മനോഹരമായ ഫ്രെയിമുകളും മിസ്റ്റീരിയസ് സംഗീതവും; മാജിക് തീര്‍ത്ത് അല്‍ഫോണ്‍സ് ജോസഫ്
Film News
മനോഹരമായ ഫ്രെയിമുകളും മിസ്റ്റീരിയസ് സംഗീതവും; മാജിക് തീര്‍ത്ത് അല്‍ഫോണ്‍സ് ജോസഫ്
അമൃത ടി. സുരേഷ്
Thursday, 30th June 2022, 3:44 pm

ലിയോ തദേവൂസ് സംവിധാനം ചെയ്ത പന്ത്രണ്ട് കഴിഞ്ഞ ജൂണ്‍ 24നാണ് റിലീസ് ചെയ്തത്. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ദേവ് മോഹന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം യേശുക്രിസ്തുവിനേയും പന്ത്രണ്ട് ശിഷ്യന്മാരേയും കേരളത്തിലെ ഒരു തീരപ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ പുനരാഖ്യാനം ചെയ്യുകയാണ്.

അന്ത്രോ എന്ന തലവന്റെ നേതൃത്വത്തില്‍ ക്വട്ടേഷന്‍ പരിപാടികളുമായി മുമ്പോട്ട് പോവുന്ന ഗുണ്ടാ സംഘം, അവര്‍ക്കിടിയിലേക്ക് അപരിചിതനായ ഇമ്മാനുവല്‍ എന്ന ഒരു യുവാവ് കടന്നു പോരുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്.

പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായി ഒരു കാഴ്ചാനുഭവം തന്നെ നല്‍കുന്നുണ്ട് പന്ത്രണ്ട്. ചിത്രത്തിന്റെ ആസ്വാദനത്തെ അതിന്റെ പൂര്‍ണതയിലെത്തിച്ച ഒരു ഘടകം പശ്ചാത്തല സംഗീതമാണ്. സിനിമക്ക് ചേരുന്ന വിധത്തില്‍ മിസ്റ്റീരിയസായിട്ടുള്ള പശ്ചാത്തല സംഗീതമാണ് അല്‍ഫോണ്‍സ് ഒരുക്കിയത്. പ്രത്യകിച്ചും ഇമ്മാനുവേലും അന്ത്രോയും കൂടി കടല്‍ തീരത്ത് വെച്ച് നടത്തുന്ന ഫൈറ്റ്, അന്ത്രോയും പത്രോയും കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്നത്, ക്ലൈമാക്‌സ് സീന്‍ എന്നിവയിലെ ദൃശ്യങ്ങളും അതിന്റെ പശ്ചാത്തല സംഗീതവും മികച്ചു നിന്നു.

ആകെ നാല് പാട്ടുകളാണ് ചിത്രത്തിനായി അല്‍ഫോണ്‍സ് ഒരുക്കിയത്. സിനിമയുടെ തുടക്കത്തിലുള്ള ആക്ഷന്‍ സീനുകള്‍ക്ക് പശ്ചാത്തലമായി പടകള്‍ ഉണരേ എന്ന പാട്ട് ഒരു റാപ്പ് മോഡലിലാണ് ഒരുക്കിയത്. കടലില്‍ മീന്‍ പിടിക്കാന്‍ പോവുമ്പോഴുള്ള തുഴയുമോ തുടരുമോ എന്ന ഗാനവും രംഗങ്ങള്‍ക്കനുസരിച്ച് പ്രേക്ഷകന് അല്പം അസ്വസ്തത പകരുന്ന വിധമാണ്.

മെല്ലെ എന്‍ പ്രണയം, വാനതിരില്‍ മിഴി എന്നീ രണ്ട് ഗാനങ്ങള്‍ ഫീല്‍ ഗുഡായി മെലോഡിയസായി ഒരുക്കിയിരിക്കുന്നു. ഈ രണ്ട് ഗാനങ്ങളും ഷഹബാസ് അമനാണ് പാടിയിരിക്കുന്നത്. വാനതിരില്‍ എന്ന പാട്ടില്‍ അല്‍ഫോണ്‍സിന്റെ ശബ്ദവും കടന്നു വരുന്നുണ്ട്.

സ്വരൂപ് ശോഭ ശങ്കറിന്റെ സിനിമാറ്റോഗ്രഫിയും നബു ഉസ്മാന്റെ എഡിറ്റിങും ചിത്രത്തിന് മുതല്‍ കൂട്ടായി. മനോഹരമായി ദൃശ്യങ്ങളോടൊപ്പം പശ്ചാത്തലസംഗീതവും ഗംഭീരമായപ്പോള്‍ പ്രേക്ഷകന് നല്ലൊരു ദൃശ്യാനുഭവം കൂടിയാണ് പന്ത്രണ്ടിലൂടെ ലഭിച്ചത്.

Content Highlight: One of the factors that made the film PANTHRAND enjoyable was its background music by alphonse joseph 

അമൃത ടി. സുരേഷ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.