കേരളത്തിന്റെ ഗ്രാമീണ മേഖലയിലെ ദരിദ്ര കുടുംബങ്ങളില്‍ മൂന്നിലൊന്നും അമിത കടബാധ്യത അനുഭവിക്കുന്നവര്‍; വായ്പയെടുക്കുന്നതില്‍ സ്ത്രീകള്‍ ബഹുദൂരം പിന്നില്‍
Economic Crisis
കേരളത്തിന്റെ ഗ്രാമീണ മേഖലയിലെ ദരിദ്ര കുടുംബങ്ങളില്‍ മൂന്നിലൊന്നും അമിത കടബാധ്യത അനുഭവിക്കുന്നവര്‍; വായ്പയെടുക്കുന്നതില്‍ സ്ത്രീകള്‍ ബഹുദൂരം പിന്നില്‍
ഹരിമോഹന്‍
Saturday, 30th November 2019, 4:45 pm

കേരളത്തിലെ ഗ്രാമീണ മേഖലയിലുള്ള ദരിദ്ര കുടുംബങ്ങളില്‍ മൂന്നില്‍ ഒന്നും അമിത കടബാധ്യത അനുഭവിക്കുന്നവരാണെന്നു പഠന റിപ്പോര്‍ട്ട്. ഓരോ മാസവും വായ്പാതിരിച്ചടവിനായി വിനിയോഗിക്കേണ്ട തുക ഇവരുടെ മാസവരുമാനത്തിന്റെ പകുതി വായ്പാ തിരിച്ചടവിനായി ഉപയോഗിക്കേണ്ടി വരുന്നതായും കൊച്ചി കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റ് സ്റ്റഡീസ് (സി.എസ്.ഇ.എസ്) എന്ന ഗവേഷണ സ്ഥാപനം അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെ ത്തി.

ഡോ. രാഖി തിമോത്തി, അശ്വതി റബേക്ക അശോക്, സ്വാതി മോഹന്‍, ബിബിന്‍ തമ്പി, റംഷാദ് എം. എന്നിവര്‍ വിശദമായ ഫീല്‍ഡ് ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണു പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുടുംബ സര്‍വേ, ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍, കേസ് സ്റ്റഡികള്‍ എന്നിവയാണ് പഠനത്തിനായി ഉപയോഗിച്ചിട്ടുള്ളത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പഞ്ചായത്തുകളിലെ ദരിദ്ര കുടുംബങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു തെരഞ്ഞെടുത്ത 540 കുടുംബങ്ങള്‍ക്കിടയിലാണു പഠനത്തിനു വേണ്ടിയുള്ള സര്‍വേ നടത്തിയത്. റേഷന്‍ കാര്‍ഡിന്റെ നിറം അടിസ്ഥാനമാക്കിയാണു പഠനത്തില്‍ ദരിദ്ര കുടുംബങ്ങളെ നിര്‍വചിച്ചിരിക്കുന്നതെന്ന് പഠനത്തിന്റെ ഭാഗമായ അശ്വതി റബേക്ക അശോക് ‘ഡൂള്‍ന്യൂസി’നോടു പറഞ്ഞു.

സ്വീകാര്യത കൂടുതല്‍ ബാങ്കുകള്‍ക്കും മൈക്രോഫിനാന്‍സിനും

ഗ്രാമീണ മേഖലയിലെ ദരിദ്ര കുടുംബങ്ങളില്‍ 88 ശതമാനവും കടബാധിതരാണ്. അതായതു നിലവില്‍ വായ്പകള്‍ ഒന്നുമില്ലാത്ത 12 ശതമാനം ദരിദ്ര കുടുംബങ്ങള്‍ മാത്രമേ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലുള്ളൂ. ഇത്തരം കുടുംബങ്ങള്‍ അനൗദ്യോഗിക വായ്പാ സ്രോതസ്സുകളേക്കാള്‍ കൂടുതല്‍ ബാങ്ക് പോലുള്ള ഔദ്യോഗിക വായ്പാ സ്രോതസ്സുകളെ ആശ്രയിക്കുന്നു. വാണിജ്യ ബാങ്കുകള്‍, വായ്പാ സഹകരണ സംഘങ്ങള്‍, ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനങ്ങള്‍ അഥവാ എന്‍.ബി.എഫ്.സികള്‍, സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍, കുടുംബശ്രീ, മറ്റു സ്വയം സഹായ സഹകരണ സംഘങ്ങള്‍ തുടങ്ങിയവയെയാണ് ഔദ്യോഗിക വായ്പാ സ്രോതസ്സുകളായി നിര്‍വചിച്ചിരിക്കുന്നതെന്നും അശ്വതി ഡൂള്‍ന്യൂസിനോടു പറഞ്ഞു.

