| Friday, 3rd March 2023, 5:40 pm

അന്നൊരു നാള്‍ കോഴിക്കോട് മാവൂര്‍ റോഡ് മുതല്‍ അരയിടത്ത് പാലം വരെ ബ്ലോക്കില്‍ മുങ്ങി; മൈക്കിളപ്പ തിയേറ്ററുകളില്‍ ആറാടിയിട്ട് ഒരു വര്‍ഷം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊവിഡിന്റെ ഇടവേളക്ക് ശേഷം മമ്മൂട്ടിയുടെ തിരിച്ചുവരവിനൊപ്പം മലയാള സിനിമക്ക് ജീവന്‍ വെച്ച നാളുകളായിരുന്നു 2022 മാര്‍ച്ച് മൂന്നിന് ശേഷം കൈ വന്നത്. തിരിച്ചുവരവിന്റെ പാതയിലേക്ക് എത്തുന്ന തിയേറ്ററുകള്‍ക്ക് വലിയ ഉണര്‍വാണ് ഭീഷ്മ പര്‍വ്വം നല്‍കിയത്. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലും മലയാള സിനിമ ചരിത്രത്തിലും അടയാളപ്പെടുത്തിയ ഭീഷ്മ പര്‍വ്വം എന്ന സിനിമ റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്.

ഭീഷ്മ പര്‍വ്വത്തിന്റെ ടിക്കറ്റ് ലഭിക്കാനായി തിയേറ്ററുകള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ് രൂപപ്പെട്ടിരുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് മുന്നില്‍ വലിയ ഗതാഗത കുരുക്ക് സൃഷ്ടിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. അന്ന് കോഴിക്കോട് മാവൂര്‍ റോഡിലെ കൈരളി ശ്രീ തിയേറ്ററിന് മുന്നില്‍ രൂപപ്പെട്ട ഗതാഗത കുരുക്കിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അരയിടത്ത് പാലം വരെ നീണ്ട ഗതാഗത കുരുക്കാണ് മാവൂര്‍ റോഡിലുണ്ടായിരുന്നത്.

400 ഓളം സ്‌ക്രീനില്‍ കളിച്ചിട്ടും ഓരോ ദിവസം കൂടുംതോറും, കൂടെയുള്ള പടങ്ങളുടെ എല്ലാം തിയേറ്റര്‍ എടുത്ത് കളിച്ചിട്ടും അഡീഷണല്‍ പുലര്‍ച്ചെ ഷോകള്‍ ഓടിയിട്ടും ടിക്കറ്റ് കിട്ടാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. പല തിയേറ്ററുകളും എക്സ്ട്രാ പ്ലാസ്റ്റിക് കസേരകളിട്ടും സിനിമ കാണുന്ന പ്രേക്ഷകരുടെ ദൃശ്യങ്ങള്‍ വൈറലായി. ചുരുക്കി പറഞ്ഞാല്‍ ഭീഷ്മ തരംഗമായിരുന്നു തിയേറ്ററുകളില്‍.

സൗദി അറേബ്യയിലെ ജിദ്ദയില്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഫാന്‍സ് ഷോകള്‍ സംഘടിപ്പിച്ചിരുന്നു. ജിദ്ദ ജാമിഅ പ്ലാസയിലെ സിനി പോളിസ് തിയേറ്ററില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്ക് രണ്ട് സ്‌ക്രീനുകളിലായാണ് ഫാന്‍സ് ഷോ സംഘടിപ്പിച്ചത്.

ആക്ഷനിലും സംഭാഷണങ്ങളിലും മ്യൂസിക്കിലും ഭീഷ്മ പര്‍വ്വത്തിന് വലിയ മികവ് കാട്ടാനായി. സംവിധായകന്‍ അമല്‍ നീരദിന്റെ സ്റ്റൈലിഷ് മേക്കിങ് തന്നെയാണ് ഭീഷ്മ പര്‍വത്തിന്റെ പ്രധാന ആകര്‍ഷണം. ഒപ്പം സുഷിന്‍ ശ്യാമിന്റെ മ്യൂസിക്കും മാസ് പരിവേഷത്തിന് മാറ്റ് കൂട്ടി.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അനഘ, ശ്രിന്ദ, ലെന, നദിയ മൊയ്തു, ഫര്‍ഹാന്‍ ഫാസില്‍, മാലാ പാര്‍വതി, ജിനു ജോസഫ്, റംസാന്‍, സുദേവ് നായര്‍, നെടുമുടി വേണു, കെ.പി.എ.സി ലളിത തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരന്നിരുന്നത്.

Content Highlight: one year of bheeshma parvam

We use cookies to give you the best possible experience. Learn more