2022ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത അനുഭവമായിരുന്നു നല്‍കിയത്. മറ്റാര് തന്നെ മറന്നാലും ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡും ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ആ ടെസ്റ്റ് ഒരിക്കലും മറക്കില്ല. ബ്രോഡിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മോശം ദിവസം പിറന്നത് കഴിഞ്ഞ വര്‍ഷം ഇതേ ജൂലൈ 2നായിരുന്നു.
രണ്ട് റെക്കോഡുകള്‍ തന്റെ പേരിലാക്കിയതിന്റെ കാരണത്താലാണ് ബുംറക്ക് ഈ ദിവസവും എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റും ഏറെ പ്രിയപ്പെട്ടതാകുന്നത്. കപില്‍ ദേവിന് ശേഷം ഒരു ഫാസ്റ്റ് ബൗളര്‍ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനമേറ്റെടുത്തു എന്നതായിരുന്നു ഇതിലെ ആദ്യത്തെ പ്രത്യേകത. രണ്ടാമത്തേതാകട്ടെ ബ്രോഡിനെ കരയിച്ചതും.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒരു ഓവറില്‍ ഏറ്റവുമധികം റണ്‍സ് നേടിയാണ് ബുംറ റെക്കോഡ് നേട്ടത്തിനുടമയായത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ 83ാം ഓവറും സ്റ്റുവര്‍ട്ട് ബ്രോഡിന്റെ 18ാം ഓവറിലുമാണ് ബുംറ വെടിക്കെട്ട് നടത്തിയത്.
35 റണ്‍സാണ് ബ്രോഡിന്റെ ആ ഓവറില്‍ പിറന്നത്. അതില്‍ 29 റണ്‍സും ബുംറ അടിച്ചെടുത്തപ്പോള്‍ എക്‌സ്ട്രാസ് വഴി ആറ് റണ്‍സും ലഭിച്ചു.
ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും എക്‌സ്‌പെന്‍സീവായ ഓവര്‍ കൂടിയായിരുന്നു അത്. ഇതോടെ ടെസ്റ്റില്‍ ഒരു ഓവറില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയതിന്റെ മോശം റെക്കോഡും ബ്രോഡിന്റെ പേരിലായിരുന്നു.
2007 ടി-20 ലോകകപ്പിലെ യുവരാജ് സിങ്ങിനെ അനുസ്മരിപ്പിക്കുന്ന പ്രകടനമായിരുന്നു ബുംറ പുറത്തെടുത്തത്. അന്ന് ഒരു ഓവറില്‍ ആറ് സിക്‌സര്‍ പറത്തി യുവി റെക്കോഡിട്ടപ്പോള്‍ റിസീവിങ് എന്‍ഡില്‍ ബ്രോഡ് തന്നെയായിരുന്നു.
ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി നേടിയ ബുംറ തൊടട്ടുത്ത പന്തില്‍ വീണ്ടും ബൗണ്ടറി നേടി. ബ്രോഡിന്റെ മൂന്നാം ഡെലിവെറി ബുംറ അതിര്‍ത്തി കടത്തിയപ്പോള്‍ ആ പന്ത് നോ ബോളായി അമ്പയര്‍ വിധിയെഴുതി. വീണ്ടും ബൗണ്ടറികളും സിക്‌സറുകളും പറന്നപ്പോള്‍ പിറന്നത് റെക്കോഡാണ്.
BOOM BOOM BUMRAH IS ON FIRE WITH THE BAT 🔥🔥
3️⃣5️⃣ runs came from that Broad over 👉🏼 The most expensive over in the history of Test cricket 🤯
എന്നാല്‍ ആ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ സമനില നേടിയാല്‍ പരമ്പര സ്വന്തമാക്കാമെന്നിരിക്കെയാണ് ഇംഗ്ലണ്ട് തകര്‍ത്തടിച്ച് വിജയം സ്വന്തമാക്കിയത്.