ഓരോ 15 മിനിറ്റിലും ഒരു ഫലസ്തീനി ബാലന്‍ കൊല്ലപ്പെടുന്നു; ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റെര്‍നാഷണല്‍ ഫലസ്തീന്‍
World News
ഓരോ 15 മിനിറ്റിലും ഒരു ഫലസ്തീനി ബാലന്‍ കൊല്ലപ്പെടുന്നു; ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റെര്‍നാഷണല്‍ ഫലസ്തീന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th October 2023, 10:42 am

 

ജെറുസലേം: ഇസ്രഈല്‍ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് കുരുന്നുകളാണെന്ന് ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റെര്‍നാഷണല്‍ ഫലസ്തീന്റെ റിപ്പോര്‍ട്ട്.
നിലവില്‍ ഓരോ 15 മിനിറ്റിലും ഒരു ഫലസ്തീനി ബാലന്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

മരിച്ചവരുടെയും പരിക്കേറ്റവരുടെയും കണക്കുകള്‍ ആശുപത്രിയില്‍ നല്‍കുന്നവ മാത്രമാണ്, അത്ര തന്നെ ആളുകള്‍ കെട്ടിടാവശിഷ്ടങ്ങളിലും കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്നും ഫലസ്തീന്‍ ആഭ്യന്തര വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം വന്ന യൂണിസെഫ് റിപ്പോര്‍ട്ടില്‍ നൂറുകണക്കിന് കുരുന്നുകള്‍ ഫലസ്തീനില്‍ കൊല്ലപ്പെട്ടതായി പറഞ്ഞിരുന്നു.

ജനസാന്ദ്രമായ സിവിലിയന്‍ പ്രദേശങ്ങളില്‍ സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമപ്രകാരം നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഇതെല്ലാം മറികടന്നുകൊണ്ടാണ് ഇസ്രഈല്‍ ഭരണകൂടം ബോംബ് ആക്രമണങ്ങള്‍ ഫലസ്തീനി പൗരന്മാര്‍ക്ക് നേരെ പ്രയോഗിക്കുന്നതെന്ന് ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റെര്‍നാഷണല്‍ ഫലസ്തീന്‍ പറഞ്ഞു.

‘ഇരകളെ മാത്രം ബാധിക്കുന്നതല്ല ഈ ആക്രമണത്തിന്റെ അനന്തരഫലങ്ങള്‍. ഇരകളില്‍ ചിലര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരാണ്. ഉഗ്രശേഷിയുള്ള ബോംബുകള്‍ സ്വന്തം വീടുകളും പരിസരങ്ങളും വിഴുങ്ങി അതിന്റെ ആഘാതം എണ്ണമറ്റക്കുരുന്നുകളെ കടുത്ത മാനസിക സംഘര്‍ഷത്തിന് അടിമകളാക്കും’ ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ ഫലസ്തീന്‍ വക്താവ് മുഹമ്മദ് അബു റുക്ബ പറഞ്ഞു.

ഗസയെ മനുഷ്യവാസയോഗ്യമല്ലാതെ മാറ്റിത്തീര്‍ക്കുകയാണ് ഇസ്രാഈല്‍ ഭരണകൂടമെന്ന് ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ ഫലസ്തീന്റെ ആരോപണങ്ങളില്‍ നിന്നും വ്യക്തമാണ്.
‘2007 മുതല്‍ ഗസമുനമ്പിനെതിരെ ഇസ്രഈല്‍ അധികൃതര്‍ അടച്ചുപൂട്ടല്‍ നയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യക്തികളുടെ പ്രവേശനവും പുറത്തു കടക്കലും കര്‍ശനമായി നിയന്ത്രിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.
ഭക്ഷണം, നിര്‍മ്മാണ സാമഗ്രികള്‍, ഇന്ധനം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയുടെ ഇറക്കുമതിയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഇസ്രഈല്‍ ഭരണകൂടം നടപ്പിലാക്കിയത്. യു.എന്‍.ഒ.സി.എച്ച്.എ (യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഫോര്‍ ദ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ്) പ്രകാരം ഗസയിലെ മൊബൈല്‍ ആശയവിനിമയത്തിനുള്ള മൂന്ന് പ്രധാന ലൈനുകളില്‍ രണ്ടെണ്ണം ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.
ഇത്തരത്തില്‍ ‘താത്കാലികമായോ ശാശ്വതമായോ ജീവിക്കാന്‍ കഴിയാത്ത സ്ഥലമാക്കി ഗസയെ മാറ്റുകയല്ലാതെ ഇസ്രഈലിന് മറ്റു മാര്‍ഗ്ഗമില്ല’എന്നാണ് റിസര്‍വിസ്റ്റ് മേജര്‍ ജനറല്‍ ജിയോറ ഐലന്‍ഡ് ഇസ്രഈല്‍ മാധ്യമങ്ങളോട് പറഞ്ഞത്. യുദ്ധത്തില്‍ അനാഥരായ കുട്ടികളെ സംബന്ധിച്ചിടത്തോളം കുടുംബത്തിന്റെ അടിസ്ഥാന പിന്തുണയില്ലാതെ ജീവിതം നയിക്കുക എന്നത് ഭയാനകമായ വെല്ലുവിളിയാണ്’ ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ ഫലസ്തീന്‍ പറഞ്ഞു.

ഗസയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം ഇപ്പോഴും വന്‍തോതില്‍ ഉയരുകയാണ്. മനുഷ്യാവകാശ പ്രതിസന്ധി അപകടകരമായ അതിര്‍ത്തികള്‍ കടന്നിട്ടും ഓരോനാളിലും പുതിയ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും യൂണിസെഫ് പറയുന്നു.

Content Highlight: One Palestinian child in Gaza killed every 15 minutes by Israeli forces