‘ഭൂമിയിലൊരു നരകമുണ്ടെങ്കില്‍ അത് ഗസയിലെ കുട്ടികളുടെ ജീവിതമാണ്’, ഐക്യരാഷ്ട്രസഭ തലവന്‍ അന്റോണിയോ ഗുട്ടറസ് ഈ വാക്കുകള്‍ പറഞ്ഞ് വര്‍ഷം ഒന്ന് പിന്നിടുമ്പോഴും നരകജീവിതത്തിന്റെ അവസാനപടവുകളില്‍ ജീവന് വേണ്ടിയുള്ള പോരാട്ടത്തില്‍ തന്നെയാണ് ഇന്നും ഗസയിലെ കുരുന്നുകള്‍.
ഗസയില്‍ ഇസ്രഈല്‍ കഴിഞ്ഞ വര്‍ഷം ഇതേ ദിനങ്ങളില്‍ ആരംഭിച്ച കൂട്ടക്കുരുതി ഒരാണ്ട് പിന്നിടുമ്പോഴും, ഫലസ്തീന്‍ അതിര്‍ത്തികള്‍ ലംഘിച്ച് ആ രക്തം മറ്റ് പ്രദേശങ്ങളിലേക്ക് ഒഴുകുമ്പോഴും അന്താരാഷ്ട്ര സമൂഹത്തിന് ഇന്നും നോക്കുകുത്തിയുടെ പൊസിഷനില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ചിട്ടില്ല എന്നത് ലജ്ജിപ്പിക്കുന്ന കാര്യം തന്നെയാണ്.
കാലങ്ങളായി സിമന്റ് മതിലുകളില്‍ ചുറ്റപ്പെട്ട് കിടന്ന ഒരു ജനതയുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരായുള്ള പ്രതിഷേധമായാണ് ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തെ ലോകത്തിലെ ഒരു വിഭാഗം കണക്കാക്കുന്നത്. ഒരുപക്ഷെ ഇനിയും അവര്‍ പ്രതികരിക്കാന്‍ വൈകിയിരുന്നെങ്കില്‍ ഒരു വംശത്തിനെ തന്നെ ജൂതരാഷ്ട്രം ഈ ഭൂമിയില്‍ നിന്ന് തുടച്ച് നീക്കുമായിരുന്നു.
എന്നാല്‍ നിലനില്‍പ്പിനായുള്ള ഫലസ്തീന്റെ പോരാട്ടത്തില്‍ അവര്‍ക്ക് സംഭവിച്ച നഷ്ടത്തിന്റെ കണക്കുകള്‍ മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ളതായിരുന്നു. ഫലസ്തീനിലെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 41,843 പേരാണ്. ഇതില്‍ തന്നെ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഏകദേശം 17,000 കുട്ടികള്‍ക്കാണ് ഇക്കാലയളവില്‍ മരണപ്പെട്ടത്.
ഒക്ടോബര്‍ ഏഴിലെ ആക്രമണം
ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ സൈനികശക്തിയുള്ള രാജ്യമായ ഇസ്രഈലിന്റെ പ്രതിരോധ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി കൊണ്ടാണ് ഫലസ്തീനിലെ സായുധ സംഘടനയായ ഹമാസ് ഇസ്രഈലിനെ ആക്രമിക്കുന്നത്. തെക്കന്‍ ഇസ്രഈലിലെ അതിര്‍ത്തികളിലൂടെ ഇസ്രഈലിലേക്ക് പ്രവേശിച്ച ഹമാസ് സൈനികര്‍ ഏകദേശം 1,200 ഓളം ഇസ്രഈലി പൗരന്മാരെ വധിക്കുകയും 250 ഓളം ആളുകളെ ബന്ധികളാക്കുകയും ചെയ്തു.
