| Tuesday, 17th September 2024, 1:47 pm

എണ്ണിയെണ്ണി തലയരിഞ്ഞ് സിറാജ്; ചീക്കുവിന്റെ മിയാന്റെ കരുത്തില്‍ ഇന്ത്യ നേടിയ കിരീടം, എങ്ങനെ മറക്കും

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തി ഏഷ്യാ കപ്പ് കിരീടം തലയിലണിഞ്ഞത്. കൊളംബോയില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ലങ്ക ഉയര്‍ത്തിയ 51 റണ്‍സിന്റെ വിജയലക്ഷ്യം 269 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

തങ്ങളുടെ എട്ടാം ഏഷ്യാ കപ്പ് കിരീടം ലക്ഷ്യമിട്ട് ഇന്ത്യയും ഏഴാം കിരീടത്തിലേക്ക് കണ്ണുനട്ട് ശ്രീലങ്കയും കലാശപ്പോരാട്ടത്തിനായി കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തത്തിലെത്തി. കലാശപ്പോരാട്ടത്തില്‍ ടോസ് നേടിയ ലങ്കന്‍ നായകന്‍ ദാസുന്‍ ഷണക ബാറ്റിങ് തെരഞ്ഞെടുത്തു.

പാതും നിസങ്കയും കുശാല്‍ പെരേരയുമാണ് ആതിഥേയര്‍ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. പിന്നീട് നടന്നത് ശ്രീലങ്ക തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങളാണ്.

കണ്ണുചിമ്മി തുറക്കും മുമ്പായിരുന്നു ലങ്കന്‍ നിരയുടെ പതനം. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ കുശാല്‍ പെരേരയെ സില്‍വര്‍ ഡക്കാക്കി ജസ്പ്രീത് ബുംറ മടക്കി. കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത മാത്രമായിരുന്നു അത്. ശേഷം കൊളംബോയില്‍ വീശിയടിച്ച സിറാജ് സ്‌റ്റോമില്‍ ലങ്ക പറന്നുപോവുകയായിരുന്നു.

ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ആറ് വിക്കറ്റുകളാണ് സിറാജ് പറിച്ചെറിഞ്ഞത്. ക്യാപ്റ്റന്‍ ദാസുന്‍ ഷണകയുള്‍പ്പെടെ സിറാജിന്റെ വേഗമറിഞ്ഞു.

മൂന്നാം ഓവറിലെ ആദ്യ പന്തില്‍ സൂപ്പര്‍ താരം പാതും നിസങ്കയെ മടക്കിക്കൊണ്ടാണ് സിറാജ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ബാക്ക് വാര്‍ഡ് പോയിന്റിലേക്ക് ഷോട്ട് കളിച്ച നിസങ്ക രവീന്ദ്ര ജഡേജയുടെ കയ്യിലൊതുങ്ങി. നാല് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് താരത്തിന്റെ പേരിലുണ്ടായിരുന്നത്.

പിന്നാലെയെത്തിയ സധീര സമരവിക്രമയെ ഓവറിലെ മൂന്നാം പന്തില്‍ സില്‍വര്‍ ഡക്കാക്കിയും തൊട്ടടുത്ത പന്തില്‍ ചരിത് അസലങ്കയെ ഗോള്‍ഡന്‍ ഡക്കാക്കിയും സിറാജ് പുറത്താക്കി. ഓവറിലെ അവസാന പന്ത് ക്യാപ്റ്റന്‍ ദാസുന്‍ ഷണകയ്ക്കുള്ളതായിരുന്നു. ഗംഭീര്‍ അടക്കമുള്ളവരെ അമ്പരപ്പിച്ച വെടിക്കെട്ട് വീരന്‍ നാല് പന്തില്‍ ഒറ്റ റണ്‍സ് പോലും നേടാനാകാതെ സിറാജിന്റെ വേഗതയ്ക്ക് മുമ്പില്‍ കീഴടങ്ങി.

ടീമിന്റെ ടോപ് സ്‌കോററായ കുശാല്‍ മെന്‍ഡിസിനെയാണ് സിറാജ് അവസാനമായി മടക്കിയത്. ക്ലീന്‍ ബൗള്‍ഡാക്കിയാണ് മെന്‍ഡിസിന് സിറാജ് പവലിയനിലേക്കുള്ള വഴി കാണിച്ചുകൊടുത്തത്.

ഏഴ് ഓവറില്‍ ഒരു മെയ്ഡനടക്കം 21 റണ്‍സ് വഴങ്ങിയാണ് സിറാജ് ആറ് വിക്കറ്റ് നേടിയത്. ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ബുംറ ഒരു വിക്കറ്റും നേടി.

അവസാന വിക്കറ്റായി മതീശ പതിരാനയെ ഹര്‍ദിക് ഗോള്‍ഡന്‍ ഡക്കാക്കി മടക്കുമ്പോള്‍ വെറും 50 റണ്‍സാണ് ലങ്കന്‍ ടോട്ടലിലുണ്ടായിരുന്നത്.

51 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയെ ആദ്യ വിക്കറ്റില്‍ തന്നെ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി ഗില്ലും ഇഷാന്‍ കിഷനും വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ചരിത്രത്തിലെ തങ്ങളുടെ എട്ടാം ഏഷ്യാ കപ്പ് കിരീടമാണ് ഇന്ത്യ ലങ്കന്‍ മണ്ണില്‍ സ്വന്തമാക്കിയത്. മുഹമ്മദ് സിറാജ് കളിയിലെ താരമായപ്പോള്‍ കുല്‍ദീപ് യാദവാണ് ടൂര്‍ണമെന്റിലെ താരമായത്.

Content Highlight: One Year of India’s 8th Asia Cup victory, Mohammevs sri lankd Siraj scalped 6 wickets

We use cookies to give you the best possible experience. Learn more