| Friday, 9th August 2024, 4:45 pm

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാൻ ഭരണഘടനാ ദേദഗതി വേണം: കേന്ദ്ര നിയമ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: രാംനാഥ്‌ കോവിന്ദ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നിവ നടപ്പിലാക്കാൻ ഇന്ത്യൻ ഭരണഘടനയിൽ ഭേദഗതികൾ വേണ്ടിവരുമെന്ന് കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ.

നിയമപരവും ഭരണഘടനപരവുമായ വശങ്ങൾ പരിശോധിച്ചതിന് ശേഷമായിരിക്കും ഉന്നതതല സമിതിയുടെ ശുപാർശകൾ നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളു എന്ന് കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു.

ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിൻ്റെ സാധ്യത പരിശോധിക്കാൻ 2023 സെപ്റ്റംബറിൽ മോദി സർക്കാർ കോവിന്ദ് പാനലിനെ നിയോഗിച്ചിരുന്നു. എന്നിരുന്നാലും, ഭേദഗതികൾ പാസാക്കണമെങ്കിൽ സർക്കാരിന് സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്ന് നിരവധി വിദഗ്ധർ പറഞ്ഞു.

മുൻ രാഷ്ട്രപതി രാം നാഥ്‌ കോവിന്ദിന്റെ നേതൃത്വത്തിൽ എട്ട് അംഗങ്ങൾ ഉള്ള സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനയിൽ ഭേദഗതി വരുത്തണമെന്ന നിർദേശം മുന്നോട്ട് വെച്ചത്.

പാർലമെൻ്റിൻ്റെ സഭകളുടെ കാലാവധിയുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 83, നിയമസഭകൾ, സംസ്ഥാന നിയമസഭകൾ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 174, സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 356 രാഷ്ട്രപതി ലോക്‌സഭ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 85, സംസ്ഥാനത്തിൻ്റെ കാലാവധിയുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 172 തുടങ്ങി ഭരണഘടനയുടെ അഞ്ച് അനുച്ഛേദങ്ങളിലെങ്കിലും ഭേദഗതികൾ ആവശ്യമാണെന്നും കമ്മിറ്റി പറഞ്ഞു.

ആദ്യപടിയായി ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ ശുപാർശ ചെയ്തിട്ടുണ്ട്. തുടർന്ന് മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ, ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുമായി സമന്വയിപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. ആദ്യ ഘട്ടം നടപ്പാക്കുന്നതിന് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ലെന്ന് സമിതി പറഞ്ഞു.

വിപുലമായ ചർച്ചകൾക്കും മീറ്റിങ്ങുകൾക്കും ശേഷമാണ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്.

കോവിന്ദ് കമ്മിറ്റി 2024 മാർച്ച് 14 ന് രാഷ്ട്രപതിക്ക് തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിച്ചതായി മേഘ്‌വാൾ പറഞ്ഞു.

‘കമ്മിറ്റി 65 മീറ്റിങ്ങുകൾ നടത്തി. വിപുലമായ ചർച്ചകൾ നടത്തി ഇതിനെല്ലാം ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. അത് സർക്കാർ അതിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു,’ അദ്ദേഹം പറഞ്ഞു.

Content Highlight: One nation one poll implementation needs constitution amendment

We use cookies to give you the best possible experience. Learn more