മോദിക്കാലത്ത് ഒരു വെടിയുണ്ട നമ്മളെയും തേടി വന്നേക്കാം
News of the day
മോദിക്കാലത്ത് ഒരു വെടിയുണ്ട നമ്മളെയും തേടി വന്നേക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th August 2016, 9:14 pm

ഫാസിസത്താല്‍ വേട്ടയാടപ്പെട്ട ഇരകള്‍. സര്‍വ്വം മോദിമയമായ മോദിക്കാലത്ത് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശബ്ദിക്കുന്നവര്‍ ഭരണകൂട ഒത്താശയാല്‍ നിശബ്ദരാക്കപ്പെടുന്നത് നിത്യ സംഭവമാകുന്നു.


fb-inn


|എഫ്.ബി നോട്ടിഫിക്കേഷന്‍: നദീ|


തോക്കിന്‍ കുഴലുകളേക്കാള്‍ ശക്തിയുണ്ട് വാക്കിനെന്ന് നിരീക്ഷിച്ചത് നെപ്പോളിയന്‍ എന്ന ഏകാധിപതിയായിരുന്നു.
അതുകൊണ്ടായിരിക്കണം ലോകത്തുള്ള എല്ലാ ഏകാധിപതികളും ഫാസിസ്റ്റുകളും തീവ്രമതവാദികളും വാക്കുകളെ അല്ലെങ്കില്‍ വാക്കിന്റെ ഉറവിടത്തെ കൊന്നുകളയാന്‍ ശ്രമിക്കുന്നത്.

കൈവെട്ടായും തലവെട്ടായും വെടുയുണ്ടയായും അഞ്ജാതനായൊരു ശത്രു ഓരോ പേനയെയും ശബ്ദങ്ങളെയും തേടി വരുന്നത്. അക്ഷരം എന്നാല്‍ നാശമില്ലാത്തതാണ് എന്നത് ആര്‍ക്ക് സംശയമുണ്ടെങ്കിലും ഫാസിസ്റ്റുകള്‍ക്ക് അതുണ്ടാകാന്‍ വഴിയില്ല.
ബംഗ്ലാദേശില്‍ മത തീവ്രവാദികളാല്‍ കൊല്ലപ്പെട്ട ബ്ലോഗര്‍മാര്‍, ലോകത്തു പലയിടങ്ങളിലായി കൊല്ലപ്പെടുന്ന എഴുത്തുകാരും പത്രമാധ്യമപ്രവര്‍ത്തകരും മറ്റു സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകരും ഇവരെല്ലാം ഇരകളാണ്.

ഫാസിസത്താല്‍ വേട്ടയാടപ്പെട്ട ഇരകള്‍. സര്‍വ്വം മോദിമയമായ മോദിക്കാലത്ത് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശബ്ദിക്കുന്നവര്‍ ഭരണകൂട ഒത്താശയാല്‍ നിശബ്ദരാക്കപ്പെടുന്നത് നിത്യ സംഭവമാകുന്നു.

സാമൂഹ്യ പ്രവര്‍ത്തകനും ഗവേഷകനും എഴുത്തുകാരനുമായ എം.എം. കല്‍ബുര്‍ഗി കര്‍ണാടകയില്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. കൊലയാളികളെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കേന്ദ്രവും കര്‍ണാടക സംസ്ഥാനവും ഭരിക്കുന്നത് ഫാസിസ്റ്റ് ഭരണകൂടം ആണെന്ന ധൈര്യമാവാം ഘാതകരെ കണ്ടുപിടിക്കുന്നതില്‍ നിയമപാലകരും നിയമവ്യവസ്ഥയും കാണിക്കുന്ന അലംഭാവത്തിന് പിന്നില്‍.

2015 ആഗസ്ത് 30ന് രാവിലെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്, രണ്ടു ചെറുപ്പക്കാര്‍ വിദ്യാര്‍ഥികള്‍ ആണെന്നു സ്വയം പരിചയപ്പെടുത്തി അദ്ദേഹത്തിന്റെ വീടിനകത്ത് കയറി വെടി വച്ച് കൊല്ലുകയായിരുന്നു. ഫാസിസത്തിനെതിരെ പ്രവര്‍ത്തിച്ചതിന്റെ തിക്തഫലം മരണമാണെന്ന് ഒടുക്കം വെടിയുണ്ടകള്‍ കല്‍ബുര്‍ഗിയോടും പറഞ്ഞു.

