| Saturday, 24th June 2023, 12:26 pm

ഒരു എസ്.എഫ്.ഐ സഖാവ് മറ്റൊരു എസ്.എഫ്.ഐ സഖാവിനെ ചതിക്കാന്‍ പാടില്ലായിരുന്നു: വി.ടി.ബല്‍റാം

സ്പോര്‍ട്സ് ഡെസ്‌ക്

തിരുവനന്തപുരം: ഒരു എസ്.എഫ്.ഐ സഖാവ് മറ്റൊരു എസ്.എഫ്.ഐ സഖാവിനെ ചതിക്കാന്‍ പാടില്ലായിരുന്നെന്ന പരിഹാസവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. എസ്.എഫ്.ഐ പ്രവര്‍ത്തകനായ നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലാണ് വി.ടി.ബല്‍റാമിന്റെ പരിഹാസം. സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണെന്ന് സുഹൃത്തായ പഴയ എസ്.എഫ്.ഐ സഖാവ് പറഞ്ഞപ്പോള്‍ പാവം നിഖില്‍ വിശ്വസിച്ചു പോയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എം.എസ്.എം കോളേജില്‍ എം.കോം പ്രവേശനം നേടിയ കേസില്‍ സുഹൃത്ത് ചതിച്ചതാണെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകനായി നിഖില്‍ തോമസ് പൊലീസിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വി.ടി. ബല്‍റാമിന്റെ പോസ്റ്റ്.

‘കാണാത്ത സര്‍വ്വകലാശാലയുടെ, പഠിക്കാത്ത കോഴ്‌സിന്റെ, എഴുതാത്ത പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് ‘ഒറിജിനലാ’ണെന്ന് സുഹൃത്തായ പഴയ എസ്.എഫ്.ഐ സഖാവ് പറഞ്ഞപ്പോള്‍ പാവം ഈ എസ്.എഫ്.ഐ സഖാവ് വിശ്വസിച്ചുപോയി.

ഏതായാലും ഒരു എസ്.എഫ്.ഐ സഖാവ് മറ്റൊരു എസ്.എഫ്.ഐ സഖാവിനെ ഇങ്ങനെ ചതിക്കാന്‍ പാടില്ലായിരുന്നു. ഏത് കാട്ടുകള്ളന്മാര്‍ തമ്മിലും ഒരു മിനിമം മര്യാദയൊക്കെ വേണം. ചതിയില്‍ വഞ്ചന പാടില്ല,’ അദ്ദേഹം പറഞ്ഞു.

തന്നെ വിദേശത്തുള്ള സുഹൃത്ത് ചതിച്ചതാണെന്നാണെന്നാണ് നിഖില്‍ തോമസിന്റെ മൊഴി. ഇയാള്‍ പറഞ്ഞതുനസരിച്ചാണ് രണ്ട് ലക്ഷം രൂപ നല്‍കി സര്‍ട്ടിഫിക്കറ്റ് വാങ്ങിയതെന്നും നിഖില്‍ പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

കലിംഗ യൂണിവേഴ്സിറ്റിയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് സുഹൃത്ത് തന്നോട് പറഞ്ഞെന്നും ഈ സര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ചാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും നിഖില്‍ പറഞ്ഞു. അതിനാലാണ് എം.കോം പ്രവേശനത്തിന് ഇതേ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതെന്നും നിഖില്‍ കൂട്ടിച്ചേര്‍ത്തു. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളുടെ സുഹൃത്തിനേയും പ്രതി ചേര്‍ത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുഹൃത്ത് വിേദശത്താണുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെയാണ് കോട്ടയം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ വെച്ച് നിഖില്‍ തോമസിനെ കായംകുളം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ചത്തീസ്ഗഢിലെ കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നിഖില്‍ എം.എസ്.എം. കോളേജില്‍ എം.കോം പ്രവേശനം നേടിയെന്നതാണ് കേസ്.

CONTENT HIGHLIGHTS: One SFI comrade should not have cheated another SFI comrade: VT Balram

We use cookies to give you the best possible experience. Learn more