തൃശ്ശൂര്‍: മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. വെങ്ങിണിശ്ശേരിയില്‍ മദ്യം ലഭിക്കാത്തതിലുള്ള മാനസിക പ്രയാസം മൂലം കെട്ടിട്ട നിര്‍മ്മാണ തൊഴിലാളിയാണ് ജീവനൊടുക്കിയത്.
തൃശൂര്‍ വെങ്ങിണിശേരി സ്വദേശി ഷൈബു (47) ആണ് മരിച്ചത്. ആറാട്ടുകടവ് ബണ്ട് ചാലില്‍ മുങ്ങി മരിച്ച നിലയിലാണ് ഷൈബുവിനെ കണ്ടെത്തിയത്. മദ്യം ലഭിക്കാത്തതു മൂലം സംഘര്‍ഷത്തിലായിരുന്നു ഷൈബുവെന്ന് റിപ്പോര്‍ട്ടുണ്ട്. മദ്യം ലഭിക്കാത്തതുമൂലം ആത്മഹത്യ ചെയ്തുവെന്ന് സംശയിക്കുന്ന സംസ്ഥാനത്തെ ആറാമത്തെ സംഭവമാണിത്.
മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നുള്ള ആദ്യത്തെ ആത്മഹത്യ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് തൃശ്ശൂരില്‍ നിന്നായിരുന്നു. തൃശൂര്‍ കുന്നംകുളത്ത് കുളങ്ങര വീട്ടില്‍ സനോജാണ് ആത്മഹത്യ ചെയ്തത്. ബാറുകളും ഔട്ട്‌ലെറ്റുകളും അടച്ചതോടെ മദ്യം ലഭിക്കാതെ
സനോജ് ഏറെ അസ്വസ്ഥനായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
മദ്യം കിട്ടാത്തതിനാല്‍ രണ്ട് ദിവസമായി ഇയാള്‍ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാരും പറയുന്നു. വീട്ടിലും പരിസരത്തുമെല്ലാം ഓടി നടക്കുകയായിരുന്നെന്നും രണ്ട് ദിവസമായി ഭക്ഷണവും കഴിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു. പെയിന്റിംഗ് തൊഴിലാളിയായ സനോജ് ദിവസത്തില്‍ മൂന്ന് തവണയെങ്കിലും അടുത്തുള്ള ബാറില്‍ മദ്യപിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ ആലപ്പുഴ കിടങ്ങംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിനു സമീപം കടത്തിണ്ണയില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കാര്‍ത്തികപ്പള്ളി സ്വദേശി ഹരിദാസന്‍ ആണ് മരിച്ചത്. മദ്യം കിട്ടാത്തത് മൂലം ഇയാള്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. ക്ഷേത്രത്തിലെ പുള്ളുവന്‍ പാട്ടുകാരനായിരുന്നു മരിച്ച ഹരിദാസന്‍.
കൊല്ലത്തുനിന്നായിരുന്നു മറ്റൊരു കേസ് റിപ്പോര്‍ട്ട് ചെയ്തത്. കുണ്ടറ എസ്.കെ ഭവനില്‍ സുരേഷാണ് തൂങ്ങി മരിച്ചത്. സ്ഥിരം മദ്യപാനിയായ ഇയാള്‍ രണ്ട് ദിവസമായി മാനസിക വിഭ്രാന്തിയിലായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞത്.
കണ്ണൂര്‍ അഞ്ചരക്കണ്ടിയിലാണ് മറ്റൊരു യുവാവ് തൂങ്ങി മരിച്ചത്. കണ്ണാടി വെളിച്ചം സ്വദേശി വിജില്‍ കെ.സി ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനെ തുടര്‍ന്നാണ് ഇയാളുടേയും ആത്മഹത്യ എന്ന് കുടുംബം ആരോപിച്ചിരുന്നു. ഇയാള്‍ സ്ഥിര മദ്യപാനിയാണെന്ന് നാട്ടുകാരും പറയുന്നു.
നോര്‍ത്ത് പറവൂരില്‍ വാസു എന്ന യുവാവും ബെവ്‌കോ മദ്യശാലകള്‍ അടച്ചതിന് നാലാം ദിവസം ആത്മഹത്യ ചെയ്തിരുന്നു. ബെവ്‌കോ മദ്യവില്‍പനശാലകള്‍ പൂട്ടിയതോടെ ഇയാള്‍ കടുത്ത മാനസിക അസ്വസ്ഥതകള്‍ കാണിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
കായംകുളത്ത് മദ്യത്തിന് പകരം ഷേവിംഗ് ലോഷന്‍ കഴിച്ച യുവാവ് മരിച്ചതാണ് മറ്റൊരു സംഭവം. കറ്റാനം ഇലിപ്പക്കുളം തോപ്പില്‍ വീട്ടില്‍ നൗഫലാണ് മരിച്ചത്. 38 വയസായിരുന്നു. ബിവറേജസ് പൂട്ടിയതിന് ശേഷമുള്ള ദിവസങ്ങളിലെല്ലാം നൗഫല്‍ ഷേവിങ് ലോഷന്‍ കഴിച്ചിരുന്നതായാണ് വിവരം.
കിണര്‍മുക്കിലെ ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനായിരുന്ന നൗഫല്‍ അവിടെ നിന്നാണ് ലോഷന്‍ സംഘടിപ്പിച്ചിരുന്നത്.
തിരുവനന്തപുരം ആങ്കോട്ടിലില്‍ വയോധികനായ കൃഷ്ണന്‍കുട്ടിയെന്ന ആള്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതും മദ്യം ലഭിക്കാത്തതു മൂലമുള്ള മാനസിക പ്രശ്‌നങ്ങള്‍ കാരണമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സ്ഥിരം മദ്യപാനിയായിരുന്ന ഇയാള്‍ക്ക് മദ്യം ലഭിക്കാത്തത് മൂലം മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
ആത്മഹത്യകള്‍ കൂടാതെ അനവധി ആത്മഹത്യ ശ്രമങ്ങളും ഇക്കാലയളവില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലപ്പുറത്ത് രണ്ട് പേര്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി മന്ത്രി കെ.ടി ജലീല്‍ വ്യക്തമാക്കിയിരുന്നു. മദ്യം ലഭിക്കാത്ത നിരാശ മൂലം ചങ്ങനാശ്ശേരിയില്‍ യുവാവ് ഷോപ്പിങ് കോപ്ലക്‌സിന് മുന്നില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.