ന്യൂദല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിന് സുപ്രീം കോടതി കൊളീജിയത്തിന്റെ താക്കീത്.
പദവി അറിഞ്ഞ് സംസാരിക്കണമെന്നാണ് കൊളീജിയം പറഞ്ഞത്. പൊതുപ്രസ്താവനകളില്‍ ജുഡീഷ്യറിയുടെ അന്തസും മര്യാദയും പാലിക്കണമെന്നും കൊളീജിയം നിര്‍ദേശിച്ചു.
മാധ്യമങ്ങള്‍ പ്രസംഗം വളച്ചൊടിച്ചുവെന്ന ശേഖര്‍ കുമാറിന്റെ വാദം കൊളീജിയം തള്ളുകയും ചെയ്തു. താന്‍ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം മാത്രമെടുത്ത് മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് ശേഖര്‍ കുമാര്‍ വിശദീകരണം തേടിയ കൊളീജിയത്തെ അറിയിച്ചിരുന്നത്.
അതേസമയം ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ കൊളീജിയം ശുപാര്‍ശ നല്‍കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ (ചൊവ്വാഴ്ച) ശേഖര്‍ കുമാര്‍ യാദവ് കൊളീജിയത്തിന് മുമ്പാകെ ഹാജരായിരുന്നു.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയത്തിന് മുമ്പാകെയാണ് ജഡ്ജി ഹാജരായത്.
എന്നാല്‍ യോഗത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഡിസംബര്‍ എട്ടിന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) പരിപാടിയില്‍ പങ്കെടുത്ത് ശേഖര്‍ കുമാര്‍ യാദവ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം കൈമാറാന്‍ ഹൈക്കോടതിക്ക് സുപ്രീം കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. പ്രസംഗത്തിന്റെ എഴുതിയ കുറിപ്പും വിഡിയോയും കൈമാറാനാണ് നിര്‍ദേശിച്ചിരുന്നത്.
രാജ്യത്ത് ഭൂരിപക്ഷത്തിന്റെ അഥവാ ഹിന്ദുക്കളുടെ താത്പര്യ പ്രകാരം മാത്രമെ കാര്യങ്ങള്‍ നടപ്പിലാക്കുകയുള്ളുവെന്നാണ് ശേഖര്‍ യാദവ് വി.എച്ച്.പി പരിപാടിയില്‍ പറഞ്ഞത്.
‘ഏകീകൃത സിവില്‍ കോഡിന്റെ ഭരണഘടനാപരമായ ആവശ്യകത’എന്ന വിഷയത്തില്‍ സംസാരിക്കവെയായിരുന്നു ജഡ്ജിയുടെ വിദ്വേഷ പരാമര്‍ശം.
ഏകീകൃത സിവില്‍ കോഡ് ഭരണഘടനാപരമായി അനിവാര്യമുള്ളതാണെന്നും ശേഖര്‍ യാദവ് സെമിനാറില്‍ പറഞ്ഞിരുന്നു. ഏകീകൃത സിവില്‍ കോഡ് സാമൂഹിക ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഉറപ്പുനല്‍കുന്നതാണെന്നും ശേഖര്‍ യാദവ് സംസാരിച്ചിരുന്നു.
പ്രസംഗം വിവാദമായതിന് പിന്നാലെ മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി സുപ്രീം കോടതി അലഹബാദ് ഹൈക്കോടതിയോട് വിശദീകരണം തേടുകയായിരുന്നു.
Content Highlight: ‘One should know the position and speak’; Collegium warning to Allahabad High Court judge shekhar kumar yadav