അന്ധ വിശ്വാസങ്ങള്‍ക്കെതിരെയും വിഗ്രഹാരാധനയ്‌ക്കെതിരെയും ശക്തമായ നിലപാടെടുത്തതിന്റെ പേരില്‍ ഒരാള്‍ കൂടി കൊല്ലപ്പെടുന്നു. പൊതുപരിപാടിയില്‍ വിഗ്രഹാരാധനനയ്ക്കും അന്ധവിശ്വാസത്തിനുമെതിരെ യു.ആര്‍ അനന്ദമൂര്‍ത്തി എഴുത്തിലൂടെയും പ്രവര്‍ത്തനത്തനങ്ങളിലൂടെയും എടുത്ത നിലപാടുകള്‍ പരാമര്‍ശിച്ച് കല്‍ബുര്‍ഗി സംസാരിച്ചിരുന്നു.

വിഗ്രഹങ്ങള്‍ക്ക് ശക്തിയില്ലെന്നു തെളിയിക്കാന്‍ അനന്ദമൂര്‍ത്തി വിഗ്രഹങ്ങള്‍ക്കുമേല്‍ മൂത്രവിസര്‍ജനനം നടത്തിയെന്നു വെളിപ്പെടുത്തുകയും, കൂടുതല്‍ ശക്തമായി അനന്ദമൂര്‍ത്തി തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളെ മുന്നോട്ടു കൊണ്ടു പോകാനും കല്‍ബുര്‍ഗി ശ്രമിച്ചിരുന്നു. ഈ ശ്രമങ്ങളെല്ലാം ആണ് പാതിവഴിയില്‍ നിശബ്ദമാക്കപ്പെട്ടത്.

സമാനവിഷയങ്ങള്‍ ഉന്നയിച്ച കല്‍ബുര്‍ഗിയുടെ വചനസാഹിത്യത്തിലെ ഭാഗങ്ങള്‍ ഹിന്ദു മതത്തെ വ്രണപ്പെടുത്തിയെന്ന ആരോപണത്താല്‍ കര്‍ണാടകയില്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ സഘപരിവാര്‍ ശക്തികള്‍ സംഘടിപ്പിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ പോലീസ് കേസെടുക്കുകയും പുസ്തകത്തിലെ ചില ഭാഗങ്ങള്‍ അദ്ദേഹത്തിന് ഒഴിവാക്കേണ്ടതായും വന്നിരുന്നു. ഈശ്വരനെ നിന്ദിക്കുന്നതും സമുദായത്തിന്റെ വിലകുറയ്ക്കുന്നതുമായിരുന്നു ഹിന്ദുക്കളുടെ നഗ്‌നമായ വിഗ്രഹാരാധനയെന്ന് കല്‍ബുര്‍ഗി വാദിച്ചതോടെ അദ്ദേഹത്തിനു മേല്‍ വര്‍ഗ്ഗീയയ ഫാസിസ്റ്റുകളുടെ വധഭീഷണി ശക്തമായി.

നരേന്ദ്ര ധാബോല്‍ക്കര്‍ക്കും ഗോവിന്ദ് പന്‍സാരെയ്ക്കും സംഭവിച്ചതു പോലെ ഒടുവില്‍ കല്‍ബുര്‍ഗിയും കൊല്ലപ്പെട്ടു.
ഫാസിസ്റ്റ് ഭീകരത അഴിഞ്ഞാടുന്ന രാജ്യത്തില്‍ കല്‍ബുര്‍ഗിക്ക് ഇതുവരെ നീതി കിട്ടിയില്ലെന്നതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല.

മോദിക്കാലത്ത് ഒരു വെടിയുണ്ട നമ്മളെയും തേടി വന്നേക്കാം. കല്‍ബുര്‍ഗിയുടെ ഓര്‍മ്മകള്‍ കാവി ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിനു ശക്തി പകരട്ടെ.