| Sunday, 5th August 2018, 6:03 pm

ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും മാറ്റിയ 14 പെണ്‍കുട്ടികളില്‍ ഒരാളെ കാണാനില്ലെന്നു പരാതി: നടന്നത് ഗുരുതരമായ സുരക്ഷാവീഴ്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും രക്ഷപ്പെടുത്തിയ 14 പെണ്‍കുട്ടികളില്‍ ഒരാളെ കാണാനില്ലെന്ന് പരാതി. ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും മധുബനിയിലെ എന്‍.ജി.ഒയിലേക്ക് മാറ്റിയ പെണ്‍കുട്ടികളിലൊരാളെ കാണാനില്ലെന്നാണ് എന്‍.ജി.ഒ നടത്തുന്ന പ്രഗ്യ ഭാരതിയുടെ പരാതി. ഗുരുതരമായ സുരക്ഷാവീഴ്ചയാണ് നടന്നിരിക്കുന്നതെന്ന് ഭാരതി ആരോപിച്ചു.

“ഞങ്ങളുടെ എന്‍.ജി.ഒയിലെ പ്രത്യേക യൂണിറ്റില്‍ 10 ബെഡുകളാണുള്ളത്. അവയിലൊട്ടാകെ 11 കുട്ടികള്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ മറ്റൊരിടത്തേക്ക് മാറ്റുമെന്ന് ഉറപ്പു നല്‍കിയാണ് അധികൃതര്‍ ഇവര്‍ക്കൊപ്പം ആ 14 കുട്ടികളെക്കൂടി താമസിപ്പിക്കാന്‍ നിര്‍ബന്ധിച്ചത്. 20-25 കുട്ടികള്‍ക്ക് ഒരേസമയം താമസസൗകര്യം ഒരുക്കാനുള്ള സാഹചര്യമില്ലാഞ്ഞിട്ടും, സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം ഞാന്‍ അവരെക്കൂടി ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ അവരെ ഇവിടെ നിന്നും മാറ്റാനുള്ള നീക്കങ്ങളൊന്നും പിന്നീടുണ്ടായില്ല. അവരെ സംരക്ഷിക്കാന്‍ എന്നാലാവും വിധം ഞാന്‍ ശ്രമിച്ചിട്ടുണ്ട്.” ഭാരതി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.


Also Read: ആക്രമിക്കാന്‍ വേണ്ടി അവസരം കാത്തിരിക്കുകയാണ് പ്രതിപക്ഷം; മുസാഫര്‍പൂര്‍ ബലാത്സംഗക്കേസില്‍ നിതീഷ് കുമാര്‍


14 പെണ്‍കുട്ടികളുടെയും നില വളരെ മോശമായിരുന്നു. അതിനാല്‍ സുരക്ഷയാവശ്യപ്പെട്ടുകൊണ്ട് ജില്ലാ ഭരണകൂടത്തിന് കത്തെഴുതിയിരുന്നു. സുരക്ഷാ കാര്യങ്ങളുടെ മേല്‍നോട്ടം നിര്‍വഹിച്ചത് നാലു പേര്‍ ചേര്‍ന്നാണ്. ഇതിനിടയിലാണ് ഒരു പെണ്‍കുട്ടിയെ കാണാതായിട്ടുള്ളത്. ഇത് സുരക്ഷാ വീഴ്ചയോ ഗൂഢാലോചനയോ കാരണം സംഭവിച്ചതാവാം. ഈ കേസിനെ എല്ലാവരും ചേര്‍ന്ന് രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും ഭാരതി കൂട്ടിച്ചേര്‍ത്തു.

കാണാതായ വിവരം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ പൊലീസില്‍ വിവരമറിയിക്കുകയും തുടരന്വേഷണത്തിനായി സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറുകയും ചെയ്‌തെന്നും ഭാരതി പറയുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി തന്നെ ഇതുവരെ ആരും സമീപിച്ചിട്ടില്ലെന്നും അവര്‍ മാധ്യമങ്ങളോടു പറഞ്ഞു.


Also Read: ബീഹാര്‍ ഷെല്‍ട്ടര്‍ ഹോം ബലാത്സംഗക്കേസില്‍ നടന്നത് പ്രതിപക്ഷപ്പാര്‍ട്ടികളുടെ സൗഹൃദദിനാഘോഷം; നിതീഷ് കുമാര്‍ രാജിവയ്ക്കില്ലെന്നും ജെ.ഡി.യു


തന്റെ സ്ഥാപനം ദുഷ്പ്രവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്നുണ്ടെന്നത് തെറ്റായ ആരോപണമാണ്. അതിക്രമത്തെ അതിജീവിച്ച പെണ്‍കുട്ടികളുമായി താന്‍ സംസാരിച്ചതാണ്. അവരെല്ലാം ശാരീരികമായി വളരെ ദുര്‍ബലമായ അവസ്ഥയിലാണ്. ധാരാളം കൗണ്‍സലിംഗ് സെഷനുകള്‍ക്കു ശേഷമാണ് അവര്‍ സംസാരിച്ചു തുടങ്ങിയതു തന്നെ. ഇപ്പോഴും മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും പുറത്തുവരാന്‍ ബുദ്ധിമുട്ടുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്, ഭാരതി പറയുന്നു.

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് പുറത്തുവിട്ട സോഷ്യന്‍ ഓഡിറ്റ് റിപ്പോര്‍ട്ടുവഴിയാണ് ഷെല്‍ട്ടര്‍ ഹോമിലെ ബലാത്സംഗവിവരം പുറത്തറിയുന്നത്. വിഷയത്തില്‍ നടപടിയെടുക്കാന്‍ വൈകിയതിന് സാമൂഹികക്ഷേമ ഡിപ്പാര്‍ട്ട്‌മെന്റിലെ ഏഴു പേരെ ബീഹാര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് ശനിയാഴ്ച സസ്‌പെന്റ് ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more