വിനായകന്റെ ആത്മഹത്യയ്ക്ക് ഒരുവര്‍ഷം; എങ്ങുമെത്താതെ അന്വേഷണം
Dalit Life and Struggle
വിനായകന്റെ ആത്മഹത്യയ്ക്ക് ഒരുവര്‍ഷം; എങ്ങുമെത്താതെ അന്വേഷണം
ജിതിന്‍ ടി പി
Friday, 20th July 2018, 4:03 pm

പൊലീസ് കസ്റ്റഡിയിലെ പീഡനത്തെത്തുടര്‍ന്ന് ഒരുവര്‍ഷം മുന്‍പാണ് തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന്‍ ആത്മഹത്യ ചെയ്യുന്നത്. നീതി ലഭിക്കുമെന്ന് കരുതി കുടുംബം ഒരു വര്‍ഷമായി കാത്തിരിക്കുന്നു. എന്നാല്‍ ആ പ്രതീക്ഷകള്‍ മുഴുവന്‍ അസ്ഥാനത്താവുന്ന അവസ്ഥയാണ് നിലവിലുള്ളത്.

അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കുറ്റാരോപിതരായ ശ്രീജിത്ത്, സാജന്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷന്‍ കാലാവധി തീരും മുന്‍പ് സര്‍വ്വീസില്‍ തിരികെ പ്രവേശിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍ ഇത് സാധാരണ നടപടി മാത്രമാണെന്നായിരുന്നു അധികൃതരുടെ മറുപടി.

പൊലീസുകാര്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നു എന്നതിനാല്‍ തന്നെ കുറ്റകരമായ അനാസ്ഥയാണ് തുടക്കം മുതല്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നാണ് ജസ്റ്റിസ് ഫോര്‍ വിനായകന്‍ എന്ന ആക്ഷന്‍ കൗണ്‍സില്‍ പറയുന്നത്. വിനായകന്‍ കേസ് വിചാരണ നിലവില്‍ നടക്കുന്ന ലോകായുക്ത കോടതിയുടെ ആദ്യ ഉത്തരവ് തന്നെ ഈ വീഴ്ചകള്‍ കൃത്യമായി ചൂണ്ടിക്കാട്ടുന്നതായിരുന്നുവെന്നും ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കുന്നു.

പൊലീസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന നിരീക്ഷണങ്ങളായിരുന്നു ജസ്റ്റിസ് പയസ്.സി. കുര്യാക്കോസ് 9/11/2017 പുറത്തിറക്കിയ ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നത്. മാത്രമല്ല പാലക്കാട് ഡി.വൈ.എസ്.പി ഫിറോസ് എം. ഷഫീഖ് സ്വന്തം കാര്യസിദ്ധിക്കു വേണ്ടി പദവി ദുരുപയോഗം ചെയ്യുകയും വ്യക്തിതാല്‍പര്യവും സ്വജനപക്ഷപാതവും നടത്തിയും പ്രഥമദൃഷ്ട്യാ ഉദ്യോഗനിര്‍വഹണത്തില്‍ വീഴ്ചവരുത്തുകയും ചെയ്തിട്ടും പരാതിയില്‍ ഇയാളെ കക്ഷി ചേര്‍ത്തിരുന്നില്ല. പിന്നീട് കക്ഷിയായി കോടതി സ്വമേധയാ ചേര്‍ക്കുകയായിരുന്നു.

തുടക്കം മുതല്‍ തന്നെ കേസന്വേഷണം മന്ദഗതിയിലായിരുന്നെന്നും പ്രതീക്ഷിച്ച യാതൊരു പുരോഗതിയും ഇതുവരെയും ഉണ്ടായിട്ടില്ലെന്നും വിനായകന്റെ സഹോദരന്‍ വിഷ്ണു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“അന്വേഷണം തുടങ്ങിയിടത്തുതന്നെയാണ്. യാതൊരു പുരോഗതിയും ഇല്ല. 27 ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. അത് കഴിഞ്ഞിട്ട് ഭാവി പരിപാടികള്‍ തീരുമാനിക്കും. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ല. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് അവര്‍ ഇപ്പോഴും സര്‍വീസിലുണ്ട്.” വിഷ്ണു പറയുന്നു.