പഠനവിധേയമാക്കിയ കുടുംബങ്ങളില്‍ 44 ശതമാനത്തിനു നിലവില്‍ ഔദ്യോഗിക വായ്പാ സ്രോതസ്സുകളില്‍ നിന്നു മാത്രമാണു വായ്പയുള്ളത്. ഏഴു ശതമാനത്തിന് അനൗദ്യോഗിക വായ്പാ സ്രോതസ്സുകളില്‍ നിന്നും. 49 ശതമാനം കുടുംബങ്ങള്‍ ഔദ്യോഗിക, അനൗദ്യോഗിക വായ്പാ സ്രോതസ്സുകളില്‍ നിന്നും ഒരേസമയം വായ്പകളുള്ളവരാണ്.

വായ്പാവശ്യങ്ങള്‍ക്കായി ഗ്രാമീണ മേഖലയിലെ ദരിദ്ര കുടുംബങ്ങള്‍ ഏറ്റവും പ്രധാനമായി ആശ്രയിക്കുന്ന വായ്പാ സ്രോതസ്സുകള്‍ സഹകരണ സ്ഥാപനങ്ങളും കുടുംബശ്രീയുമാണ്. കടബാധിതരായ കുടുംബങ്ങളില്‍ പാതിയോളവും പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളില്‍ നിന്നു കടമെടുത്തവരാണ്. ഏകദേശം ഇത്രയും കുടുംബങ്ങള്‍ തന്നെ കുടുംബശ്രീ ത്രിഫ്റ്റ് വായ്പകളും എടുത്തിട്ടുണ്ട്. മൂന്നിലൊന്നു കുടുംബങ്ങള്‍ കുടുംബശ്രീ ലിങ്കേജ് വായ്പയെടുത്തവരാണ്. ഗ്രാമീണ ദരിദ്രര്‍ക്കിടയില്‍ കുടുംബശ്രീ അല്ലാത്ത മറ്റു സ്വയംസഹായ സഹകരണ സംഘങ്ങളില്‍ നിന്നുള്ള വായ്പകള്‍ക്കു വലിയ പ്രാധാന്യമില്ല.

ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും സംഘവായ്പകള്‍ വിതരണം ചെയ്യുന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും പഠനവിധേയമാക്കിയ വിഭാഗങ്ങള്‍ക്കിടയില്‍ വാണിജ്യ ബാങ്കുകളേക്കാള്‍ വേരോട്ടമുണ്ട്. 23 ശതമാനം കുടുംബങ്ങള്‍ ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനങ്ങളെയും 25 ശതമാനം കുടുംബങ്ങള്‍ സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെയും ആശ്രയിക്കുന്നു. 15 ശതമാനം മാത്രമാണു പൊതുമേഖലാ ബാങ്കുകളെ ആശ്രയിക്കുന്നത്. എട്ടു ശതമാനം സ്വകാര്യ ബാങ്കുകളെയും ആശ്രയിക്കുന്നു. പഠനവിധേയമാക്കിയ കുടുംബങ്ങളില്‍ അഞ്ചിലൊന്ന് ഉയര്‍ന്ന പലിശനിരക്കില്‍ നിന്ന് 29 ശതമാനം ബന്ധുക്കള്‍ അല്ലെങ്കില്‍ സുഹൃത്തുക്കളില്‍ നിന്നു കടം വാങ്ങിയിട്ടുണ്ട്. ചിട്ടികള്‍, കെ.എസ്.എഫ്.ഇ, ഗ്രാമീണ ബാങ്കുകള്‍ (ആര്‍.ആര്‍.ബി) എന്നിവയാണ് ഈ വിഭാഗം വായ്പയ്ക്കായി ആശ്രയിക്കുന്ന മറ്റു സ്രോതസ്സുകള്‍.

