| Friday, 15th November 2024, 8:04 pm

കിണറ്റിലെ തവളകള്‍ക്ക് ട്രേഡ് യൂണിയനെ കുറിച്ചെന്തറിയാം?; യു.കെ ആർ.സി.എൻ തെരഞ്ഞെടുപ്പിനെതിരായ വിദ്വേഷ പ്രചരണത്തില്‍ സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യു.കെയിലെ ഏറ്റവും വലിയ നഴ്‌സിങ് ട്രേഡ് യൂണിയനായ റോയല്‍ കോളജ് ഓഫ് നഴ്‌സിങ്ങിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മലയാളിയായ ബിജോയ് സെബാസ്റ്റ്യന്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ വിദ്വേഷ പ്രചരണം.

ചരിത്രം കുറിച്ചുകൊണ്ടാണ് ആലപ്പുഴ വണ്ടാനം സ്വദേശിയായ ബിജോയ് അഞ്ച് ലക്ഷം നഴ്സുമാരുടെ ട്രേഡ് യൂണിയന്റെ തലപ്പത്ത് എത്തിയത്.

എന്നാല്‍ ബിജോയ് സെബാസ്റ്റ്യന്‍ ട്രേഡ് യൂണിയന്റെ തലപ്പത്തേക്ക് എത്തിയതില്‍ കടുത്ത വിദ്വേഷ പ്രചരണമാണ് നടക്കുന്നത്.

കേരളമല്ല കൊടി പിടിക്കാന്‍ എന്നുള്ള ചിന്ത ഉണ്ടാകുന്നത് നല്ലതാണ്, യു.കെയുടെ കാര്യം ഏകദേശം തീരുമാനമായി, നാളെ തന്നെ സമരം തുടങ്ങിക്കോളൂ… എന്നിട്ട് വേഗം ഇങ്ങോട്ട് പോന്നോളൂ, എന്തിന് അവിടെയും നോക്കു കൂലി വാങ്ങാനോ, അഞ്ച് ലക്ഷം പേരെ കെട്ട് കെട്ടിക്കുമോ എന്നുള്ള പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്.

അതേസമയം വിദ്വേഷ പ്രചരണം നടത്തുന്നവര്‍ക്കെതിരെ സോഷ്യല്‍ മീഡിയ തന്നെ മറുപടി നല്‍കുന്നുമുണ്ട്. ട്രേഡ് യൂണിയന്‍ തലപ്പത്തേക്ക് ബിജോയ് സെബാസ്റ്റ്യന്‍ തെരഞ്ഞെടുക്കെപ്പട്ട വാര്‍ത്താ റിപ്പോര്‍ട്ടര്‍ ടി.വി ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് വിദ്വേഷ പ്രചരണം തുടങ്ങിയത്. എന്നാല്‍ പോസ്റ്റിന് താഴെ വിദ്വേഷ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ചരിത്രം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ആളുകള്‍ പ്രതികരിക്കുകയാണ്.

‘തൊഴിലാളി യൂണിയന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഹാലിളകുന്ന എത്രമാത്രം മരപ്പാഴുകളാണ് കമന്റ് ബോക്‌സില്‍. ലോകമെങ്ങും തൊഴിലാളി യൂണിയനുകള്‍ ഉണ്ടെന്നറിയാത്ത കിണറ്റിലെ തവളകള്‍,’ അജയന്‍ കെ എന്ന ഫേസ്ബുക്ക് യൂസര്‍ പ്രതികരിച്ചു.

‘കമന്റ് ഇടുന്ന പ്രബുദ്ധ മലയാളികള്‍ക്കായി… ആര്‍.സി.എന്‍ എന്ന യൂണിയന്‍ തുടങ്ങിയിട്ട് 100 വര്‍ഷങ്ങള്‍ക്ക് മേലെയായി. ലോകത്തിലെ ഏറ്റവും വലിയ നഴ്‌സസ് യൂണിയന്‍ ആണത്. അതിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു മലയാളി മത്സരിച്ചു, ജയിച്ചു.

അതില്‍ എന്താണ് പ്രശ്‌നം?പിന്നെ തൊഴിലാളി യൂണിയന്‍ കേരളത്തില്‍ മാത്രമല്ല, ജനാധിപത്യപരമായി നിലകൊളളുന്ന എല്ലായിടത്തും ഉള്ളതാണ്,’ എന്ന് അനു മാത്യു ചൂണ്ടിക്കാട്ടി.

നിരവധി ആളുകള്‍ ബിജോയ് സെബാസ്റ്റ്യന് അഭിവാദ്യങ്ങള്‍ അറിയിച്ചും പ്രതികരിക്കുന്നുണ്ട്. 5483 വോട്ടുകള്‍ നേടിയാണ് ബിജോയ് സെബാസ്റ്റ്യന്‍ ട്രേഡ് യൂണിയന്‍ പ്രസിഡന്റായത്.

യുക്മ നഴ്‌സസ് ഫോറം ഉള്‍പ്പെടെയുള്ള നിരവധി മലയാളി സംഘടനകളാണ് ബിജോയ് സെബാസ്റ്റ്യന് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.

Content Highlight: one side of Social media against hate campaign in UK nursing trade union election

We use cookies to give you the best possible experience. Learn more