കെ.എസ് ചിത്രക്കെതിരെ വിമർശനം; സൂരജ് സന്തോഷിനെതിരെയുള്ള സൈബർ ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ
Kerala News
കെ.എസ് ചിത്രക്കെതിരെ വിമർശനം; സൂരജ് സന്തോഷിനെതിരെയുള്ള സൈബർ ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st January 2024, 3:33 pm

തിരുവനന്തപുരം: കെ.എസ് ചിത്രക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയ ഗായകന്‍ സൂരജ് സന്തോഷിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം സ്വദേശിയായ ഉണ്ണിക്കൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഫോണ്‍ വിളിച്ച് സൂരജ് സന്തോഷിനെ അസഭ്യം പറഞ്ഞതിനും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. അപകീര്‍ത്തിപ്പെടുത്താല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. പൂജപ്പുര പൊലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നും കെ.എസ്. ചിത്ര ഒരു വീഡിയോയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സൂരജ് അടക്കമുള്ളവര്‍ പ്രതികൂലിച്ച് ചിത്രക്കെതിരെ അഭിപ്രായങ്ങള്‍ രംഗത്തെത്തിയിരുന്നു.

തുടര്‍ന്ന് സൂരജ് സന്തോഷിനെതിരെ വ്യാപകമായി സമൂഹ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം നടന്നു. സമൂഹ മാധ്യമങ്ങളിലെ സൂരജിന്റെ ഫോട്ടോയ്ക്കും വീഡിയോക്കും താഴെ നിരവധി പേരാണ് പ്രതികൂലമായി കമന്റുകള്‍ ചെയ്തത്. അമ്പലം പൊളിച്ച് പള്ളി പണിത കാര്യം നീ സൗകര്യം പൂര്‍വ്വം മറന്നോയെന്നായിരുന്നു ചില കമന്റുകള്‍.

എന്നാല്‍ ചിത്രയെ വിമര്‍ശിച്ചതില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും തനിക്ക് ഭരണഘടന നല്‍കുന്ന അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ആ പ്രതികരണം നടത്തിയതെന്നും സൂരജ് സന്തോഷ് പ്രതികരിച്ചു. തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സൂരജ് സന്തോഷ് അറിയിച്ചിരുന്നു.

വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെ താന്‍ നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവുന്നുവെന്നും അത് എല്ലാ പരിധികളും കടന്ന് കൂടുതല്‍ ദുഷിച്ചതും അധിക്ഷേപകരവുമായി മാറിയിരിക്കുന്നുവെന്നും സൂരജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Content Highlight: One person arrested in cyber attack against Suraj Santhosh