| Thursday, 19th December 2024, 8:52 am

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ജെ.പി.സിയില്‍ പ്രതിപക്ഷത്തുനിന്ന് സുപ്രിയ സുലെയും പ്രിയങ്കയും ഉള്‍പ്പെടെയുള്ളവര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്‍ പരിഗണിക്കുന്ന 31 അംഗ സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ പ്രതിപക്ഷത്ത് നിന്ന് ഏഴ് പേര്‍. വയനാട് എം.പി പ്രിയങ്ക ഗാന്ധി, എന്‍.സി.പി (എസ്.പി) എം.പി സുപ്രിയ സുലെ എന്നിവരാണ് പ്രതിപക്ഷത്ത് നിന്നുള്ള വനിതാ പ്രതിനിധികള്‍.

കോണ്‍ഗ്രസ് എം.പിമാരായ മനീഷ് തിവാരി, സുഖ്ദേവ് ഭഗത്, സമാജ്‌വാദി പാര്‍ട്ടി എം.പി ധര്‍മേന്ദ്ര യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കല്യാണ്‍ ബാനര്‍ജി, ഡി.എം.കെ എം.പി ടി.എം. സെല്‍വഗണപതി എന്നിവരും പട്ടികയിലുണ്ട്.

ഭരണകക്ഷിയില്‍ നിന്ന് 14 അംഗങ്ങളാണ് പട്ടികയിലുള്ളത്. ബി.ജെ.പിയില്‍ നിന്ന് പത്ത് എം.പിമാരും ടി.ഡി.പി, ശിവസേന, ആര്‍.എല്‍.ഡി, ജനസേന പാര്‍ട്ടി എന്നിവയില്‍ നിന്ന് ഓരോ പ്രതിനിധികള്‍ വീതവും.

ബി.ജെ.പി അംഗമായ പി.പി. ചൗധരിയായിരിക്കും സമിതിയുടെ അധ്യക്ഷന്‍. സി.എം രമേശ്, അനുരാഗ് താക്കൂര്‍, ഭര്‍തൃഹരി മെഹ്താബ്, സംബിത് പത്ര, അനില്‍ ബലൂനി, ബാംസുരി സ്വരാജ്, പുരുഷോത്തം രൂപാല, വിഷ്ണുദത്ത് ശര്‍മ എന്നിവരാണ് ബി.ജെ.പിയില്‍ നിന്നുള്ള മറ്റുള്ള അംഗങ്ങള്‍.

ശിവസേനയില്‍ നിന്നും ശ്രീകാന്ത് ഷിന്‍ഡെയും ടി.ഡി.പിയില്‍ നിന്ന് ജി.എം. ഹരീഷ് ബാലയോഗി, ആര്‍.എല്‍.ഡിയില്‍ നിന്ന് ചന്ദന്‍ ചൗഹാനും ജനസേന പാര്‍ട്ടിയില്‍ നിന്ന് വല്ലഭാനേനിയും പട്ടികയിലുണ്ട്.

ഇവര്‍ക്ക് പുറമെ രാജ്യസഭയില്‍ നിന്ന് 10 അംഗങ്ങള്‍ കൂടി സമിതിയിലുണ്ടാകും. പ്രതിപക്ഷത്ത് നിന്ന് രണ്‍ദീപ് സുര്‍ജേവാല (കോണ്‍ഗ്രസ്), സാകേത് ഗോഖലെ (ടി.എം.സി) എന്നിവര്‍ അംഗങ്ങളായേക്കുമെന്നാണ് സൂചന. അന്തിമ പട്ടിക ഇതുവരെ പുറത്തുവിട്ടില്ല.

അതേസമയം നിയമസഭ-ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള ബില്‍ അവതരണത്തില്‍ നിന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉള്‍പ്പെടെയുള്ള ബി.ജെ.പി എം.പിമാര്‍ വിട്ടുനിന്നിരുന്നു.

ത്രീലൈന്‍ വിപ്പ് നല്‍കിയിട്ടും 20 ബി.ജെപി എം.പിമാരാണ് ബില്‍ അവതരണത്തില്‍ നിന്ന് വിട്ടുനിന്നത്. ഇത് ബി.ജെ.പി നേതൃത്വത്തില്‍ അതൃപ്തി ഉണ്ടാക്കിയതായാണ് വിവരം.

വോട്ടെടുപ്പിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. നടപടിയില്‍ നിന്ന് വിട്ടുനിന്ന എം.പിമാര്‍ക്ക് നേതൃത്വം കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

ജ്യോതിരാദിത്യ സിന്ധ്യ, ശന്തനു താക്കൂര്‍, ജഗതാംബിക പാല്‍, ഡി.വൈ. രാഘവേന്ദ്ര, വിജയ് ഭാഗേല്‍, ഉദയ്‌രാജ് ബോസ്‌ലെ, ജഗന്നാഥ് സര്‍ക്കാര്‍, ജയന്ത്കുമാര്‍ റോയ്, വി. സോമണ്ണ, ചിന്താമണി മഹാരാജ് തുടങ്ങിയ എം.പിമാരാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. ഇതോടെയാണ് ബില്‍ ജെ.പി.സിക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Content Highlight: One nation one election; Supriya Sule and Priyanka from opposition in JPC

We use cookies to give you the best possible experience. Learn more