പഠനവിധേയമാക്കിയ കുടുംബങ്ങളില്‍ പത്തില്‍ ആറും നിലവില്‍ ഒരു സ്വര്‍ണ്ണവായ്പയെങ്കിലും ഉള്ളവരാണ്. കുടുംബശ്രീ, സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍, സ്വയം സഹായ സഹകരണ സംഘങ്ങള്‍, സന്നദ്ധ സംഘടനകള്‍, ജാതി/മത സംഘടനകള്‍ എന്നിവയൊക്കെ കേരളത്തില്‍ സംഘവായ്പകള്‍ നല്‍കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വീടുപണി, വീട് നവീകരണം, ആരോഗ്യാവശ്യങ്ങള്‍, മറ്റു കടങ്ങള്‍ വീട്ടാന്‍ തുടങ്ങിയവയ്ക്കാണു പ്രധാനമായും ഗ്രാമീണ മേഖലയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ വായ്പാത്തുക ഉപയോഗിക്കുന്നത്. കടബാധിതരില്‍ നാലില്‍ ഒന്നില്‍ അധികം കുടുംബങ്ങള്‍ വായ്പാത്തുക മറ്റു കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഇത്തരം കുടുംബങ്ങള്‍ കടക്കെണിയിലേക്കു തള്ളിവീഴപ്പെടാനുള്ള സാധ്യത കൂടുതലാണ്. കൃഷി, വ്യവസായം തുടങ്ങി ഉത്പാദനക്ഷമമായ ആവശ്യങ്ങള്‍ക്കായി വായ്പാത്തുക ചെലവഴിച്ച കുടുംബങ്ങളുടെ എണ്ണം താരതമ്യേന കുറവും ഉപഭോഗാവശ്യങ്ങള്‍ക്കായി വായ്പാത്തുക ചെലവഴിച്ച കുടുംബങ്ങളുടെ എണ്ണം താരതമ്യേന കൂടുതലുമാണ്.

വായ്പാത്തുക കുടുംബങ്ങള്‍ ഉപയോഗിച്ചത് ഈ ആവശ്യങ്ങള്‍ക്കായി (ശതമാനക്കണക്കില്‍)

സ്ഥലമോ കെട്ടിടങ്ങളോ വാങ്ങാന്‍- 3
മറ്റുള്ളവര്‍ക്കു പണം നല്‍കാന്‍ – 5
വാഹനം വാങ്ങാന്‍- 7
കൃഷി- 9
ബിസിനസ്- 9
വിദ്യാഭ്യാസം- 12
പ്രതിദിന ആവശ്യത്തിന്- 19
ഗാര്‍ഹിക ഉപയോഗത്തിനുള്ള വസ്തുക്കള്‍/സാധനങ്ങള്‍ വാങ്ങാന്‍- 25
ചടങ്ങുകള്‍ നടത്താന്‍- 28
കടം വീട്ടാന്‍- 29
ആരോഗ്യം- 31
വീട് നവീകരണം/നിര്‍മാണം- 43

