| Thursday, 31st October 2024, 11:12 am

'ഒറ്റ തന്ത പ്രയോഗം സിനിമയില്‍ മതി, രാഷ്ട്രീയത്തില്‍ വേണ്ട': സുരേഷ് ഗോപിക്ക് മറുപടിയുമായി മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സുരേഷ് ഗോപിയുടെ ഒറ്റ തന്ത പ്രയോഗത്തില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഒറ്റ തന്ത പ്രയോഗം സിനിമയില്‍ മതിയെന്നും രാഷ്ട്രീയത്തില്‍ വേണ്ടെന്നുമാണ് മന്ത്രി പ്രതികരിച്ചത്.

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന സുരേഷ് ഗോപിയുടെ നിലപാടിനെയും മന്ത്രി പരിഹസിച്ചു.

സുരേഷ് ഗോപി ഒറ്റ തന്ത പോലുള്ള പ്രയോഗം നടത്തിയതില്‍ ഞങ്ങള്‍ അത്തരത്തിലുള്ള മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അത് സിനിമയില്‍ പറ്റുമെന്നും രാഷ്ട്രീയത്തില്‍ പറ്റില്ലെന്നും ഇത്തരം ഭാഷ ഉപയോഗിച്ച് വ്യക്തിപരമായി അഭിപ്രായങ്ങള്‍ പറയുന്നതിനോടും യോജിപ്പില്ലെന്നും മന്ത്രി വ്യക്തമാക്കി.

‘സിനിമയില്‍ സി.ബി.ഐ തരക്കേടില്ലാത്തതാണ്. എന്നാല്‍ സമീപ കാലത്തെ സി.ബി.ഐയുടേയും കേന്ദ്ര ഏജന്‍സികളുടെയും പ്രവര്‍ത്തനം നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. പരമോന്നത  നീതിപീഠം തന്നെ സി.ബി.ഐയെ വിശേഷിപ്പിച്ചത് കൂട്ടിലിട്ട തത്തയെന്നാണ്. കേന്ദ്ര സര്‍ക്കാര്‍ കൂട്ടിലിട്ട തത്തയായി കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന ചര്‍ച്ചകള്‍ വ്യാപകമായി നടന്നു കൊണ്ടിരിക്കുകയാണ്,’ മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസും ദേശീയ അടിസ്ഥാനത്തില്‍ കേന്ദ്രത്തിന്റെ ഇത്തരം പ്രവര്‍ത്തികളെ വിമര്‍ശിക്കാറുണ്ട്. എന്നാല്‍ കേരളത്തിലെത്തുമ്പോള്‍ കോണ്‍ഗ്രസിന് സുരേഷ് ഗോപിയുമായി ചേര്‍ന്നുള്ള നിലപാടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ഇടതുപക്ഷം പ്രതികരിക്കാത്തതെന്താണെന്ന് ചോദിക്കുന്ന പ്രതിപക്ഷത്തെയും മന്ത്രി വിമര്‍ശിച്ചു.

തൃശൂരില്‍ നിന്നും കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി കോണ്‍ഗ്രസ് വോട്ട് മറിച്ചത് കൊണ്ടാണ് ജയിച്ചതെന്നും വിജയത്തിന്റെ തന്ത ബി.ജെ.പി മാത്രമല്ല, കോണ്‍ഗ്രസും കൂടിയാണെന്നും ഇത് വ്യക്തിപരമായ അഭിപ്രായമല്ല, രാഷ്ട്രീയപരമായാണ് പറയുന്നതെന്നും മന്ത്രി പറഞ്ഞു.

തൃശ്ശൂരിലെ ബി.ജെ.പിയുടെ വിജയത്തില്‍ കെ.പി.സി.സി നടത്തുന്ന ഡി.എന്‍.എ ടെസ്റ്റിന്റെ റിപ്പോര്‍ട്ട് ഇതുവരെ പുറപ്പെട്ടിട്ടില്ലെന്നും വിജയത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് തന്നെ പറയണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Content Highlight: One thread is enough in cinema, not in politics: Mohammad Riaz replies to Suresh Gopi

Latest Stories

We use cookies to give you the best possible experience. Learn more