തൃശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ വീണുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലിരുന്ന പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു.
തൃശൂര്‍ പട്ടിക്കാട് സ്വദേശി അലീന (16)യാണ് മരിച്ചത്. സെന്റ് ക്ലെയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് അലീന.
പുലര്‍ച്ചെ 12.30ഓടെയായിരുന്നു മരണം. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.
സുഹൃത്തിന്റെ വീട്ടില്‍ തിരുനാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികളാണ് അപകടത്തില്‍ പെട്ടത്.
അലീനയ്ക്ക് പുറമെ പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രെയ്സ് (16), എറിന്‍ (16), പീച്ചി സ്വദേശി നിമ (16) എന്നിവരാണ് ഡാമില്‍ വീണത്. അപകടത്തിന് പിന്നാലെ മൂന്ന് പെണ്‍കുട്ടികളുടെ ആരോഗ്യനില ഗുരുതരമായിരുന്നു.
മറ്റു വിദ്യാര്‍ത്ഥികള്‍ നിലവില്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ആന്‍ ഗ്രെയ്സ്, എറിന്‍ എന്നിവരുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുന്നുവെന്നാണ് വിവരം.
ഇരുവരും വെന്റിലേറ്ററില്‍ കഴിയുകയാണ്. നിമയുടെ ആരോഗ്യനില തൃപ്തികരമാണ്. ഡാമിലെ കരയിലുണ്ടായിരുന്ന നിമയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് പെൺകുട്ടികളെ ആശുപത്രിയിലെത്തിച്ചത്.
സുഹൃത്തിന്റെ വീടിന് പുറകുവശത്തായുള്ള പീച്ചി ഡാമിന്റെ കൈവരിയുടെ അടുത്തുള്ള പാറയ്ക്ക് സമീപത്ത് നിന്നും കാല് വഴുതി നാലുപേരും വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
ചെരുപ്പ് വീണപ്പോള്‍ അതെടുക്കാന്‍ ശ്രമം നടത്തിയതായിരുന്നു. നിമയുടെ സഹോദരി ഹിമയുടെ സുഹൃത്തുക്കളാണ് അപകടത്തിൽപ്പെട്ട പെൺകുട്ടികൾ.
Content Highlight: One of the four girls who fell into Peechi Dam died