വായ്പ തിരിച്ചടയ്ക്കാന്‍ ത്യാഗം ചെയ്യുന്നവര്‍

കടബാധിതരില്‍ നാലില്‍ മൂന്നു കുടുംബങ്ങളും വായ്പാതവണകള്‍ അടച്ചതിനു ശേഷം മറ്റു വീട്ടുചെലവുകള്‍ക്കുള്ള പണം കണ്ടെത്താന്‍ വിഷമിക്കുന്നവരാണ്. ഇത്രത്തോളം കുടുംബങ്ങള്‍ തന്നെ, തങ്ങളുടെ കടബാധ്യത കൈകാര്യം ചെയ്യാനായി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏതെങ്കിലും തരത്തില്‍ ജീവിതരീതിയില്‍ മാറ്റം വരുത്തിയവരാണ്. കടബാധ്യത തീര്‍ക്കാനായി 50 ശതമാനം പേര്‍ കൂടുതല്‍ സമയം ജോലി ചെയ്തപ്പോള്‍, 56 ശതമാനം പേര്‍ ഭക്ഷണത്തിന്റെ ഗുണമേന്മ കുറച്ചു. 41 ശതമാനം പേരാണ് ഭക്ഷണത്തിന്റെ അളവ് കുറച്ചതെന്നു പഠനത്തില്‍ കണ്ടെത്തിയതായി അശ്വതി പറഞ്ഞു.

പ്രതീകാത്മക ചിത്രം


മൂന്നില്‍ ഒന്നിലധികം കുടുംബങ്ങള്‍ ഒരു വായ്പ തിരിച്ചടയ്ക്കാനായി മറ്റു വായ്പകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ എടുത്തിട്ടുള്ളവരാണ്. വായ്പകളില്‍ നിന്നു വായ്പകളിലേക്കു തള്ളിവീഴ്ത്തപ്പെടുന്ന കടക്കെണിയെയാണ് ഇതു സൂചിപ്പിക്കുന്നത്.

ഗ്രാമീണ മേഖലയിലെ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരുടെ ഒരു പ്രധാനപ്പെട്ട വായ്പാ സ്രോതസ്സാണെങ്കിലും തിരിച്ചടവില്‍ കുറഞ്ഞ പരിഗണനയേ വായ്പാ സഹകരണ സ്ഥാപനങ്ങള്‍ക്കു നല്‍കപ്പെടുന്നുള്ളൂ. പഠനവിധേയമായ എല്ലാ സഹകരണ സ്ഥാപനങ്ങളിലെയും തിരിച്ചടവ് നിരക്ക് 10-25 ശതമാനം മാത്രമായിരുന്നു.

കുടുംബശ്രീ വായ്പ ലഭിക്കാനുള്ള സ്രോതസ്സ് മാത്രമാകുന്നു?

കേരള സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ഒരു ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയായിട്ടും ഗ്രാമീണ മേഖലയിലെ സാമ്പത്തികമായി പിന്നാക്കമായിട്ടുള്ളവരില്‍ 30 ശതമാനം കുടുംബങ്ങളും കുടുംബശ്രീ ശൃംഖലയ്ക്കു പുറത്താണ്. ഒരു വലിയ വിഭാഗം സ്ത്രീകള്‍ക്കും കുടുംബശ്രീ എന്നതു വായ്പ കിട്ടാനുള്ള ഒരു സ്രോതസ്സോ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള ഒരു മാര്‍ഗമോ മാത്രമാണ്. ഇതിനു പുറമേ, കുടുംബശ്രീ അംഗങ്ങളില്‍ ഒരു വലിയ ശതമാനം കര്‍ശനമായ തിരിച്ചടവ് ആവശ്യമില്ലാത്ത വായ്പയായാണ് ത്രിഫ്റ്റ് വായ്പകളെ കാണുന്നത്. ത്രിഫ്റ്റ് വായ്പകളുടെ ഈ കുറഞ്ഞ തിരിച്ചടവ് നിരക്കും മുന്‍ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കുടുംബശ്രീ വായ്പകളെ ഉപയോഗിക്കുന്ന രീതിയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ കുടുംബശ്രീകളുടെ സാമ്പത്തിക നിലനില്‍പ്പിനെത്തന്നെ ബാധിക്കാനിടയുണ്ടെന്നും പഠനം നടത്തിയവര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

സ്ത്രീകള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്നതാണു കുടുംബശ്രീയുടെ ഒരു പ്രധാന ലക്ഷ്യമെങ്കിലും സര്‍വേ നടത്തിയ കുടുംബങ്ങളിലെ കുടുംബശ്രീ അംഗങ്ങളായിട്ടുള്ള സ്ത്രീകളില്‍ 12 ശതമാനം മാത്രമേ തങ്ങളുടെ കുടുംബശ്രീ ഉത്പാദനക്ഷമമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ.

