| Monday, 27th May 2024, 2:05 pm

ഇസ്രഈലിനെതിരായ അന്താരാഷ്ട്ര കോടതി വിധിയെ പിന്തുണച്ച ഇന്ത്യന്‍ ജഡ്ജി ആര്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റഫയിലെ ഇസ്രഈല്‍ ആക്രമണത്തിനെതിരെയുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെ പിന്തുണച്ച ജഡ്ജിമാരില്‍ ഒരാള്‍ ഇന്ത്യയില്‍ നിന്ന്. ജഡ്ജി ദല്‍വീര്‍ ഭണ്ഡാരിയാണ് ഇസ്രഈലിനെതിരെയുള്ള ഐ.സി.ജെ ഉത്തരവിനെ പിന്തുണച്ചത്.

ഫലസ്തീന്‍ പൗരന്മാര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ മനുഷ്യനിര്‍മിതമായ ദുരന്തമെന്ന് ദല്‍വീര്‍ ഭണ്ഡാരി വിശേഷിപ്പിക്കുകയുണ്ടായി. റഫയിലെ സൈനിക നടപടി ഇസ്രഈല്‍ അവസാനിപ്പിക്കണമെന്നായിരുന്നു അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ്.

രണ്ടിനെതിരെ 13 ജഡ്ജിമാരാണ് റഫയിലെ സൈനിക നടപടി അവസാനിപ്പിക്കമെന്ന വിധിയെ പിന്തുണച്ചത്. 2012 മുതല്‍ ജഡ്ജി ദല്‍വീര്‍ ഭണ്ഡാരി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിയമജ്ഞനാണ്. 1947ല്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ ജനിച്ച ഭണ്ഡാരിയ്ക്ക് 2014ല്‍ പത്മഭൂഷണ്‍ ലഭിച്ചിരുന്നു.

സുപ്രീം കോടതിയില്‍ സുപ്രധാനമായ ഏതാനും കേസുകളില്‍ ദല്‍വീര്‍ ഭണ്ഡാരി വാദിച്ചിട്ടുണ്ട്. 2005 ഒക്ടോബര്‍ 28ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായി അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചു. സുപ്രീം കോടതിയിലേക്കുള്ള നിയമനത്തിന് മുമ്പ് അദ്ദേഹം ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. വര്‍ഷങ്ങളോളം ഇന്റര്‍നാഷണല്‍ ലോ അസോസിയേഷന്റെ ദല്‍ഹി സെന്റര്‍ അധ്യക്ഷന്‍ കൂടിയായിരുന്നു ദല്‍വീര്‍.

ഭരണഘടനാ നിയമം, ക്രിമിനല്‍ നിയമം, സിവില്‍ നടപടിക്രമങ്ങള്‍, ഭരണനിയമങ്ങള്‍, കുടുംബ നിയമം, തൊഴില്‍, വ്യാവസായിക നിയമം, കോര്‍പ്പറേറ്റ് നിയമം തുടങ്ങി നിരവധി വിഷയങ്ങളില്‍ ദല്‍വീര്‍ ഭണ്ഡാരി വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

വിവാഹമോചന കേസുകളിലെ അദ്ദേഹത്തിന്റെ വിധി ശ്രദ്ധേയമായിരുന്നു. ദാമ്പത്യത്തിലുണ്ടാകുന്ന തകര്‍ച്ച വിവാഹമോചനത്തിന് കാരണമായേക്കാമെന്നും 1955ലെ ഹിന്ദു വിവാഹ നിയമം ഭേദഗതി ചെയ്യുന്നതിനെ ഗൗരവമായി പരിഗണിക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നതായിരുന്നു വിധി.

കടല്‍ തര്‍ക്കങ്ങള്‍, അന്റാര്‍ട്ടിക്കയിലെ തിമിംഗലവേട്ട, വംശഹത്യ, ഭൂഖണ്ഡങ്ങളുടെ അതിര്‍ത്തി നിര്‍ണയം, ആണവ നിരായുധീകരണം, തീവ്രവാദത്തിന് ധനസഹായം നല്‍കല്‍, പരമാധികാര അവകാശ ലംഘനം തുടങ്ങിയ വിഷയങ്ങളിലുള്ള ഐ.സി.ജെ വിധികളില്‍ 2012 മുതല്‍ ദല്‍വീര്‍ നിര്‍ണായക പങ്കുവഹിച്ചു.

ഇസ്രഈലിനെതിരായ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചത് ഉഗാണ്ടയില്‍ നിന്നുള്ള ജഡ്ജി ജൂലിയ സെബുട്ടിന്‍ഡെയും മുന്‍ ഇസ്രഈല്‍ ഹൈക്കോടതി പ്രസിഡന്റ് ജഡ്ജി അഹരോണ്‍ ബരാക്കുമാണ്.

വിധിയില്‍ ഗസയിലേക്ക് സഹായമെത്തിക്കാന്‍ റഫ അതിര്‍ത്തി തുറക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഹമാസ് നിരുപാധികം ബന്ദികളെ വിട്ടയക്കണമെന്നും ഐ.സി.ജെ ഉത്തവിട്ടിരുന്നു. ഗസയിലെ ഫലസ്തീനികളുടെ അവസ്ഥയെ വിനാശകരമെന്നും കോടതി വിധി ചൂണ്ടിക്കാട്ടി.

എന്നാല്‍ കോടതി വിധി മാനിക്കാതെ ഇസ്രഈല്‍ ഗസയിലും റഫ അതിര്‍ത്തിയിലും ആക്രമണം തുടരുകയാണ്. യുദ്ധത്തില്‍ സമ്പൂര്‍ണ വിജയം കൈവരിക്കുന്നത് വരെ റഫ അധിനിവേശം, സൈനിക സമ്മര്‍ദം വര്‍ധിപ്പിക്കല്‍, ഹമാസിന്റെ പരാജയം എന്നിവ മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രഈല്‍ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ പ്രതികരിച്ചിരുന്നു.

Content Highlight: One of the judges who upheld the International Court of Justice’s ruling against Israel’s attack on Rafah is from India

We use cookies to give you the best possible experience. Learn more