സി.ബി.ഐ അന്വേഷണം അടക്കമുള്ള ആവശ്യങ്ങള്‍ കുറ്റപത്രം സമര്‍പ്പിച്ചതിനുശേഷം തീരുമാനിക്കുമെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു. കുടുംബത്തിന് സര്‍ക്കാര്‍ സഹായം പോലും പ്രഖ്യാപിച്ചിട്ടില്ല.

കൃഷ്ണന്‍- വിനായകന്റെ പിതാവ്‌

തന്നെ പ്രതിചേര്‍ത്ത നടപടിയെ ചോദ്യംചെയ്ത് നിലവില്‍ കേസിലെ പ്രതിയായ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഫിറോസ് എം. ഷഫീഖ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലോകായുക്ത, കോടതി നടപടി ശരിവെക്കുകയാണ് ഹൈക്കോടതി ചെയ്തത്. എന്നാല്‍ പ്രതിചേര്‍ക്കപ്പെട്ട, കൃത്യവിലോപം നടത്തിയെന്ന് കൃത്യമായി ബോധ്യപ്പെട്ട ഉദ്യോഗസ്ഥനെതിരേ സര്‍ക്കാര്‍ തലത്തിലോ ഉദ്യോഗസ്ഥതലത്തിലോ യാതൊരു നടപടിയും ഇന്നോളം ഉണ്ടായിട്ടില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ പ്രതിചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടതായി ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞിരുന്നു. ഈയവസരത്തില്‍ പ്രതിയായ പാലക്കാട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ് പി ഫിറോസ് എം ഷഫീഖിനെ കേസന്വേഷണത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റി അറസ്റ്റു ചെയ്യാനും കേസന്വേഷണം സി.ബി.ഐക്കു വിടാനും നടപടിയുണ്ടാവണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു.

നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാനത്തില്‍ 2017, ഡിസംബര്‍ 4ന് വിനായകന്റെ കുടുംബത്തെയും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളെയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും തുടര്‍ന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് ഡി.ജി.പിയുടെയും ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരില്‍ ഏറ്റവും പ്രഗത്ഭനായ ഉദ്യോഗസ്ഥന്‍ തന്നെ കേസ് അന്വേഷിക്കട്ടേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.

ഇങ്ങനെയാണ് എസ്.പി ഉണ്ണിരാജയെ അന്വേഷണം ഏല്‍പ്പിക്കുന്നത്. എന്നാല്‍ ഉണ്ണിരാജ അന്വേഷണം ഏറ്റെടുത്ത് ഏഴുമാസം പിന്നിട്ടിട്ടും പുരഗോതിയില്ലെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നത്. അന്വേഷണം ഏറ്റെടുത്ത ഉടനെ വിനായകന്റെ കുടുംബത്തെ ഉണ്ണിരാജ സന്ദര്‍ശിച്ചിരുന്നെങ്കിലും പിന്നീട് അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയില്‍ യാതൊരു വിധത്തിലും വിനായകന്റെ കുടുംബത്തോട് ബന്ധപ്പെടുകയോ വിവരങ്ങള്‍ കൈമാറുകയോ ചെയ്തിട്ടില്ല.

കേസുമായി ബന്ധപ്പെട്ട് ലോകായുക്ത കോടതിയില്‍ ഹാജരാകാനാവശ്യപ്പെട്ടപ്പോഴും അദ്ദേഹം അവധി തേടുകയാണ് ഉണ്ടായതെന്ന് ആക്ഷന്‍ കൗണ്‍സില്‍ പറയുന്നു.

അന്വേഷണറിപ്പോര്‍ട്ടില്‍ നീതി ലഭിക്കില്ലെന്ന് തോന്നിയാല്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നാണ് വിനായകന്റെ കുടുംബം പറയുന്നത്.

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.