തൊട്ടുപിന്നാലെ അപ്രതീക്ഷിത തിരിച്ചടി നേരിട്ട ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സയണിസ്റ്റ് ഭരണകൂടം പോര്‍വിളികളുമായി ഗസയിലേക്ക് പ്രവേശിക്കുകയായിരുന്നു. കൂട്ടിന് ലോക പൊലീസെന്ന് അറിയപ്പെടുന്ന അമേരിക്ക കൂടി ചേര്‍ന്നതില്‍ പിന്നെ ഗസ സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത ദുരന്തങ്ങള്‍ക്കായിരുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള നഗരങ്ങളില്‍ ഒന്നായി കണക്കാക്കുന്ന ഗസയുടെമേല്‍ ഇസ്രഈല്‍ പോര്‍വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചുകൊണ്ടേയിരുന്നു.ആക്രമണത്തില്‍ 79,000 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 564 സ്‌കൂളുകള്‍ ആക്രമിക്കപ്പെട്ടു. ഗസയില്‍ മാത്രം ഉണ്ടായത് 2.73 ലക്ഷം കോടിയുടെ നാശനഷ്ടങ്ങളാണ്.
യുദ്ധം ഒരുമാസം പിന്നിട്ടപ്പോള്‍ ഇസ്രഈല്‍ പ്രതിരോധ സേന എന്നറിയപ്പെടുന്ന അധിനിവേശ സേന ഗസയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ അല്‍-ഷിഫയിലും തന്റെ കിരാത പ്രവര്‍ത്തികള്‍ ആരംഭിച്ചു. ആശുപത്രിയില്‍ ഹമാസിന്റെ ഭൂഗര്‍ഭ ആസ്ഥാനം ഉണ്ടെന്ന് ആരോപിച്ച് ഇസ്രഈല്‍ സേന നടത്തിയ ഉപരോധത്തില്‍ നവജാതശിശുക്കളടക്കം നിരവധി മനുഷ്യരാണ് ചികിത്സ കിട്ടാതെ മരണപ്പെട്ടത്.
ഇസ്രഈല്‍ ഗസയില്‍ നടത്തിക്കൊണ്ടിരിക്കുന്ന രക്തചൊരിച്ചിലുകള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1917ല്‍ ബാല്‍ഫര്‍ പ്രഖ്യാപനം നടത്തി ഫലസ്തീനില്‍ ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിന് ബ്രിട്ടന്‍ അനുമതി നല്‍കുന്നതിന് മുന്നേ തന്നെ അറബ് മണ്ണില്‍ ജൂതകുടിയേറ്റം ആരംഭിച്ചിരുന്നു. 1947 നവംബര്‍ 29നാണ് ഐക്യരാഷ്ട്രസഭ ഫലസ്തീന്‍ രണ്ടായി വിഭജിക്കുന്നത്. എന്നാല്‍ ഈ വിഭജനത്തില്‍ പോലും വേര്‍തിരിവുകളുണ്ടായിരുന്നു. ഫലസ്തീനിലേക്ക് കുടിയേറിവന്ന ജൂതര്‍ക്കും ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും കൂടുതല്‍ ഭൂമി ലഭിച്ചപ്പോള്‍ മുസ്‌ലിം, അറബ് വിഭാഗങ്ങള്‍ക്ക് ലഭിച്ച ഭൂമി വളരെ കുറവായിരുന്നു.
പിന്നീട് 1967ല്‍ ഇസ്രഈല്‍ പിടിച്ചെടുത്ത ഫലസ്തീനിലെ പ്രദേശങ്ങള്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ആറ് ദിന യുദ്ധം ആരംഭിച്ചു. ഈ യുദ്ധത്തില്‍ ജോര്‍ദാനില്‍ നിന്ന് ഇസ്രഈല്‍ വെസ്റ്റ്ബാങ്കും കിഴക്കന്‍ ജറുസലേമും പിടിച്ചെടുത്തു. ഫലസ്തീനില്‍ നിന്ന് ജൂലാന്‍ഡ കുന്നുകളും സ്വന്തമാക്കി. പിന്നീട് 1982ല്‍ ലെബനന്‍ യുദ്ധവും 1998ല്‍ അല്‍ അഖ്‌സയില്‍ ആക്രമണവും ഉണ്ടായി. 2007ല്‍ ഫലസ്തീന്‍ അതോറിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ഹമാസ് വിജയിക്കുന്നത്. വെസ്റ്റ് ബാങ്കില്‍ ഫത്തഹ് ആണ് ഭരണം നടത്തുന്നത്. 2014ല്‍ ഹമാസും ഫത്തഹും ഐക്യകരാറിലെത്തിയിരുന്നു.
