| Saturday, 8th August 2020, 9:46 am

40 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നത് വ്യാജവാര്‍ത്ത; മരിച്ചവരില്‍ ഒരാള്‍ക്ക് കൊവിഡ്; മുഴുവന്‍ യാത്രക്കാരെയും പരിശോധിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മരിച്ച ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ് മോര്‍ട്ടം, ഇന്‍ക്വസ്റ്റ് നടപടികള്‍ കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാകും നടത്തുകയെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു.

പരിക്കേറ്റ എല്ലാ യാത്രക്കാരെയും ജീവനക്കാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.

എന്നാല്‍ 40 പേര്‍ക്ക് കൊവിഡ് പോസിറ്റീവായെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇത് അടിസ്ഥാന രഹിതമാണെന്ന് മന്ത്രി കെ.ടി ജലീല്‍ വ്യക്തമാക്കി. അടിയന്തര സാഹചര്യത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബായില്‍ നിന്നും കോഴിക്കോടേക്ക് വന്ന വിമാനത്തില്‍ ജീവനക്കാരടക്കം 191 പേരാണ് ഉണ്ടായിരുന്നത്. അതില്‍ 19 പേര്‍ മരിച്ചതായി നിലവില്‍ സ്ഥിരീകരണം വന്നിട്ടുണ്ട്

കഴിഞ്ഞ ദിവസം 7.41നാണ് ലാന്റിംഗിനിടെ വിമാനത്താവളത്തില്‍ അപകടമുണ്ടാവുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് (IX1344) അപകടത്തില്‍പ്പെട്ടത്.

30 അടി ഉയരത്തില്‍ നിന്ന് വീണ വിമാനം രണ്ടായി പിളര്‍ന്ന് സുരക്ഷാ വേലി തകര്‍ത്ത് പുറത്തേക്ക് തെറിക്കുകയായിരുന്നു.

ഇറങ്ങുമ്പോള്‍ റണ്‍വേയ്ക്ക് മുന്നിലൂടെ തെന്നിമാറിയ വിമാനം വീണ്ടും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൊണ്ടോട്ടിയിലെ കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള സുരക്ഷാ വേലി തകര്‍ത്താണ് വിമാനം തകര്‍ന്ന് വീണത്.

കോക്ക്പിറ്റു മുതല്‍ മുന്‍വാതില്‍ വരെയുള്ള വിമാനത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്നിട്ടുണ്ട്.

വിമാനത്തില്‍ പത്ത് കുട്ടികളും 46 സ്ത്രീകളും 128 പുരുഷന്മാരും ഉണ്ടായിരുന്നതായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ നീരജ് അഗര്‍വാള്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more