| Monday, 16th January 2017, 10:40 am

അസമത്വം വളരുന്നു: ഇന്ത്യയുടെ ആകെ സമ്പത്തിന്റെ 58%വും 1% വരുന്ന അതി സമ്പന്നരുടെ കയ്യിലാണെന്ന് ഓക്‌സ്ഫാം റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്


ആഗോള തലത്തില്‍ മുഴുവന്‍ സമ്പത്തിന്റെ പകുതിയും കയ്യാളുന്നത് ലോകത്തെ എട്ട് സമ്പന്നരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു


ന്യൂദല്‍ഹി: ഇന്ത്യയുടെ 80% ധനവും സമ്പന്നരായ 10%ത്തിന്റെ കയ്യിലെന്നു കണക്കുകള്‍. 18 എന്‍.ജി.ഒകളുടെ അന്താരാഷ്ട്ര കൂട്ടായ്മയായ ഓക്‌സ്ഫാം തിങ്കളാഴ്ച പുറത്തിറക്കിയ ആഗോള അസമത്വത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ആഗോള തലത്തില്‍ മുഴുവന്‍ സമ്പത്തിന്റെ പകുതിയും കയ്യാളുന്നത് ലോകത്തെ എട്ട് സമ്പന്നരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബില്‍ഗേറ്റ്‌സും മൈക്കല്‍ ബ്ലൂംബെര്‍ഗും ഈ എട്ടുപേരില്‍പ്പെടും.

ലോകത്ത് വരുമാന അസമത്വം വലിയ തോതില്‍ വര്‍ധിച്ചുവരികയാണെന്നും ഓക്‌സ്ഫാം പേപ്പറുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് ഉദാഹരണമായി ഇന്ത്യയിലെ ഒരു കമ്പനിയുടെ കാര്യവും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു പ്രമുഖ ഐ.ടി കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ നേടുന്നത് ആ സ്ഥാപനത്തിലെ ഒരു ശരാശരി ജോലിക്കാരനു ലഭിക്കുന്ന ശമ്പളത്തിന്റെ 416 ഇരട്ടിയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇത്തരം അസമത്വങ്ങള്‍ ഇന്ത്യയിലെ സമ്പത്തിന്റെ വിതരണത്തിലും പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യയിലെ ആകെ സമ്പത്തിന്റെ 58%വും ഒരു ശതമാനം സമ്പന്നരുടെ കയ്യിലാണെന്നും  റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മുതലാളിത്തവും തൊഴിലാളികളെ ചൂഷണം ചെയ്യുന്ന കോര്‍പ്പറേഷനുകളും ഉള്‍പ്പെടെ നിരവധി കാരണങ്ങള്‍ ഈ ആസമത്വത്തിന് ഓക്‌സ്ഫാം ചൂണ്ടിക്കാട്ടുന്നുണ്ട്. പല കമ്പനികളും തൊഴിലാളികള്‍ക്ക് വളരെ കുറഞ്ഞ ശമ്പളം നല്‍കി ഹൈലെവല്‍ എക്‌സിക്യുട്ടീവുകളെയും ഷെയര്‍ ഹോള്‍ഡര്‍മാരെയും വന്‍തുകകള്‍ നല്‍കി വളര്‍ത്തുകയുമാണ് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അസമത്വം ദശലക്ഷക്കണക്കിന് പേരെയാണ് ദാരിദ്ര്യക്കെണിയില്‍ പെടുത്തിയിരിക്കുന്നത്. ജനസംഖ്യയിലെ പത്തിലൊന്ന് പേര്‍ക്ക് ആഹാരം കഴിക്കാനുള്ള രണ്ടു ഡോളര്‍ പോലും കണ്ടെത്താന്‍ കഴിയുന്നില്ലെന്നും ഓക്സ്ഫാം ഇന്റര്‍നാഷണലിന്റെ എക്സിക്യുട്ടീവ് വിന്നി ബ്യാന്നിമാ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പകുതിയലധികം സ്വത്തും 62 പണക്കാര്‍ കയ്യടക്കിയിരിക്കുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഫോബ്സിന്റെ റിപ്പോര്‍ട്ട് വെച്ച് 2016 മാര്‍ച്ചില്‍ പുറത്തുവിട്ട പട്ടികയില്‍ ബില്‍ഗേറ്റ്സിന്റെ മാത്രം സമ്പത്ത് 75 ബില്യണ്‍ ഡോളറായിരുന്നു.

We use cookies to give you the best possible experience. Learn more