വായ്പകളിലെ ലിംഗപരമായ വശം ഇങ്ങനെയാണ്

കേരളത്തിന്റെ ഗ്രാമീണ മേഖലയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ സ്ത്രീകളുടെ പേരില്‍ പുരുഷന്മാരുടെ പേരിലുള്ളതിനേക്കാള്‍ 2.5 ഇരട്ടി വായ്പകളുണ്ട്. കുടുംബശ്രീ, സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സംഘവായ്പകള്‍ സ്ത്രീകള്‍ക്കു മാത്രമേ ലഭ്യമാകുന്നുള്ളൂ എന്നതുകൊണ്ടാവാം ഇത്ര വലിയൊരു വ്യത്യാസം നിലനില്‍ക്കുന്നത്. പക്ഷേ സ്ത്രീകള്‍ക്കു മാത്രമായി ലഭ്യമാകുന്ന ഇത്തരം വായ്പകള്‍ പോലും എങ്ങനെയാണു വിനിയോഗിക്കേണ്ടത് എന്നു തീരുമാനിക്കുന്നതില്‍ സ്ത്രീകള്‍ക്കു കുറഞ്ഞ അധികാരം മാത്രമേയുള്ളൂ എന്നത് ആശങ്കാജനകമാണ്.

സംഘവായ്പകള്‍ എടുത്തിട്ടുള്ള സ്ത്രീകള്‍ 10 ശതമാനത്തില്‍ മാത്രമേ ഈ വായ്പ എടുക്കണോ വേണ്ടയോ എന്ന തീരുമാനം ഒറ്റക്കെടുത്തിട്ടുള്ളൂ. 50 ശതമാനം സ്ത്രീകള്‍ക്കും തങ്ങളുടെ പേരിലുള്ള സംഘവായ്പ എങ്ങനെ വിനിയോഗിക്കണം എന്നതിനെക്കുറിച്ചു തീരുമാനമെടുക്കുന്നതില്‍ ഒരു പങ്കുമില്ല. സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ സംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ള പാതിയോളം സ്ത്രീകള്‍ക്കും സാമ്പത്തികവും സാമൂഹ്യവുമായ ഒരു ശാക്തീകരണവും അനുഭവപ്പെട്ടിട്ടില്ലെന്നാണു പഠനത്തില്‍ കണ്ടെത്തിയത്.

മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്തുകൊണ്ട് പ്രിയപ്പെട്ടതാകുന്നു?

ഗ്രാമീണ മേഖലയിലെ ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകള്‍ സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ വായ്പാവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നുണ്ട്. മൈക്രോഫിനാന്‍സിന്റെ ഉദ്ദേശ്യത്തിനു വിരുദ്ധമായി ഒരു ചെറിയ വിഭാഗം മൈക്രോഫിനാന്‍സ് ഉപയോക്താക്കള്‍ മാത്രമേ വായ്പാത്തുക കൃഷിയോ (നാലു ശതമാനം) സംരംഭങ്ങളോ (മൂന്നു ശതമാനം) പോലുള്ള വരുമാനദായകമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുള്ളൂ.

കുടുംബശ്രീ ലിങ്കേജ് വായ്പകളെക്കാള്‍ പലിശനിരക്കും തിരിച്ചടവ് സമ്മര്‍ദ്ദവും സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കാണു കൂടുതലെന്ന് അറിയാമെങ്കിലും വായ്പ ലഭ്യമാകുന്ന വേഗതയും ലളിതമായ നടപടിക്രമങ്ങളും മൈക്രോഫിനാന്‍സ് വായ്പകളെ സാധാരണക്കാര്‍ക്കു പ്രിയപ്പെട്ടതാക്കുന്നു. പലിശനിരക്കിനേക്കാള്‍ വായ്പകളുടെ ലഭ്യതയും പ്രാപ്യതയുമാണു ഗ്രാമീണ മേഖലയിലെ ദരിദ്രരുടെ വായ്പാ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നതെന്ന് ഇതു വ്യക്തമാക്കുന്നു.

റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ പാലിക്കാതെയും രജിസ്‌ട്രേഷന്‍ ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉദാഹരണത്തിന് ഒരാള്‍ക്ക് രണ്ടു സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍ കൂടുതല്‍ വായ്പയെടുക്കാന്‍ പാടില്ലെന്ന റിസര്‍വ് ബാങ്ക് നിബന്ധനയ്ക്കു വിപരീതമായി അഞ്ച് സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നു വരെ വായ്പയുള്ള സ്ത്രീകളെ ഇതില്‍ പഠനവിധേയമാക്കിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം


മിക്ക സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളും ഫാന്‍, പാത്രങ്ങള്‍, ഫോണ്‍, മിക്‌സി, സൗരോര്‍ജ വിളക്ക്, എമര്‍ജന്‍സി വിളക്ക്, വാട്ടര്‍ പ്യൂരിഫയര്‍ തുടങ്ങിയ ഉപഭോഗവസ്തുക്കള്‍ തവണവ്യവസ്ഥയില്‍ നല്‍കുന്നുണ്ട്. ചില സ്ഥാപനങ്ങള്‍ വായ്പ നല്‍കുന്നതിനുള്ള മുന്നുപാധിയായി ഇത്തരം ഉപഭോഗ വസ്തുക്കള്‍ സംഘങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്നുണ്ട്. സാധനങ്ങള്‍ വാങ്ങുന്നതു വായ്പ നല്‍കുന്നതിനുള്ള ഉപാധിയാക്കുന്ന സമീപനത്തെ തടയാന്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇപ്പോഴില്ല എന്നതാണ് ഇതിനു കാരണം.

പരിഹാരമായി ഇങ്ങനെ ചെയ്യാം

ആവശ്യമായ സാമ്പത്തിക സാക്ഷരതയ്ക്കും മെച്ചപ്പെട്ട സാമ്പത്തിക സ്രോതസ്സുകളിലേക്കുള്ള പ്രാപ്യതയ്ക്കും ഗ്രാമീണ മേഖലയിലെ ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്താന്‍ സാധിക്കും. വായ്പാ ഉപാധികളെക്കുറിച്ചുള്ള ഈ വിഭാഗത്തിന്റെ അറിവ് പരിമിതമാണ്. വായ്പാ കാലാവധി, പലിശനിരക്ക്, തിരിച്ചടവ് രീതി തുടങ്ങിയ വായ്പയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങളെക്കുറിച്ചു പോലും പലരും അജ്ഞരാണ്.

സ്വര്‍ണ്ണവായ്പ, ത്രിഫ്റ്റ് വായ്പ എന്നിവ എടുത്തവരില്‍ മൂന്നില്‍ രണ്ടു കുടുംബങ്ങള്‍ക്കും തിരിച്ചടവ് തുകയെക്കുറിച്ചും മൂന്നിലൊന്നു കുടുംബങ്ങള്‍ക്കു വായ്പാ കാലാവധിയെക്കുറിച്ചും വ്യക്തമായ ധാരണകളില്ല. സഹകരണ സ്ഥാപനങ്ങളില്‍ നിന്നോ വാണിജ്യ ബാങ്കുകളില്‍ നിന്നോ വായ്പയെടുത്തവരില്‍ നാലിലൊന്നു കുടുംബങ്ങള്‍ മാസത്തവണ എത്രയെന്നതിനെക്കുറിച്ചോ കൃത്യമായ ധാരണയില്ലാത്തവരാണ്. ഇതിനു പുറമേ, കുടുംബത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ചും തങ്ങളുടെ തിരിച്ചടവ് ശേഷിയെക്കുറിച്ചും പലരും അജ്ഞരാണ്.

ഓരോ വായ്പാ സ്രോതസ്സില്‍ നിന്നും എടുക്കുന്ന വായ്പകളെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങള്‍ മനസ്സിലാക്കുന്നതിനും തങ്ങളുടെ സാമ്പത്തികാവസ്ഥ തിരിച്ചറിയുന്നതിനുമുള്ള ശേഷി ഈ വിഭാഗങ്ങള്‍ക്കിടയില്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്.

