ന്യൂദല്‍ഹി: രാജ്യത്ത് എല്ലാ വളങ്ങളും ഒരു ബ്രാന്‍ഡിന് കീഴില്‍ വില്‍ക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ്. ഒരു രാജ്യം ഒരു റേഷന്‍ എന്ന പോലെ ‘ഒരു രാജ്യം, ഒരു മനുഷ്യന്‍, ഒരു വളം’ എന്നതാണ് കേന്ദ്രത്തിന്റെ പുതിയ സ്‌കീം എന്നാണ് കോണ്‍ഗ്രസിന്റെ പരാമര്‍ശം.
രാജ്യത്തുടനീളമുള്ള വളങ്ങള്‍ക്കിടയില്‍ ഏകീകൃത കൊണ്ടുവരാനാണ് പുതിയ തീരുമാനമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഇത് സംബന്ധിച്ച് എല്ലാ കമ്പനികള്‍ക്കും നോട്ടീസ് നല്‍കിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഭാരത് എന്ന ബ്രാന്‍ഡിന് കീഴിലാണ് വളങ്ങള്‍ വില്‍ക്കേണ്ടതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്.
സ്വയം പ്രമോഷന് വേണ്ടി സര്‍വവ്യാപികള്‍ ചെയ്യുന്നതൊന്നും പൊതുജനങ്ങളെ ഇനി അത്ഭുതപ്പെടുത്തില്ലെന്നായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശിന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘സ്വയം പ്രമോഷനുവേണ്ടി സര്‍വവ്യാപി ചെയ്യുന്നതൊന്നും ഇനി നമ്മളെ അത്ഭുതപ്പെടുത്തില്ല. അതില്‍ ഏറ്റവും പുതിയ തീരുമാനമാണ് എല്ലാ വളങ്ങളും ഒരു ബ്രാന്‍ഡിന് കീഴില്‍ വില്‍ക്കാനുള്ളത്. അതും പ്രധാനമന്ത്രി-ബി.ജെ.പി (ഭാരതീയ ജനുര്‍വരക് പരിയോജന) യുടെ ഭാഗമായി,’ ജയ്റാം രമേശ് പറഞ്ഞു.