| Sunday, 6th September 2015, 3:14 pm

ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി സ്വയം വിരമിച്ചവര്‍ക്കും ബാധകം: മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി സ്വയം വിരമിച്ച ഭടന്മാര്‍ക്കും നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതിയെ കുറിച്ച് പഠിക്കാന്‍ ഏകാംഗ കമ്മറ്റിയെ നിയോഗിക്കുമെന്നും പദ്ധതി ആരുടേയും സൗജന്യമല്ലെന്നും സൈനികരുടെ അവകാശമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയില്‍ മെട്രോ സര്‍വ്വീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിയ്ക്കായി 500 കോടിമാത്രം മാറ്റിവെച്ച സര്‍ക്കാരിന് മുന്‍ സര്‍ക്കാരിന് തങ്ങളെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്നും അവര്‍ തെറ്റായ പ്രചരണം നടത്തി ഭടന്മാരുടെ കണ്ണില്‍ പൊടിയിടുകയാണെന്നും മോദി പറഞ്ഞു. അതേസമയം മോദിയുടെ പ്രസ്താവനയില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ഉറപ്പുകള്‍ രേഖാമൂലം അറിയിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് വിമുക്തഭടന്മാര്‍. അതേസമയം മരണം വരെയുള്ള സമരം അവസാനിപ്പിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളുണ്ട്.

ഇന്നലെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറാണ് പദ്ധതി അംഗീകരിച്ചതായി പ്രഖ്യാപനം നടത്തിയത്. പദ്ധതി പ്രഖ്യാപിച്ചുവെങ്കിലും സമരസമിതി മുന്നോട്ടുവച്ച പല പ്രധാന ആവശ്യങ്ങളും തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. സ്വയം വിരമിച്ച ഭടന്മാരെ പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തണം, പെന്‍ഷന്‍ കമ്മീഷനായി അഞ്ചംഗ കമ്മിറ്റിയെ നിയമിക്കണം, രണ്ട് വര്‍ഷം കൂടുമ്പോഴുള്ള പെന്‍ഷന്‍ നവീകരണം തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ തള്ളിയത്.

ഈ ആവശ്യങ്ങളും കൂടി നേടിയെടുക്കുന്നത് വരെ സമരം തുടരാനാണ് സമരക്കാരുദ്ദേശിക്കുന്നത്. 8000 മുതല്‍ 10000 കോടി വരെ അധികച്ചെലവാണ് സര്‍ക്കാര്‍ പദ്ധതിയുടെ നടത്തിപ്പിനായി പ്രതീക്ഷിക്കുന്നത്. 40 വര്‍ഷമായുള്ള വിമുക്തഭടന്മാരുടെ ആവശ്യം കഴിഞ്ഞ 84 ദിവസമായി നടന്നുവന്ന ശക്തമായ നിരാഹാരസമരത്തിലേക്ക് വഴിമാറിയപ്പോഴാണ് സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരായത്. ബിഹാര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുവരുന്നതും ഇക്കാര്യത്തില്‍ പെട്ടെന്നു തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതായാണ് സൂചന.

We use cookies to give you the best possible experience. Learn more