കശ്മീരില്‍ പഠിക്കാന്‍ കഴിയാതെ വീടുകളിലിരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നുവെങ്കിലും മഹാമാരി വീണ്ടും അവരെ മടക്കി അയക്കുകയായിരുന്നു. ഓണ്‍ക്ലാസുകളാകട്ടെ ഇന്റര്‍നെറ്റ് സ്പിഡില്ലാത്തതുകൊണ്ട് തടസ്സപ്പെടുകയും ചെയ്യുന്നു.
കശ്മീരിലെ ആപ്പിള്‍ കര്‍ഷകരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഒക്ടോബറില്‍ ആപ്പിള്‍ കച്ചവടക്കാര്‍ക്ക് നേരെ നടന്ന സൈനിക ആക്രമണത്തെ തുടര്‍ന്ന് പല കര്‍ഷകരുടെയും ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആളുകളില്ലാതായി. കഴിഞ്ഞ ആഗ്‌സ്ത് മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം കശ്മീരിന് 14,296 കോടി മുതല്‍ 17800 കോടി വരെയുടെ നഷ്ടമാണുണ്ടായതെന്ന് കശ്മീര്‍ ചേമ്പര്‍ ഓഫ്് കൊമേഴ്‌സിന്റെ കണക്കുകള്‍ പറയുന്നു.
കേന്ദ്രത്തിന്റെ പുതിയ ഡൊമിസൈല്‍ അഥവാ സ്ഥിരവാസ നിയമത്തെയും ഏറെ ആശങ്കയോടെയാണ് കശ്മീര്‍ ജനത കാണുന്നത്. മെയ് 18ന് ഡൊമിസൈല്‍ നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതോടെയാണ് ജമ്മുകശ്മീര്വാസികളല്ലാത്തവര്
ജമ്മുകശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന 370, 35 എ വകുപ്പനുസരിച്ച് 1954 മെയ് 10ന് പത്ത് വര്‍ഷംമുമ്പ് സംസ്ഥാനത്ത് താമസിക്കുന്ന കുടുംബങ്ങളിലുള്ളവര്‍ക്ക് മാത്രമേ സ്ഥിരവാസ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. അല്ലാത്തവര്‍ക്ക് സ്ഥിരവാസ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് കൊണ്ട് തന്നെ ജോലി, സ്വത്ത് സമ്പാദനം തുടങ്ങി നിരവധി വിഷയങ്ങളില്‍ തടസ്സമുണ്ടായിരുന്നു. ഇന്ത്യയിലെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മുകശ്മീരിന്റെ ജനസംഖ്യാനുപാതത്തില്‍ മാറ്റം വരുത്തി മുസ്ലിംകള്‍ക്കുള്ള ജനസംഖ്യാ ആധിപത്യം ഇല്ലാതാക്കുക എന്നത് സംഘപരിവറിന്റെ രാഷ്ട്രീയ പദ്ധതികളിലൊന്നായിരുന്നു.
കശ്മീരിലെ തൊഴിലില്ലായ്മ നിരക്ക് 17.9 ശതമാനമാണ്. ദേശീയ ശരാരശരിയേക്കാള്‍ ഉയര്‍ന്ന നിരക്കാണത്. കശ്മീരില്‍ 84,000 സര്‍ക്കാര്‍ ജോലികളില്‍ ഒഴിവുകള്‍ നികത്താനിരിക്കെയാണ് ഡൊമിസൈല്‍ നിയമം വരുന്നത് എന്നത് യുവാക്കളിലുള്‍പ്പെടെ തങ്ങളുടെ തൊഴില്‍ പ്രതീക്ഷകള്‍ നഷ്ടമാകുമോ എന്ന ഭയവുമുണ്ടാക്കുന്നുണ്ട്.
ബഹുസ്വരതയില്‍ നിന്നും സംഘപരിവാറിന്റെ ഒരൊറ്റ ഇന്ത്യയിലേക്ക് നടന്നടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തിനിടെ പൗരവാകാശങ്ങള്‍ ഇന്ത്യയില്‍ അപ്രസക്തമാവുകയാണ്. ജീവിതങ്ങള്‍ക്ക് വിലയില്ലാതാവുകയാണ്. മതന്യൂനപക്ഷങ്ങള്‍ തടവിലാക്കപ്പെടുകയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
.