| Wednesday, 12th August 2020, 8:03 am

കാബൂളില്‍ ചാവേറാക്രമണത്തില്‍ പങ്കെടുത്തത് കാസര്‍ഗോഡു നിന്നുള്ള മലയാളിയല്ലെന്ന് ഡി.എന്‍.എ പരിശോധന ഫലം; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ മാര്‍ച്ച് 25ന് ഒരു ഗുരുദ്വാരയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ പങ്കെടുത്ത മൂന്ന് പേരില്‍ ഇന്ത്യക്കാരനില്ലെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാസര്‍ഗോഡ് നിന്നുള്ള മലയാളിയായ കല്ലുകെട്ടി ഇജാസാണ് ഒരു ചാവേര്‍ എന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചാവേറായ വ്യക്തിയുടെ ഡി.എന്‍.എ അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. പരിശോധനയില്‍ 21കാരനായ മുഹമ്മദ് മുഹ്‌സിന്‍ എന്ന അബു ഖാലിദ് അല്‍ഹിന്ദിയെന്ന അഫ്ഗാന്‍ പൗരനാണ് ഇതെന്നും ഇന്ത്യക്കാരനല്ലെന്ന് തെളിയുകയുമായിരുന്നു.

ചാവേര്‍ ഇന്ത്യന്‍ സ്വദേശിയല്ലെന്നും അഫ്ഗാന്‍ പൗരനാണെന്നുമുള്ള റിപ്പോര്‍ട്ട് എന്‍.ഐ.എയ്ക്ക് കൈമാറിയതായി സുരക്ഷാ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞതായി പ്രിന്റ് പറയുന്നു.

മാര്‍ച്ച് 25നാണ് ഗുരുദ്വാരയില്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെ ചാവേറാക്രമണം നടന്നത്. മൂന്ന് തോക്കുധാരികള്‍ തുടര്‍ച്ചയായി വെടിവെക്കുകയായിരുന്നു. 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനിലെ ഇസ്‌ലാമിക് ഖോറസാന്‍ പ്രൊവിന്‍സ് എന്ന തീവ്രവാദ സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. സംഘടന ഐസിസിനോട് അനുഭാവം പുലര്‍ത്തുന്ന സംഘടനയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more