ടെസ്റ്റ് ഫോര്‍മാറ്റില്‍ ആദ്യമായി ഇന്ത്യന്‍ വനിതാ ടീം ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയ ചരിത്ര നേട്ടത്തിന് ഇന്നേക്ക് ഒരു വയസ്. 2023ലെ ഓസ്‌ട്രേലിയ വനിതാ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലെ വണ്‍ ഓഫ് ടെസ്റ്റിലാണ് ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കിയത്. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.
സ്‌കോര്‍
ഓസ്‌ട്രേലിയ: 219 & 261
ഇന്ത്യ: 406 & 75/2 (T: 75)
ഇതാദ്യമായാണ് ഇന്ത്യന്‍ വനിതാ ടീം ഓസ്‌ട്രേലിയയെ ടെസ്റ്റ് മത്സരത്തില്‍ പരാജയപ്പെടുത്തുന്നത്. ഇതിന് മുമ്പ് നടന്ന പത്ത് മത്സരത്തില്‍ നാലെണ്ണം ഓസീസ് വിജയിച്ചപ്പോള്‍ ആറ് ടെസ്റ്റ് സമനിലയിലും അവസാനിച്ചു.
ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ്
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സന്ദര്‍ശകര്‍ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. ഫോബ് ലിച്ച്ഫീല്‍ഡിനെ ഡയമണ്ട് ഡക്കായി നഷ്ടമായ ഓസീസിന് എല്ലിസ് പെറിയെ നാല് റണ്‍സിനും നഷ്ടമായി.
എന്നാല്‍ ബെത് മൂണിയെ ഒപ്പം കൂട്ടി താലിയ മഗ്രാത് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഇരുവരുടെയും അനുഭവ സമ്പത്തിന്റെ കരുത്തില്‍ ഓസീസ് തകര്‍ച്ചയില്‍ നിന്നും കരകയറവെ മൂണിയെ പുറത്താക്കി പൂജ വസ്ത്രാകര്‍ ഇന്ത്യക്ക് ബ്രേക് ത്രൂ നല്‍കി. 94 പന്തില്‍ 40 റണ്‍സ് നേടി നില്‍ക്കവെയാണ് ബെത് മൂണി പുറത്തായത്.
അധികം വൈകാതെ മഗ്രാത്തിനെയും ടീമിന് നഷ്ടമായി. സ്‌നേഹ് റാണയാണ് വിക്കറ്റ് നേടിയത്. 56 പന്തില്‍ 50 റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്.
അഞ്ചാം നമ്പറിലെത്തിയ ക്യാപ്റ്റന്‍ അലീസ ഹീലിയും ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും താരം 38 റണ്‍സിന് പുറത്തായി. പിന്നാലെയെത്തിയവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാകാതെ വന്നതോടെ ഓസീസ് 219ന് പുറത്തായി.
ഇന്ത്യക്കായി പൂജ വസ്ത്രാകര്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ സ്‌നേഹ് റാണ മൂന്ന് വിക്കറ്റും നേടി. ദീപ്തി ശര്‍മയാണ് ശേഷിച്ച രണ്ട് വിക്കറ്റും സ്വന്തമാക്കിയത്.
ഇന്ത്യ ഒന്നാം ഇന്നിങ്‌സ്
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍മാരായ ഷെഫാലി വര്‍മയും സ്മൃതി മന്ഥാനയും മികച്ച തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ 90 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടോട്ടലിലേക്ക് സംഭവാന ചെയ്തത്.
59 പന്തില്‍ 40 റണ്‍സ് നേടിയ ഷെഫാലിയെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ജെസ് ജോന്നാസനാണ് വിക്കറ്റ് നേടിയത്. പിന്നാലെയെത്തിയ സ്‌നേഹ് റാണ 57 പന്ത് നേരിട്ട് ഒമ്പത് റണ്‍സും നേടി മടങ്ങി.
