| Saturday, 11th January 2020, 12:17 pm

രാജ്യത്തെ തൊഴിലില്ലായ്മ അതിരൂക്ഷം; മണിക്കൂറില്‍ ഒരു തൊഴില്‍രഹിതന്‍ വീതം ആത്മഹത്യ ചെയ്യുന്നെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഓരോ മണിക്കൂറിലും തൊഴില്‍രഹിതനായ ഒരാള്‍ വീതം ആത്മഹത്യ ചെയ്യുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. 2018ലെ ആത്മഹത്യാ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്.

1,34,516 ആത്മഹത്യകളാണ് 2018ല്‍ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 92,114 പുരുഷന്മാരും 42,319 സ്ത്രീകളുമാണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ‘ഇന്ത്യയിലെ ആത്മഹത്യകള്‍ 2018’ എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

തൊഴിലില്ലായ്മയെത്തുടര്‍ന്ന് 2018ല്‍ 12,936 പേര്‍ ആത്മഹത്യ ചെയ്‌തെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആ വര്‍ഷത്തെ ആകെ ആത്മഹത്യയുടെ 9.6 ശതമാനം വരുമത്. 18 നും 60 നും മധ്യേ പ്രായമുള്ളവരാണ് തൊഴിലില്ലായ്മയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.

10,687 പുരുഷന്മാരും 2,246 സ്ത്രീകളുമാണ് ഇക്കാരണത്താല്‍ ആത്മഹത്യ ചെയ്തത്.

കേരളത്തിലാണ് തൊഴിലില്ലായ്മയെത്തുടര്‍ന്ന് ഏറ്റവുമധികംപേര്‍ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 1,240 തൊഴില്‍രഹിതര്‍ കേരളത്തില്‍ ജീവനൊടുക്കി. രാജ്യത്തെ മൊത്തത്തിലുള്ള തൊഴിലില്ലായ്മയെത്തുടര്‍ന്നുള്ള ആത്മഹത്യയുടെ 12.3 ശതമാനം വരുമിത്. തമിഴ്‌നാട്ടില്‍ 1,579 പേരും കര്‍ണാടകയില്‍ 1,094 പേരും ഉത്തര്‍പ്രദേശില്‍ 902 പേരും 2018ല്‍ തൊഴിലില്ലായ്മയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്‌തെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

രാജ്യം 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 2013-14 മുതല്‍ക്ക് ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നതായി ലേബര്‍ ബ്യൂറോയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more