| Saturday, 1st January 2022, 12:23 pm

മിന്നല്‍ മുരളി കേരളത്തിന്റെ സൂപ്പര്‍ ഹീറോയാണ്, അതങ്ങനെ തന്നെ മതി, റീമേക്കില്ല; ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിലെ സൂപ്പര്‍ ഹീറോയായ മിന്നല്‍ മുരളി ഇന്ത്യ മുഴുവനും ചര്‍ച്ചയാവുകയാണ്. കുറുക്കന്‍ മൂലയിലെ ജെയ്സണ്‍ എന്ന സാധാരണക്കാരന്‍ മിന്നല്‍ മുരളി എന്ന സൂപ്പര്‍ഹീറോ ആകുന്നതും ഈ സംഭവം അവന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതിനെ കുറിച്ചുമാണ് സിനിമ വിവരിക്കുന്നത്.

ചിത്രത്തിന്റെ വമ്പന്‍ വിജയത്തെ തുടര്‍ന്ന് മിന്നല്‍ മുരളി റീമേക്ക് ചെയ്യാന്‍ താല്‍പര്യമറിയിച്ച് ഏതാനും ബോളിവുഡ് സംവിധായകര്‍ ബേസില്‍ ജോസഫിനെ സമീപിച്ചിരുന്നു. എന്നാല്‍ മിന്നല്‍ മുരളി കേരളത്തിന്റെ സൂപ്പര്‍ ഹീറോയാണെന്നും റീമേക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ബേസില്‍ മറുപടി നല്‍കിയത്.

‘മിന്നല്‍ മുരളി കേരളത്തിലുള്ള ഒരു ഗ്രാമത്തിന്റെ സൂപ്പര്‍ ഹീറോയാണ്. ആ വ്യക്തിത്വം പലതായി പോവാന്‍ ആഗ്രഹിക്കുന്നില്ല. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷേ അതുമായി മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ല,’ ബേസില്‍ പറഞ്ഞു.

‘ഈ സിനിമക്ക് ഒരു റീമേക്ക് ഉണ്ടാക്കാന്‍ എനിക്കാഗ്രഹമില്ല. ഇത് യഥാര്‍ഥ സിനിമയായി തന്നെ ഇരുന്നോട്ടെ. പല നാടുകലില്‍ നിന്നുള്ള സ്‌പൈഡര്‍മാനെ കണ്ടിട്ടില്ലല്ലോ, ഇവിടെ ഒരു സ്‌പൈഡര്‍മാനും ഒരു ക്രിഷുമേയുള്ളൂ. മിന്നല്‍ മുരളീം ഒന്ന് മതി,’ ബേസില്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ രണ്ടാം ഭാഗത്തെ പറ്റിയും ബേസില്‍ സംസാരിച്ചു. ‘ഒരു തുടര്‍ച്ച ഉണ്ടാകണം. ചില കഥകള്‍ മനസ്സിലുണ്ട്. ഒറിജിനല്‍ സ്റ്റോറിയുടെ നിലവാരവുമായി പൊരുത്തപ്പെടുന്നത് ബുദ്ധിമുട്ടാണ്, കാരണം ഒറിജിനല്‍ സൃഷ്ടിക്കാന്‍ എളുപ്പമാണ്. ഇവിടെയുള്ള കഥാപാത്രം ജീവിതത്തേക്കാള്‍ വലുതാണ്. ചില തന്ത്രങ്ങളിലൂടെയേ പ്രേക്ഷകരെ ആ കഥാപാത്രവുമായി ബന്ധിപ്പിക്കാനാവൂ,’ ബേസില്‍ പറഞ്ഞു.

മിന്നല്‍ മുരലി രണ്ടാം ഭാഗത്തിന്റ പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് സോഫിയ പോള്‍ പറഞ്ഞിരുന്നു. ആദ്യ ഭാഗത്തേക്കാള്‍ വലിയ സിനിമയായിരിക്കും. ജനുവരിയില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും സോഫിയ പോള്‍ ദി ഫെഡറിലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ 24 നായിരുന്നു മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സിലൂടെ റീലീസ് ചെയ്തത്. ഇംഗ്ലീഷ് ഉള്‍പ്പടെ ആറ് ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്‌ളിക്സില്‍ ലഭ്യമാക്കിയത്.

ഗ്രേറ്റ് ഖാലിയേയും യുവരാജ് സിംഗിനേയും എത്തിച്ച് നിര്‍മിച്ച വീഡിയോകളും എയിന്‍ ദുബായില്‍ പ്രൊമോ പ്രദര്‍ശിപ്പിച്ചും വമ്പന്‍ പ്രചാരണമാണ് മിന്നല്‍ മുരളിക്ക് നെറ്റ്ഫ്ളിക്സ് നല്‍കിയത്.

ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. കേരളത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി പേരാണ് മിന്നല്‍ മുരളി കണ്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി അഭിനന്ദനങ്ങള്‍ അറിയിക്കുന്നത്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയും തമിഴ് സംവിധായകന്‍ വെങ്കട് പ്രഭുവുമെല്ലാം മിന്നല്‍ മുരളിയെ അഭിനന്ദിച്ചെത്തിയിരുന്നു.

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്ത് വരുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോ തോമസ്-ബേസില്‍ കൂട്ട് കെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഇരുവരും ഗോദയില്‍ ഒന്നിച്ചിരുന്നു.

ടൊവിനോ തോമസ്, അജു വര്‍ഗീസ്, ഗുരു സോമസുന്ദരം, മാമുക്കോയ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തിലെ നായിക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: one-spider-man-one-krrish-one-minnal-murali-director-basil-joseph-declining-remake-ideas-superhero-film

We use cookies to give you the best possible experience. Learn more