അമേരിക്കയിലെ മൂന്നില്‍ ഒന്ന് ജൂത കൗമാരക്കാര്‍ക്കും ആഭിമുഖ്യം ഹമാസിനോട്; സര്‍വെ നടത്തി വെട്ടിലായി ഇസ്രഈല്‍ സര്‍ക്കാര്‍
World News
അമേരിക്കയിലെ മൂന്നില്‍ ഒന്ന് ജൂത കൗമാരക്കാര്‍ക്കും ആഭിമുഖ്യം ഹമാസിനോട്; സര്‍വെ നടത്തി വെട്ടിലായി ഇസ്രഈല്‍ സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd November 2024, 12:38 pm

വാഷിങ്ടണ്‍: അമേരിക്കയിലെ ജൂതന്മാരായ കൗമാരക്കാര്‍ക്ക് ഇസ്രഈലിലെ നെതന്യാഹു സര്‍ക്കാരിനോട് വിയോജിപ്പ് വര്‍ധിക്കുന്നതയായി സര്‍വെ റിപ്പോര്‍ട്ട്. കൗമാരക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും ഇസ്രഈല്‍ ഗസയില്‍ നടത്തുന്ന കൂട്ടക്കൊലയില്‍ ശക്തമായ വിയോജിപ്പും ഹമാസിനോട് അനുഭാവം ഉള്ളതായുമാണ് സര്‍വെ ഫലം കാണിക്കുന്നത്.

14നും 18നും ഇടയില്‍ പ്രായമുള്ള അമേരിക്കയിലെ ജൂത കൗമാരക്കാര്‍ക്കിടയില്‍ ഇസ്രഈല്‍ സര്‍ക്കാരിന്റെ കീഴിലുള്ള ഡയസ്പോറ അഫേഴ്‌സ് ആന്‍ഡ് കോമ്പാറ്റിങ് ആന്റി സെമിറ്റിസം മന്ത്രാലയം നടത്തിയ സര്‍വെയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

സര്‍വെയില്‍ പങ്കെടുത്ത 36.7 ശതമാനം അമേരിക്കന്‍ കൗമാരക്കാരും ഗസയിലെ സായുധ സംഘടനയായ ഹമാസിനോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണെന്നാണ് സര്‍വെയില്‍ വെളിപ്പെടുത്തിയത്.

ഇസ്രഈല്‍ ഗസയില്‍ നടത്തുന്ന വംശഹത്യയില്‍ ഇവരില്‍ 41.3 ശതമാനം പേരും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നുണ്ട്. ഇസ്രഈല്‍ ഗസയില്‍ നടത്തുന്നത് വംശഹത്യയാണെന്നും ഇവര്‍ സമ്മതിക്കുന്നുണ്ട്.

അതേസമയം അമേരിക്കയിലെ ജൂത കൗമാരക്കാരില്‍ 66% പേര്‍ക്കും ഫലസ്തീന്‍ ജനതയുടെ നിലവിലെ അവസ്ഥയില്‍ സഹതാപമുണ്ടെന്നും സര്‍വെയില്‍ പറയുന്നു.

ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ഇസ്രഈലിലെ നെതന്യാഹുവിന്റെ ഭരണത്തില്‍ അതൃപ്തി ഉള്ളതായും സര്‍വെയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും തങ്ങള്‍ക്ക് ഇസ്രഈല്‍ അനുകൂല വികാരമുണ്ടെന്ന് തുറന്ന് സമ്മതിച്ചിട്ടുണ്ട്. 62 ശതമാനം പേരും സ്വയം സയണിസ്റ്റുകളായി കണക്കാക്കുന്നു. 84 ശതമാനം പേര്‍ ഇസ്രഈലിന് ‘ജൂത രാഷ്ട്രമായി നിലനില്‍ക്കാനുള്ള അവകാശം’ ഉണ്ടെന്ന് വിശ്വസിക്കുന്നുണ്ട്.

അതേസമയം ഈ വോട്ടെടുപ്പ് ഇസ്രഈല്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. മറ്റ് ലോകരാജ്യങ്ങളിലെ കൗമാരക്കാരായ ജൂതന്മാര്‍ ഇസ്രഈലിനെ അനുകൂലിക്കുമ്പോള്‍ സഖ്യകക്ഷിയായ ജൂതരാഷ്ട്രത്തിന്റെ സഖ്യകക്ഷിയായ അമേരിക്കയില്‍ ഇസ്രആഈലിനെതിരെ ഭരണ വിരുദ്ധ ഉടലെടുക്കുന്നതായാണ് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യു.എസിലെ പ്രധാന നഗരങ്ങളിലും തെരുവുകളിലും സര്‍വകലാശാലകളിലും ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയതില്‍ ഭൂരിഭാഗവും ജൂത വിദ്യാര്‍ത്ഥികളാണെന്നും മറ്റൊരു റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Content Highlight: One-third of Jewish youth in America favor Hamas;  Israeli government conducted  survey shows