ഇംഫാല്‍: മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാത്രിയാണ് ഫ്മര്‍, സോമി വിഭാഗങ്ങളിലുള്ളവര്‍ തമ്മിലുണ്ടായ സംഘര്‍ഷം രൂക്ഷമായത്. പിന്നാലെ ഒരാളുടെ മരണത്തിലേക്ക് നയിക്കുകയുമായിരുന്നു.
സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച (ഇന്ന്) മുതല്‍ അനിശ്ചിതകാല ബന്ദും ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ 53 കാരനായ ലാല്‍റോപുയി പഖുമതേയാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.
സോമി വിഭാഗം തങ്ങളുടെ സമുദായ പതാക ഉയര്‍ത്തുന്നതിനെ ഫ്മര്‍ വിഭാഗം എതിര്‍ത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകുന്നേരം ഏഴ് മണിയോടെ പഖുമാതെയ്ക്ക് വെടിയേറ്റതിനെത്തുടര്‍ന്ന് വീണ്ടും സംഘര്‍ഷം ഉടലെടുക്കുകയും ചെയ്തിരുന്നു. സോമി വിഭാഗം ഫ്മര്‍ സംഘടനയുടെ നേതാവിനെ ആക്രമിച്ചതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കുക്കി വിഭാഗങ്ങള്‍ കൂടുതലായുള്ള ചുരാചന്ദ്പൂരില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതുവരെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനും സ്‌കൂളുകളും കോളേജുകളും അടച്ചിടാനും കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാനും സോമി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ബുധനാഴ്ച ആഹ്വാനം ചെയ്തിട്ടുണ്ട്.
അക്രമം അവസാനിപ്പിക്കാനും അധികാരികൃതരുമായി സഹകരിക്കാനും ജില്ലാ മജിസ്ട്രേറ്റ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ നിയമ ലംഘനങ്ങള്‍ ഉണ്ടായാല്‍ കര്‍ശനമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നേരത്തെ ഫ്മര്‍ ഗോത്ര സംഘടനാ നേതാവിനെ ആക്രമിച്ചതിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തിനെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. നേതാവിനെ കല്ലെറിയുകയും ആക്രമിക്കുകയും ചെയ്തതിന് പിന്നാലെ പ്രദേശവാസികള്‍ ബന്ദ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
ഇതിന് പിന്നാലെ മണിപ്പൂരില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023 സെക്ഷന്‍ 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അനധികൃതമായ ഘോഷയാത്രകള്‍, പ്രകടനങ്ങള്‍, അഞ്ചോ അതിലധികമോ ആളുകളുടെ ഒത്തുചേരല്‍, ആയുധങ്ങളോ ആയുധങ്ങളായി ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കളോകൊണ്ടുപോകുന്നത്, തുടങ്ങിയവയെല്ലാം നിരോധിച്ചിരുന്നു. എന്നാല്‍ വീണ്ടും പ്രദേശത്ത് അക്രമങ്ങളുണ്ടാവുകയായിരുന്നു.
Content Highlight: One person dies in clashes in Manipur’s Churachandpur; calls for indefinite bandh