ബലിയാടാകുന്ന കുട്ടികള്‍
ലോകത്തില്‍ ഇതുവരെ നടന്ന എല്ലാ യുദ്ധങ്ങളിലും ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച വിഭാഗങ്ങളാണ് സ്ത്രീകളും കുട്ടികളും. ഗസയിലും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ ഓരോ 15 മിനിട്ടിലും ഒരു കുട്ടി കൊല്ലപ്പെടുന്നതായാണ് ‘ദി ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റനാഷണല്‍’ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുവരെ മാതാപിതാക്കളെ നഷ്ടപ്പെട്ടത് 17,000 കുട്ടികള്‍ക്കാണ്. ഒരു കാലത്ത് കുട്ടികള്‍ക്ക് അറിവ് പകര്‍ന്നിരുന്ന 85 ശതമാനം സ്‌കൂളുകളും യുദ്ധത്തില്‍ നിലംപരിശായി. 6,25,000 കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി. ഇപ്പോള്‍ യു.എന്‍ പോലുള്ള സംഘടനകളുടെ പ്രവര്‍ത്തകര്‍ ചൊല്ലിക്കൊടുക്കുന്ന പാഠങ്ങളാണ് അവരുടെ ഏക ആശ്വാസം. 40,000ത്തോളം വരുന്ന കുഞ്ഞുങ്ങള്‍ക്ക് യുദ്ധം കാരണം പരീക്ഷ എഴുതാന്‍ സാധിച്ചില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ ഫീദെന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പിടിമുറുക്കുന്ന രോഗങ്ങളും പട്ടിണിയും
ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിനിടയിലാണ് ഗസയില്‍ പത്ത് മാസം പ്രായമുള്ള കുഞ്ഞിന് പോളിയോ രോഗം സ്ഥിരീകരിച്ചത്. 25 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഗസയില്‍ പോളിയോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈയില്‍ ഖാന്‍ യൂനുസിന്റെതെക്ക് ഭാഗത്തും ഡെയ്ര്‍ അല്‍ ബലായില്‍ നിന്നും ശേഖരിച്ച അഴുക്കുജലത്തിലും രണ്ട് തരത്തിലുള്ള പോളിയോ വൈറസ് വകഭേദങ്ങളെ കണ്ടെത്തിയിരുന്നു. പോളിയോ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ യു.എന്നിന്റെ നേതൃത്വത്തില്‍ ഗസയില്‍ പോളിയോ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ആരംഭിച്ചിരുന്നെങ്കിലും ഇസ്രഈല്‍ വെടിനിര്‍ത്തലിന് തയ്യാറായിരുന്നില്ല.
ഒരു വശത്ത് രോഗങ്ങള്‍ പിടിമുറുക്കുമ്പോള്‍ മറുഭാഗത്ത് പട്ടിണിയുടെ പിടിയിലാണ് ഫലസ്തീനിലെ മുഴുവന്‍ ജനസമൂഹവും. റഫ അതിര്‍ത്തിയില്‍ ഇസ്രഈലിന്റെ അനുമതി കാത്ത് നില്‍ക്കുന്ന ട്രക്കുകള്‍ക്ക് വേണ്ടി ഗസയില്‍ പാത്രങ്ങളുമായി ഒരു ജനത മുഴുവന്‍ കാത്തുനില്‍ക്കുന്നു. എന്നാല്‍ അവിടെയും ഇസ്രഈലിന്റെ ക്രൂരത അവസാനിച്ചില്ല. മാര്‍ച്ച് മാസത്തില്‍ ഡെയ്ര്‍ അല്‍ ബലായില്‍ ഭക്ഷണം വിതരണം ചെയ്യാനെത്തിയ ഫുഡ് ട്രക്കിന് നേരെ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. യുദ്ധം ആരംഭിച്ചതോടെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവും വിലക്കയറ്റവും ഫലസ്തീന്‍ ജനതയുടെ ജീവിതം ദുരിതപൂര്‍ണമാക്കി.
