| Sunday, 6th September 2015, 11:18 am

ഒരു റാങ്ക് ഒരു പെന്‍ഷന്‍: തീരുമാനങ്ങള്‍ എഴുതി തരുന്നത് വരെ സമരം തുടരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ എന്ന വിമുക്തഭടന്മാരുടെ കാലങ്ങളായുള്ള ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചുവെങ്കിലും തീരുമാനങ്ങള്‍ എഴുതി അറിയിക്കുന്നത് വരെ നിരാഹാരസമരം തുടരുമെന്ന് വിമുക്തഭടന്മാര്‍. വാക്കാലുള്ള സര്‍ക്കാരിന്റെ ഉറപ്പ് പോരെന്നും വിമുക്തഭടന്മാര്‍ പറഞ്ഞു. ഇന്നലെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറാണ് പദ്ധതി അംഗീകരിച്ചതായി പ്രഖ്യാപനം നടത്തിയത്.

എന്നാല്‍ സ്വയം വിരമിച്ച ഭടന്മാരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് ഇവരെ ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും അത് രേഖാമൂലം അറിയിക്കണമെന്ന നിലപാടിലാണ് സമരക്കാര്‍. പദ്ധതി നടപ്പിലാക്കുന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരുന്നവരെ സമരം തുടരുകയാണ് വിമുക്തഭടന്മാര്‍. ഇക്കാര്യത്തില്‍ അധികൃതരുമായി ചര്‍ച്ച നടന്നുവരികയാണ്.

കഴിഞ്ഞ 84 ദിവസങ്ങളായി ന്യൂദല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ ഈ ആവശ്യവുമായി വിമുക്ത ഭടന്മാരുടെ സമരസമിതി നിരാഹാരം നടത്തി വരികയായിരുന്നു. 2014 ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യത്തിലാകും പദ്ധതി നടപ്പാക്കുക. പദ്ധതി പ്രഖ്യാപിച്ചുവെങ്കിലും സമരസമിതി മുന്നോട്ടുവച്ച പല പ്രധാന ആവശ്യങ്ങളും തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചതെന്ന ആരോപണമുയര്‍ന്നിരുന്നു.

സ്വയം വിരമിച്ച ഭടന്മാരെ പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തണം, പെന്‍ഷന്‍ കമ്മീഷനായി അഞ്ചംഗ കമ്മിറ്റിയെ നിയമിക്കണം, രണ്ട് വര്‍ഷം കൂടുമ്പോഴുള്ള പെന്‍ഷന്‍ നവീകരണം എന്നീ ആവശ്യങ്ങളാണ് സര്‍ക്കാര്‍ തള്ളിയത്. റിട്ടയേഡ് ചീഫ് ജസ്റ്റിസ് മാത്രമുള്ള ഏകാംഗ കമ്മീഷനെ നിയമിക്കാം എന്നതാണ് സര്‍ക്കാര്‍ തീരുമാനം. 5 വര്‍ഷം കൂടുമ്പോഴായിരിക്കും പെന്‍ഷന്‍ നവീകരണമുണ്ടാകുകയെന്നും സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കി.

8000 മുതല്‍ 10000 കോടി വരെ അധികച്ചെലവാണ് സര്‍ക്കാര്‍ പദ്ധതിയുടെ നടത്തിപ്പിനായി പ്രതീക്ഷിക്കുന്നത്. 40 വര്‍ഷമായുള്ള വിമുക്തഭടന്മാരുടെ ആവശ്യം കഴിഞ്ഞ 84 ദിവസമായി നടന്നുവന്ന ശക്തമായ നിരാഹാരസമരത്തിലേക്ക് വഴിമാറിയപ്പോഴാണ് സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരായത്. ബിഹാര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുവരുന്നതും ഇക്കാര്യത്തില്‍ പെട്ടെന്നു തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതായാണ് സൂചന.

We use cookies to give you the best possible experience. Learn more