| Thursday, 6th August 2015, 8:54 pm

പാര്‍ലമെന്റിലും ഒന്ന് രണ്ട് തീവ്രവാദികളുണ്ടെന്ന് സധ്വി പ്രാചി, യാക്കൂബ് മേമനെ പിന്തുണച്ചവരും തീവ്രവാദികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റൂര്‍കി: വിവാദ പ്രസ്താവനയുമായി വീണ്ടും വി.എച്ച്.പി നേതാവ് സധ്വി പ്രാചി. പാര്‍ലമെന്റിലും ഒന്ന് രണ്ട് തീവ്രവാദികളുണ്ടെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. 1993 മുംബൈ ബോബ് സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റുന്നത് എതിര്‍ത്തവര്‍ക്കെതിരെയാണ് പ്രാചിയുടെ വിമര്‍ശനം.

കഴിഞ്ഞ ദിവസം പിടിയിലായ പാകിസ്താനില്‍ നിന്നുള്ള തീവ്രവാദി ഉസ്മാര്‍ ഖാനെ ഹിന്ദു സംഘടനകള്‍ക്ക് കൈമാറണമെന്നും സധ്വി ആവശ്യപ്പെട്ടു. ” കഴിഞ്ഞ ദിവസം ഉധംപൂരില്‍ വെച്ച് പിടിയിലായ പാകിസ്താന്‍ തീവ്രവാദി ഉസ്മാര്‍ ഖാനെ നല്ലൊരു പാഠം പഠിപ്പിക്കുന്നതിനായി ഹിന്ദു സംഘടനകള്‍ക്ക് കൈമാറണമെന്നാണ് അവര്‍ പറഞ്ഞത്.

മേമന്റെ വധ ശിക്ഷയ്‌ക്കെതിരെ ചിലര്‍ രംഗത്ത് വന്നിരുന്നല്ലോ എന്നുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു പ്രാചിയുടെ വിവാദ മറുപടി. “ഒന്ന് രണ്ട് തീവ്രവാദികള്‍ പാര്‍ലമെന്റില്‍ ഇരിക്കുന്നുണ്ട്, ഇത് വലിയ ആപത്താണ്.” സാധ്വി പറഞ്ഞു. യാക്കൂബ് മേമന്‍ തീവ്രവാദിയാണെന്ന് കോടതി വിധിച്ചതാണെന്നും തീവ്രവാദികളെ പിന്തുണയ്ക്കുന്നവരും തീവ്രവാദികളാണെന്നും അവര്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more