ഫലസ്തീനെ കൈവിട്ട ഇന്ത്യന്‍ നിലപാട്
ഒരുകാലത്ത് ഫലസ്തീന്റെ അടുത്ത സുഹൃത്ത് വലയങ്ങളില്‍പ്പെട്ട രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഫലസ്തീന്‍ അതോറിറ്റി നേതാവ് യാസര്‍ അറഫാത്തുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇന്ത്യയുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഫല്‌സ്തീന്‍ അനുകൂല നിലപാടില്‍ വ്യതിചലനമുണ്ടായി. ഇന്ന് ഇസ്രഈലിന്റെ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഫലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്ന ഇന്ത്യ ഒക്ടോബര്‍ ഏഴിലെ ആക്രമത്തോട് കൂടിയാണ് പരസ്യമായ ഇസ്രഈല്‍ അനുകൂല നിലപാട് സ്വീകരിക്കുന്നത്. ഹമാസ് ആക്രമണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അന്നത്തെ എക്‌സ് കുറിപ്പില്‍ ഇന്ത്യ ഇസ്രഈലിനൊപ്പമാണ് എന്ന നിലപാട് സ്വീകരിച്ചിരുന്നു.
എന്നാല്‍ ഇതിനെതിരെ രാജ്യത്തിനകത്തു നിന്ന് തന്നെ വിമര്‍ശനം ശക്തമായതോടെ ഫലസ്തീന് സ്വതന്ത്ര രാഷ്ട്ര പദവി നല്‍കണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ചുരുങ്ങിയ കാലയളവിലാണ് ഇന്ത്യയും ഇസ്രഈലും തമ്മിലുള്ള നയതന്ത്ര ബന്ധം ഇത്രയും ശക്തമാവുന്നത്. 2017ല്‍ ഇസ്രഈല്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറി. നിലവില്‍ റഷ്യയും ഫ്രാന്‍സും കഴിഞ്ഞാല്‍ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇസ്രഈല്‍.
അപ്രത്യക്ഷമാകുന്ന അന്താരാഷ്ട്ര നിയമങ്ങള്‍
ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ ഇസ്രഈല്‍ ഗസയില്‍ നടത്തുന്നത് വംശഹത്യയാണെന്ന് വാദിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രഈല്‍ നടത്തുന്ന അധിനിവേശം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ജൂലൈ 19ന് അന്താരാഷ്ട്ര നീതി ന്യായ കോടതി വിധിച്ചിരുന്നു. കൂടാതെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഐ.സി.ജെ അറസ്റ്റ് വാറണ്ട് പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍ യുദ്ധം ആരംഭിച്ചതുമുതല്‍ ഇസ്രഈലിനെ സപ്പോര്‍ട്ട് ചെയ്തിരുന്ന പല രാജ്യങ്ങളും ഗസയിലെ കൂട്ടക്കുരുതി കാരണം ഫലസ്തീന്റെ ചേരിയിലേക്ക് കൂടുമാറി. ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങള്‍ ഇസ്രഈലിന് ആയുധം നല്‍കുന്നത് നിര്‍ത്തി വെച്ചു. എന്തിന് ഇസ്രഈലിന്റെ ‘ക്രൈം പാര്‍ട്ട്ണര്‍’ ആയ അമേരിക്ക പോലും ഇസ്രഈലിനെ പല സമയങ്ങളിലും തള്ളിപ്പറഞ്ഞു.