ഒരു വശത്ത് നിന്നും റാണ ചെറുത്തുനില്‍ക്കവെ മറുവശത്ത് സ്‌കോര്‍ ഉയര്‍ത്താനുള്ള ചുമതല മന്ഥാനക്കായിരുന്നു. ആ ദൗത്യം താരം നിര്‍വഹിക്കുകയും ചെയ്തു. ടീം സ്‌കോര്‍ 147ല്‍ നില്‍ക്കവെ 74 റണ്‍സുമായി മന്ഥാന തിരിച്ചു നടന്നു.
നാലാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി ജെമീമ റോഡ്രിഗസും റിച്ച ഘോഷും ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു. 113 റണ്‍സാണ് നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്. റിച്ച ഘോഷ് 104 പന്തില്‍ 52 റണ്‍സടിച്ചപ്പോള്‍ 121 പന്തില്‍ 73 റണ്‍സാണ് ജെമീമ സ്വന്തമാക്കിയത്.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സില്‍വര്‍ ഡക്കായെങ്കിലും പിന്നാലെയെത്തിയ ദീപ്തി ശര്‍മയും പൂജ വസ്ത്രാകറും ചേര്‍ന്ന് വീണ്ടും സ്‌കോര്‍ ബോര്‍ഡ് മുന്നോട്ട് ചലിപ്പിച്ചു. ഒടുവില്‍ 187 റണ്‍സിന്റെ ലീഡുമായി ഇന്ത്യ ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിച്ചു.
ദീപ്തി ശര്‍മ 171 പന്തില്‍ നിന്നും 78 റണ്‍സടിച്ചപ്പോള്‍ 126 പന്തില്‍ 47 റണ്‍സാണ് വസ്ത്രാകര്‍ നേടിയത്.
ഓസ്‌ട്രേലിയക്കായി ആഷ്‌ലീഗ് ഗാര്‍ഡ്‌നര്‍ ഫോര്‍ഫര്‍ നേടി. അന്നബെല്‍ സതര്‍ലാന്‍ഡും കിം ഗ്രാത്തും രണ്ട് വിക്കറ്റ് വീതം നേടി. മന്ഥാന റണ്‍ ഔട്ടായപ്പോള്‍ ജെസ് ജോന്നാസനാണ് ശേഷിച്ച വിക്കറ്റ് നേടിയത്.
ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ്
ആദ്യ ഇന്നിങ്‌സില്‍ തകര്‍ന്ന ടോപ് ഓര്‍ഡര്‍ രണ്ടാം ഇന്നിങ്‌സില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചു. താലിയ മഗ്രാത് തന്നെയാണ് രണ്ടാം ഇന്നിങ്‌സിലും ഓസീസിനെ തോളിലേറ്റിയത്.
177 പന്ത് നേരിട്ട താരം 73 റണ്‍സ് നേടി പുറത്തായി. പത്ത് ഫോറാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. ആദ്യ ഇന്നിങ്‌സില്‍ പാടെ നിരാശപ്പെടുത്തിയ എല്ലിസ് പെറി 45 റണ്‍സുമായി രണ്ടാമത് മികച്ച റണ്‍ ഗെറ്ററായി.
ബെത് മൂണി (37 പന്തില്‍ 33), അലിസ ഹീലി (101 പന്തില്‍ 33), അന്നബെല്‍ സതര്‍ലാന്‍ഡ് (102 പന്തില്‍ 27), ഫോബ് ലിച്ച്ഫീല്‍ഡ് (44 പന്തില്‍ 18) എന്നിവരാണ് ഓസ്‌ട്രേലിയക്കായി സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.
ഒടുവില്‍ 261 റണ്‍സിന് പുറത്തായ ഓസീസ് 75 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യക്ക് മുമ്പില്‍ വെച്ചു.
രണ്ടാം ഇന്നിങ്‌സില്‍ സ്‌നേഹ് റാണ നാല് വിക്കറ്റ് നേടിയപ്പോള്‍ രാജേശ്വരി ഗെയ്ക്വാദ്, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. ഒരു വിക്കറ്റുമായി പൂജ വസ്ത്രാകറും മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചു.
ഓസീസ് ഉയര്‍ത്തിയ 75 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഷെഫാലി വര്‍മയുടെയും റിച്ച ഘോഷിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.