| Saturday, 3rd August 2019, 9:30 pm

ചാവക്കാട്ടെ നൗഷാദിന്റെ കൊലപാതകം: മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍; കൊലയ്ക്ക് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ ആക്രമിച്ചതിലുള്ള പക

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: ചാവക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ കൊന്ന കേസിലെ പ്രധാന പ്രതികളിലൊരാള്‍ അറസ്റ്റില്‍. ചാവക്കാട് നാലാംകല്ല് സ്വദേശി മുബീനാണ് അറസ്റ്റിലായത്.

എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ ആക്രമിച്ചതിനുള്ള പകയാണ് കൊലയ്ക്കുള്ള കാരണമെന്ന് പൊലീസ് വ്യക്തമാക്കി. നിരവധി കേസുകളില്‍ പ്രതിയായ മുബീന്‍ നൗഷാദിനെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്നു.

ചാവക്കാട്ടെ എസ്.ഡി.പി.ഐയുടെ പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കൊല നടന്നതെന്നും മുബീന്‍ പൊലീസിനു മൊഴി നല്‍കി. മുന്‍പും നൗഷാദിനെ വധിക്കാന്‍ ശ്രമം നടന്നിരുന്നെന്നും മുബീന്‍ പറഞ്ഞു.

മറ്റു പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും മുബീന്‍ പൊലീസിനു കൈമാറിയിട്ടുണ്ട്.

ജൂലൈ 30-നാണ് ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റത്. ഇതില്‍ നൗഷാദ് കൊല്ലപ്പെട്ടിരുന്നു.

ആക്രമണത്തിനു പിന്നില്‍ എസ്.ഡി.പി.ഐയാണെന്നതിനെച്ചൊല്ലി ഏറെ വിവാദം ഉണ്ടായിരുന്നു. പ്രാദേശിക നേതൃത്വവും കോണ്‍ഗ്രസ് നേതാക്കളും എസ്.ഡി.പി.ഐയുടെ പേര് പറഞ്ഞെങ്കിലും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആദ്യഘട്ടത്തില്‍ അതു പറഞ്ഞില്ല.

തനിക്കു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു പ്രതികരിച്ചതെന്നും പിന്നീടാണു ജില്ലാ നേതൃത്വത്തില്‍ നിന്നും പൊലീസില്‍ നിന്നും പ്രതികളെ സംബന്ധിച്ച വ്യക്തമായ വിവരം ലഭിച്ചതെന്നും അദ്ദേഹം പിന്നീട് പറഞ്ഞിരുന്നു. ചോര മണക്കുന്ന കഠാരയും വര്‍ഗീയവിഷവുമായി നില്‍ക്കുന്ന എസ്.ഡി.പി.ഐ മതേതര കേരളത്തിന് ആപത്താണെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, വി.എം സുധീരന്‍, കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ എസ്.ഡി.പി.ഐയെ പേരെടുത്തുപറഞ്ഞ് ആക്രമിച്ചിരുന്നു.

കൊന്നത് എസ്.ഡി.പി.ഐയാണെന്ന് ഉറക്കെ പറയണമെന്നും നൗഷാദ് രക്തസാക്ഷിയായത് പാര്‍ട്ടിക്ക് വേണ്ടിയാണെന്നും കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more