കുടുംബശ്രീയെ വായ്പ ലഭിക്കാനുള്ള സ്രോതസ്സ് മാത്രമായി കാണുന്നതിനു പരിഹാരം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ചില പരിഹാര മാര്‍ഗങ്ങളായി ഇവ പരിഗണിക്കാവുന്നതാണ്:

1) ഗ്രാമീണ മേഖലയിലെ ദരിദ്ര കുടുംബങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത കണക്കിലെടുത്തു കുടുംബശ്രീയുടെ സംരംഭകത്വ വശത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്നതു മുന്‍ഗണനാടിസ്ഥാനത്തില്‍ത്തന്നെ ഏറ്റെടുക്കണം.

2) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹകരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ പഞ്ചായത്ത് തലത്തില്‍ തൊഴിലും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി ആവിഷ്‌കരിച്ചാല്‍ ഇതിനു ചിലപ്പോള്‍ പരിഹാരമാകും.

മറ്റൊന്ന് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ കാര്യമാണ്. തങ്ങളുടെ ലാഭം വര്‍ധിപ്പിക്കുന്നതിനും ഉപഭോക്താക്കളുടെ എണ്ണം വിപുലമാക്കുന്നതിനു നിയമപരമല്ലാത്ത ചില പ്രവര്‍ത്തനങ്ങള്‍ ഈ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ഇതിനായി സ്വീകരിക്കേണ്ട ചില പരിഹാരമാര്‍ഗങ്ങള്‍ ഇങ്ങനെയാണ്:

1) മൈക്രോഫിനാന്‍സ് സംഘവായ്പകള്‍ക്കു മേല്‍ നിലനില്‍ക്കുന്ന ഔദ്യോഗിക നിയന്ത്രണങ്ങളെക്കുറിച്ച് വായ്പയെടുക്കുന്നവര്‍ക്ക് അറിവുണ്ടാകണം. ഇതിനായി ബോധവത്കരണം നടത്തുക.

2) ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സംസ്ഥാനതലത്തില്‍ ഒരു സംവിധാനം ഉണ്ടാകണം. സംഘാംഗങ്ങള്‍ക്കു നല്‍കുന്ന ഓറിയന്റേഷനും മെച്ചപ്പെടുത്തണം.

3) ഇതിനാവശ്യമായ മൊഡ്യൂള്‍ ലളിതമായ ഭാഷയില്‍ പ്രാദേശിക പ്രത്യേകതകള്‍ക്ക് അനുയോജ്യമായി ഉണ്ടാക്കാന്‍ റിസര്‍വ് ബാങ്കിനു മുന്‍കൈയെടുക്കാം.

4) മൈക്രോഫിനാന്‍സ് ദാതാക്കള്‍ അവരുടെ ലാഭത്തിന്റെ ഒരുഭാഗം സംഘാംഗങ്ങളുടെ ശേഷിയും നൈപുണ്യവും വര്‍ധിപ്പിക്കാനായി മാറ്റിവെയ്ക്കണമെന്നതു നിര്‍ബന്ധമാക്കാം.

മാത്രമല്ല, എല്ലാ പഞ്ചായത്തുകളിലും കടക്കെണിയില്‍ അകപ്പെട്ടിരിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി അവരെ രക്ഷിക്കാനായി പ്രത്യേക പാക്കേജുകള്‍ക്കു രൂപം നല്‍കാവുന്നതാണ്. കുടുംബാംഗങ്ങളുടെ കടബാധ്യതയും വരുമാനവും സ്വത്തുക്കളും ഒക്കെ കണക്കിലെടുത്തുകൊണ്ടു കുടുംബങ്ങളുടെ കടബാധ്യത കണക്കാക്കുന്നതിനുള്ള ഒരു മാനദണ്ഡം വികസിപ്പിക്കുകയും കൂടി ചെയ്യേണ്ടതാണ്.

ഹരിമോഹന്‍
മാധ്യമപ്രവര്‍ത്തകന്‍