ന്യൂദല്‍ഹി: ഒരു റാങ്ക്, ഒരു പെന്‍ഷന്‍ എന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കാത്തതിനെതിരെയുള്ള പ്രതിഷേധമായി, സേവനത്തിനിടെ ലഭിച്ച മെഡലുകള്‍ തിരികെ നല്‍കുമെന്ന് വിമുക്ത ഭടന്മാര്‍. നവംബര്‍ 9,10 തീയതികളിലായാണ് മെഡലുകള്‍ തിരികെ നല്‍കുക. “മെഡലുകള്‍ തിരികെ നല്‍കാനുള്ള തീരുമാനം ഞങ്ങള്‍ ഐകകണ്‌ഠ്യേന എടുത്തതാണ്,” സമരനേതാവ് വി.കെ.ഗാന്ധി മാധ്യമങ്ങളോടു പറഞ്ഞു.
“പ്രതിഷേധമായി നവംബര്‍ 9,10 തീയതികളില്‍ ഓരോ ജില്ലകളിലെയും വിമുക്തഭടന്മാര്‍ മെഡലുകള്‍ തിരികെനല്‍കാനായി അച്ചടക്കത്തോടെ വരി നില്‍ക്കും. ജില്ലാ മജിസ്‌ട്രേറ്റിനോട് മെഡലുകള്‍ തിരികെ വാങ്ങാനായി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അവര്‍ തിരികെ വാങ്ങാനെത്തിയില്ലെങ്കില്‍ മെഡലുകള്‍ അവിടെ ഉപേക്ഷിക്കപ്പെടും,” വി.കെ.ഗാന്ധി പറഞ്ഞു.
തിരികെ നല്‍കപ്പെടുന്ന മെഡലുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കോ അയച്ചുനല്‍കാന്‍ തങ്ങള്‍ ജില്ലാ മജിസ്‌ട്രേറ്റുമാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ നല്‍കണമെന്നവശ്യപ്പെട്ട് 145 ദിവസമായി ദല്‍ഹി ജന്ദര്‍മന്തറില്‍ വിമുക്തഭടന്മാരുടെ സമരം നടക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 5ന് ഉപാധികളോടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നെങ്കിലും തങ്ങളുടെ പ്രധാന ആവശ്യങ്ങളൊന്നും തന്നെ പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു.സര്‍ക്കാര്‍ ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത് “ഒരു റാങ്ക്, അഞ്ച് പെന്‍ഷന്‍ സമ്പ്രദായമാണെന്ന്” സമരക്കാര്‍ ആരോപിക്കുകയും ചെയ്തു.