ഇസ്രഈല്‍ ഗസയില്‍ ആക്രമണം ആരംഭിച്ചത് മുതല്‍ തന്നെ ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി എത്തിയ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായിരുന്നു ലെബനന്‍. ഇസ്രഈല്‍ അതിര്‍ത്തികളിലേക്ക് ഒളിഞ്ഞും തെളിഞ്ഞും അവര്‍ ആക്രമണം നടത്തി. എന്നാല്‍ ഇസ്രഈല്‍ അതിന് മറുപടിയായി ലെബനനില്‍ നടത്തിയ പേജര്‍ ആക്രമണത്തില്‍ 12 ഓളം പേര്‍ കൊല്ലപ്പെടുകയും 1200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ല കൂടി കൊല്ലപ്പെട്ടതോടെ ഇസ്രഈല്‍ ലെബനനില്‍ കരയുദ്ധം ആരംഭിക്കാന്‍ കോപ്പുകൂട്ടി. ഇതുവരെ ഇസ്രഈല്‍ ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏകദേശം രണ്ടായിരം കടന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇറാനും പ്രോക്‌സി ഗ്രൂപ്പുകളും യുദ്ധത്തിലേക്ക്
ഗസയില്‍ ഇസ്രഈല്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ തന്നെ ഹമാസിനൊപ്പം ഇറാന്റെ പ്രോക്‌സി ഗ്രൂപ്പുകളായ ഹിസ്ബുല്ലയും ഹൂത്തികളും ഇസ്രഈലിനെതിരെ യുദ്ധ രംഗത്തുണ്ടായിരുന്നു. ഹിസ്ബുല്ല കരവഴി ആക്രമണം നടത്തിയപ്പോള്‍ യെമനിലെ വിമത സംഘമായ ഹൂത്തികള്‍ ചെങ്കടല്‍ വഴി ഇസ്രഈലി ബന്ധമുള്ള കപ്പലുകള്‍ ആക്രമിച്ചാണ് ഇസ്രഈലിനെ പ്രതിരോധിച്ചത്. ഇതിനെതിരെ ഇസ്രഈലിന്റെ സഖ്യകക്ഷിയായ അമേരിക്ക പ്രത്യാക്രമണം നടത്തിയിരുന്നെങ്കിലും ഗസയ്ക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ടുള്ള ഈ പോരാട്ടം ഇന്നും ഹൂത്തികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഗസയില്‍ യുദ്ധം ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ഇസ്രഈല്‍ ഇറാന്റെ ഡമസ്‌കസിലെ കാര്യാലയം തകര്‍ത്തിരുന്നു. എന്നാല്‍ ഇതിനെതിരെ ഇറാന്‍ തിരിച്ചടിച്ചെങ്കിലും അത് വലിയ രീതിയില്‍ ഇസ്രഈലില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍ ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ വെച്ച് കൊല്ലപ്പെട്ടപ്പോള്‍ തന്നെ ഇറാന്‍ ഇസ്രഈലിനെ ആക്രമിക്കുമെന്ന് ലോകം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇസ്രഈല്‍ ഒരു പടികൂടി കടന്ന് ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയെ കൊലപ്പെടുത്തിയപ്പോഴാണ് ഇറാന്‍ തിരിച്ചടിച്ചത്.
ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ആ ആക്രമണത്തില്‍ ഏകദേശം 400 ലധികം മിസൈലുകളാണ് ഇസ്രഈലില്‍ പതിച്ചത്. എന്നാല്‍ ആക്രമണത്തില്‍ ആളപായമുണ്ടായിട്ടില്ല. അതേസമയം ഇസ്രഈല്‍ ഈ ആക്രമണത്തിന് ഇതുവരെ മറുപടി കൊടുക്കാത്ത സാഹചര്യത്തില്‍ ഒരുപക്ഷെ വലിയൊരു ആക്രമണത്തിനുള്ള തയ്യാറെടുപ്പിലാണ് ഇസ്രഈല്‍ എന്ന സൂചനയുമുണ്ട്. കൂടാതെ ഹൂത്തികള്‍ക്കെതിരെ യെമനിലും ഇസ്രഈല്‍ ആക്രമണം വ്യാപിപ്പിച്ചതോടെ ഒരു മൂന്നാം ലോക മഹായുദ്ധമാവും പശ്ചിമേഷ്യയെ കാത്തിരിക്കുന്നത് എന്ന കാര്യം നിസംശയം പറയാം.
Content Highlight: One year of Israel’s occupation of Palestine